വിഴിഞ്ഞം: പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലെ നിർമാണവുമായി ബന്ധപ്പെട്ട് എം-സാൻഡ് കയറ്റിപ്പോയ മിനിലോറിയുടെ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഭക്തർ സഞ്ചരിച്ചിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച് തകർത്തു. ഓട്ടോറിക്ഷകളിൽ ഒന്ന് പൂർണമായും തകർന്നു.രണ്ടെണ്ണം ഭാഗികമായും തകർന്നു. അവയിലുണ്ടായിരുന്ന ഭക്തരായ ആറിലധികം യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തിലായ ലോറിയെ ഒടുവിൽ മതിലിൽ ഇടിച്ചുനിർത്തി ഡ്രൈവർ അശോകൻ ചാടി രക്ഷപ്പെട്ടു. പരിക്കേറ്റ തമിഴ്നാട് സ്വദേശികളായ സ്ത്രീകളടക്കമുളള ആറുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ഭക്തർ അപകടത്തിൽപ്പെടുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

To advertise here,

വെളളിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ക്ഷേത്രവളപ്പിലെ നിർമാണവുമായി ബന്ധപ്പെട്ട് എം. സാൻഡ് കയറ്റിവന്ന മിനിലോറിയാണ് അപകടത്തിലായത്. പ്രധാന റോഡിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന റോഡ് കുത്തിറക്കമുളളതാണ്. എം.സാൻഡുമായി വലിയ ഇറക്കത്തിലൂടെ വരുന്ന സമയത്ത് പെട്ടെന്ന് ലോറിയുടെ ബ്രേക്ക് നഷ്ടമായി. ഇതോടെ നിയന്ത്രണം വിട്ട് ലോറി താഴേക്ക് വേഗത്തിലെത്തുകയായിരുന്നു. ഹോൺമുഴക്കിയും ബഹളം വെച്ചു ഡ്രൈവർ ലോറി മുന്നോട്ട് കൊണ്ടുപോയെങ്കിലും തൊട്ട് മുൻപിലുണ്ടായിരുന്ന ആഴിമല സ്വദേശി അനുവിന്റെ ഓട്ടോറിക്ഷയെ ഇടിച്ച് തകർത്തു.അപകടത്തിൽ ഓട്ടോറിക്ഷ പൂർമായും തകർന്നു. ഇതിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ സ്ത്രീകളും പുരുഷൻമാരുമുൾപ്പെട് മൂന്നുപേർക്ക് കാലുകളിലെയും കൈകളിലെയും എല്ലുകളൊടിഞ്ഞ് പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന നാട്ടുകാരും ഭക്തരും ചേർന്നാണ് ഇവരെ പുറത്തെടുത്തത്.

നിയന്ത്രണം നഷ്ടമായതോടെ ലോറി ആഴിമല സ്വദേശി അനിയുടെ ഓട്ടോറിക്ഷയുടെ പിന്നിലിടിച്ചു. പിൻഭാഗം പൂർമായും തകർന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുയാത്രക്കാർക്കും സാരമായ പരിക്കേറ്റു. ഇവരെയും നാട്ടുകാർ രക്ഷപ്പെടുത്തി. തുടർന്ന് മുന്നോട്ട് പോയ ലോറി തിരുവനന്തപുരം മണക്കാട് ഭാഗത്ത് നിന്നെത്തിയ. ജയചന്ദ്രന്റെ ഓട്ടോറിക്ഷയിലും ഇടിച്ചു. ഭയപ്പാടിലായ ഡ്രൈവർ അശോകൻ സമീപത്തെ മതിലിൽ ലോറിയെ ഇടിച്ച് നിർത്തിയാണ് തുടർ അപകടമൊഴിവാക്കിയത്. സംഭവത്തെ തുടർന്ന് ക്ഷേത്രം ഭാരവാഹികളുടെ നേത്യത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആംബുലൻസുകളിലും വാഹനങ്ങളിലുമായി ആശുപത്രികളിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് സ്ഥലതെത്തി.അപകടത്തിൽ പോലീസ് കേസെടുത്തു.