കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ. ധനസഹായം നൽകില്ലെന്ന മുൻ നിലപാടിൽനിന്നുള്ള പിൻമാറ്റമാണിത്. കൊച്ചിയിൽ ദക്ഷിണേന്ത്യൻ ഊർജ ഉത്പാദന കമ്പനികളുടെ യോഗത്തിലാണ് കേന്ദ്ര ഊർജ സെക്രട്ടറി അനുകൂലതീരുമാനം അറിയിച്ചത്.
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് കരാർ ലഭിക്കുന്ന സ്വകാര്യകമ്പനിതന്നെ പണം മുടക്കി, മീറ്റർ സ്ഥാപിച്ച് ഉപഭോക്താക്കളിൽനിന്ന് മീറ്റർ വാടക പിരിക്കുന്ന ടോട്ടൽ എക്സ്പെൻഡിച്ചർ (ടോടെക്സ്) രീതിയാണ് കേന്ദ്രം നിർദേശിച്ചത്. എന്നാൽ, വൈദ്യുതിബോർഡിന്റെ ചെലവിൽ മീറ്റർ സ്ഥാപിക്കുന്ന ക്യാപ്പിറ്റൽ എക്സ്പെൻഡിച്ചർ (കാപെക്സ്) രീതി നടപ്പാക്കാനാണ് കേരളം തീരുമാനിച്ചത്. ഇതേത്തുടർന്നാണ് ഗ്രാന്റ് നൽകില്ലെന്ന് കേന്ദ്രം നിലപാടെടുത്തത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ മൂന്നുലക്ഷം മീറ്ററുകൾ സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിൽ സാധാരണ ഉപഭോക്താക്കൾക്ക് 50 ലക്ഷം സ്മാർട്ട് മീറ്ററുകൾ വെക്കും.
ഒരു മീറ്റർ സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ 15 ശതമാനമോ, പരമാവധി 900 രൂപയോ കേന്ദ്ര ഗ്രാന്റായി ലഭിക്കും. മീറ്റർ വാടക വൈദ്യുതിബോർഡ് നേരിട്ട് ഈടാക്കും. പത്തുവർഷത്തേക്ക് സ്മാർട്ട്മീറ്റർ പ്രവർത്തിപ്പിക്കുന്നതും അറ്റകുറ്റപ്പണി ചെയ്യുന്നതും ബോർഡായിരിക്കും. ഗ്രാന്റ് ലഭിക്കുമെന്ന് ഉറപ്പായതോടെ സംസ്ഥാനത്തെ 1.40 കോടി ഉപഭോക്താക്കൾക്കും എത്രയും വേഗം സ്മാർട്ട് മീറ്റർ സ്ഥാപിക്കാനായിരിക്കും ബോർഡ് ലക്ഷ്യമിടുക. സംസ്ഥാനത്തിന്റെ അധികകടമെടുപ്പ് പരിധി ഉയർത്താനുള്ള കേന്ദ്രനിബന്ധനകളിലൊന്ന് സ്മാർട്ട് മീറ്റർ സ്ഥാപിക്കലാണ്.
Content Highlights: Center reversed its stance and agreed to provide grants for smart meters in Kerala., A central grant of 15% or a maximum of Rs 900 will be provided per meter., KSEB plans to install smart meters for 1.40 crore consumers across the state., Capex model will be implemented where the electricity board manages installation and maintenance.
Published: 03 Oct 2026, 06:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented