കൊല്ലം: പ്രിയദർശിനി സൗജന്യയാത്രയ്ക്ക് പ്രതിഫലമായി സർക്കാർ നൽകുന്ന പണത്തിന് കെ.എസ്.ആർ.ടി.സി.യിൽനിന്ന് മുൻകൂറായി പലിശ ഈടാക്കുന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) വഴി മാസത്തിൽ രണ്ടുതവണയായി നൽകുന്ന 100 കോടിരൂപയ്ക്കാണ് 4.9 ശതമാനം പലിശ ഈടാക്കുന്നത്. 50 കോടി രൂപ അക്കൗണ്ടിലേക്ക് വരവുവയ്ക്കുമ്പോൾ 2.45 കോടി പലിശ ഈടാക്കിയതിന്റെ ബാക്കി 47.55 കോടി രൂപയേ നൽകാറുള്ളൂ. 9.8 ശതമാനം പലിശയാണ് ആദ്യം ഈടാക്കുക. ആറുദിവസം കഴിയുമ്പോൾ പകുതി പലിശ സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് തിരികെ നൽകും. ശമ്പളം നൽകുന്നതിന് സഹായമായി അനുവദിക്കുന്ന 50 കോടി രൂപയ്ക്കും പെൻഷൻ നൽകാൻവേണ്ടി കൊടുക്കുന്ന 72 കോടി രൂപയ്ക്കും 9.8 ശതമാനം പലിശ കുറച്ചുള്ള തുകയാണ് കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്നത്. കൃത്യമായി ലഭിക്കുന്നതിനാൽ സർക്കാർ സഹായം കെ.എസ്.ആർ.ടി.സി.ക്ക് വലിയ ആശ്വാസമാണെങ്കിലും ഭാവിയിൽ വലിയ ബാധ്യതയായി മാറും.

To advertise here,

എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് സർക്കാർ നൽകുന്ന സഹായം ട്രഷറിയിൽനിന്ന് നൽകിയിരുന്നതിനാൽ മുൻകൂർ പലിശ ഈടാക്കിയിരുന്നില്ല. എന്നാൽ ഈ തുക കെ.എസ്.ആർ.ടി.സി.യുടെ ബാധ്യതയായാണ് കണക്കാക്കിയിരുന്നത്. ഇപ്പോൾ കെ.എഫ്.സി.യിൽനിന്ന് വായ്പയെടുത്ത് നൽകുന്നതുകൊണ്ടാണ് പലിശ ഈടാക്കുന്നത്.

എന്നാൽ അഡ്വാൻസായി ഈടാക്കുന്ന പലിശ സർക്കാർ ഭാവിയിൽ തിരിച്ചുനൽകുമെന്ന് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കർ 'മാതൃഭൂമി'യോട് പറഞ്ഞു.

വാഹനനികുതി അടയ്ക്കുന്നതിൽ കെ.എസ്.ആർ.ടി.സി.ക്ക് നൽകിയിരുന്ന ഇളവ്, കഴിഞ്ഞദിവസം സർക്കാർ പിൻവലിച്ചതും തിരിച്ചടിയായിട്ടുണ്ട്. ഇനി പ്രതിമാസം 47 ലക്ഷം രൂപ നികുതിയടച്ച് പെർമിറ്റ് പുതുക്കണമെന്നുകാട്ടി സർക്കാർ ഉത്തരവിറക്കി.