കോവളം: ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ കോവളത്തെ സ്പായിലെത്തിച്ചശേഷം നിരവധി പേർ പീഡിപ്പിച്ച സംഭവത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അഞ്ചാം പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. കോർപ്പറേഷന്റെ ഉള്ളൂർ സോണലിലെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടറും ബിനാമികളുടെ പേരിൽ കോവളത്തെ ‘ഡ്രീംസ്’ സ്പായുടെ നടത്തിപ്പുകാരനുമായ പൂവാർ അരുമാനൂർ സ്വദേശി അനുരൂപിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ബുധനാഴ്ച ഉച്ചയോടെ തെളിവെടുപ്പിനെത്തിച്ചത്.

To advertise here,

കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ മാതൃസഹോദരിയും ഇടനിലക്കാരി കൃഷ്ണവേണിയും സ്പാ നടത്തിപ്പുകാരനായ സജിത്ത് കുമാറും ഇയാളുടെ ജീവനക്കാരനായ കിരണും ഉൾപ്പെടെയുള്ളവരെ അടുത്ത ദിവസങ്ങളിൽ അതത് സ്പാകളിലെത്തിച്ച് തെളിവെടുക്കും. കുട്ടിയെ സ്പായിലെത്തിച്ചശേഷം പാർപ്പിച്ചിരുന്ന മുറികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രതിയെ ഒപ്പമെത്തിച്ച് സി.ഐ. വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചു. നിലവിൽ സ്പാ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ കോർപ്പറേഷൻ അധികൃതർ നോട്ടീസ് പതിപ്പിച്ച് പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. അനുരൂപിനെ വ്യാഴാഴ്ച വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ ഏൽപ്പിക്കും.

സ്പാ പ്രവർത്തിച്ച കെട്ടിടത്തിന് പ്രതിമാസ വാടക 35,000 രൂപ; വരുമാനം അതിലേറെ

പ്രതിമാസം 35,000 രൂപയോളം വാടക നൽകിയാണ് ‘ഡ്രീംസ്’ സ്പാ നടത്തിയിരുന്നത്. കേസിലെ നാലാം പ്രതിയായ നിഷാന്തും നഗരൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയുടെ ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്ന വെങ്ങാനൂർ കക്കാക്കുഴി സ്വദേശി വി.സി. മായയുമാണ് അനുരൂപിന്റെ ബിനാമികൾ. കുട്ടിയെ എത്തിച്ചശേഷം ലഭിച്ച വരുമാനം നിഷാന്തും മായയും അവരുടെ ഗൂഗിൾ പേ അക്കൗണ്ടുകൾ വഴി അനുരൂപിന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നതായാണ് വിവരം.

അനുരൂപുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേസിലെ മൂന്നാം പ്രതിയായ ആലപ്പുഴ നൂറനാട് സ്വദേശി സജിത്താണ് കുട്ടിയെ ‘ഡ്രീംസ്’ സ്പായിലും എത്തിച്ചുനൽകിയത്. കോവളത്തും ചൊവ്വര ചപ്പാത്തിലുമുള്ള സജിത്തിന്റെ സ്പാകളിൽ കുട്ടിയെ എത്തിച്ചുനൽകിയ ഇടനിലക്കാരി കൃഷ്ണവേണി നേരത്തേ അവിടെ ജോലി ചെയ്തിട്ടുണ്ട്.

ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് സജിത്തിന്റെ ആവശ്യപ്രകാരം ബെംഗളൂരുവിലായിരുന്ന കുട്ടിയെ മാതൃസഹോദരിക്കൊപ്പം സജിത്തിന്റെ സ്പായിലെത്തിച്ചത്. ഇതിന് പ്രതിഫലമായി സജിത്ത് കുട്ടിയുടെ മാതൃസഹോദരിക്ക് ഒരു ലക്ഷം രൂപ നൽകിയിരുന്നു. തുടർന്ന് കൃഷ്ണവേണി ഒരാഴ്ചയോളം സജിത്തിന്റെ സ്പായിൽ താമസിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

കുട്ടിയെ കടത്തിക്കൊണ്ടുവന്നതിന് പോക്സോ കേസിന് പുറമേ മനുഷ്യക്കടത്തിനും സജിത്ത്, കൃഷ്ണവേണി, കുട്ടിയുടെ മാതൃസഹോദരി, അവരുടെ ഭർത്താവ് ജെല്ലാ ഗോപി എന്നിവർക്കെതിരെ കോവളം പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രതികളുടെ ഫോൺവിളികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സജിത്തിന്റെ ജീവനക്കാരനായ കിരണിനെ അറസ്റ്റ് ചെയ്തത്. മസാജ് ജോലിക്കെന്നു പറഞ്ഞാണ് കുട്ടിയെ കോവളത്തുനിന്ന് വയനാട്ടിലെ വൈത്തിരിയിലുള്ള റിസോർട്ടിലെത്തിച്ചത്. കേസിലെ എട്ടാം പ്രതിയായ കിരണാണ് കുട്ടിയെ അവിടേക്ക് കൊണ്ടുപോയതെന്ന് എസ്.ഐ.ടി. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ എസ്. ചന്ദ്രകുമാർ പറഞ്ഞു.

ചെന്നൈയിലെ ഫാംഹൗസിലും തെളിവെടുപ്പ്

സർക്കാരിന്റെ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന പതിനാറുകാരിയെയും കുട്ടിയുടെ മാതൃസഹോദരിയുടെ ഭർത്താവിനെയും തെളിവുശേഖരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ വണ്ടല്ലൂർ പോലീസ് ചെന്നൈയിലേക്ക് കൊണ്ടുപോയി. ചെങ്കൽപ്പേട്ടിലെ പോക്സോ കോടതിയിൽനിന്നുള്ള പ്രൊഡക്ഷൻ വാറന്റുമായാണ് വണ്ടല്ലൂർ വനിതാ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. ടി.പി. ഗൗതമിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രിയോടെ എത്തിയത്.

കുട്ടിയുടെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് കുട്ടിയെ ചെന്നൈയിലെ ഫാംഹൗസിന് സമാനമായ വീട്ടിലെത്തിച്ചശേഷം അവിടെയും പീഡനത്തിനിരയാക്കിയിരുന്നു. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോവളം പോലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വണ്ടല്ലൂർ പോലീസിന് കൈമാറിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വണ്ടല്ലൂർ പോലീസ് എത്തിയത്. കുട്ടിയെ പാർപ്പിച്ചിരിക്കുന്ന അഭയകേന്ദ്രത്തിന്റെയും കോവളം സ്പാ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിയുടെയും അനുമതി ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ജെല്ലാ ഗോപിയെയും കുട്ടിയെയും ചെന്നൈയിലേക്ക് കൊണ്ടുപോയത്. ചെന്നൈയിലെ ഫാംഹൗസിലെത്തിച്ചും തെളിവെടുപ്പ് നടത്തും. കേസിലെ ഒന്നാം പ്രതിയായ കുട്ടിയുടെ മാതൃസഹോദരിയെ അടുത്തയാഴ്ച എത്തി വണ്ടല്ലൂർ പോലീസ് കസ്റ്റഡിയിലെടുക്കും.

‘ഇനിയും ഏറെ കണ്ടെത്താനുണ്ട്’: സിറ്റി പോലീസ് കമ്മീഷണർ

കോവളത്തെ സ്പാ കേസിൽ ഇതുവരെ എട്ടുപ്രതികളെയാണ് അറസ്റ്റ് ചെയ്തതെന്ന് സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ മാതൃഭൂമിയോട് പറഞ്ഞു. അന്വേഷണം വിപുലമായി തുടരുകയാണെന്നും പ്രതികളുമായി ബന്ധപ്പെട്ട മറ്റുള്ളവരുണ്ടെങ്കിൽ അവരും അറസ്റ്റിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടിയെ പാർപ്പിച്ച് പീഡിപ്പിച്ച സ്പാകളിൽ എത്തിയിരുന്നവരുടെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും തുടരുകയാണ്. കേസിന്റെ പുരോഗതി ഓരോ ആഴ്ചയും വിലയിരുത്തുന്നുണ്ടെന്നും കമ്മീഷണർ പറഞ്ഞു.