ഇരിങ്ങാലക്കുട/ ഗുരുവായൂർ: കെ സ്മാർട്ട് വഴി അപേക്ഷിച്ച് 6.45 മിനിറ്റിനുള്ളിൽ ജനനസർട്ടിഫിക്കറ്റ് നൽകി ഇരിങ്ങാലക്കുട നഗരസഭ. 23.56 മിനിറ്റിനുള്ളിൽ വിവാഹസർട്ടിഫിക്കറ്റ് നൽകി ഗുരുവായൂർ നഗരസഭയും സ്മാർട്ടായി. 8.54 മിനിറ്റുകൊണ്ട് മരണരജിസ്ട്രേഷൻ നടത്തിയ തിരുവനന്തപുരം നഗരസഭയാണ് മരണസർട്ടിഫിക്കറ്റ് നൽകുന്നതിൽ മുന്നിലെത്തിയത്. കെ സ്മാർട്ടിലൂടെ സ്മാർട്ടായ തദ്ദേശസ്ഥാപനങ്ങളെക്കുറിച്ച് തദ്ദേശമന്ത്രി എം.ബി. രാജേഷ് തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു.
2024 ഫെബ്രുവരി 29-ന് ജനനസർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിച്ചവർക്ക് രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വിതരണംചെയ്യാൻ ഇരിങ്ങാലക്കുട നഗരസഭ ആകെയെടുത്ത സമയം 6.45 മിനിറ്റ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ തദ്ദേശസ്ഥാപനം ജനനസർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. തിരുത്തൽ വന്ന അപേക്ഷയായതിനാലാണ് ഇത്രയും സമയമെടുത്തതെന്നും ഇതിലും വേഗത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
താലികെട്ട് കഴിഞ്ഞാൽ വിവാഹം രജിസ്റ്റർചെയ്യാനും സർട്ടിഫിക്കറ്റ് കിട്ടാനും കാത്തുകിടക്കേണ്ട കാലവും അവസാനിച്ചു. 23.56 മിനിറ്റുകൊണ്ട് രജിസ്ട്രേഷൻ സാധ്യമാകുമെന്നാണ് ഗുരുവായൂർ നഗരസഭയുടെ വിവാഹ രജിസ്‌ട്രേഷൻ കേന്ദ്രം സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഗുരുവായൂർ ക്ഷേത്രം. സാധാരണദിവസങ്ങളിൽപ്പോലും 50-ഓളം കല്യാണങ്ങളുണ്ടാകും. ഞായറാഴ്ചകളിലാണെങ്കിൽ നൂറിലേറെയും. ഞായർ ഉൾപ്പെടെ പൊതു അവധി ദിവസങ്ങളിൽപ്പോലും രജിസ്‌ട്രേഷൻ കൗണ്ടർ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ നഗരസഭയാണിത്. രജിസ്‌ട്രേഷൻ നടത്തിയവർക്ക് സർട്ടിഫിക്കറ്റ് കൊറിയറായി അയച്ചുകൊടുക്കുന്ന സംവിധാനമായിരുന്നു ആദ്യം. പിന്നീടത് ഒരു മണിക്കൂറിനുള്ളിൽ നൽകാമെന്ന സൗകര്യമുണ്ടാക്കി. ഇപ്പോൾ മിനിറ്റുകൾക്കുള്ളിൽ എന്ന വേഗത്തിലേക്ക് ആ സൗകര്യമായതിനു പിന്നിൽ കൂട്ടായ്മയുടെ പ്രയത്നമുണ്ടെന്ന് ചെയർമാൻ എം. കൃഷ്ണദാസ് പറഞ്ഞു. ഗുരുവായൂർ ക്ഷേത്രനടയിൽത്തന്നെ രജിസ്‌ട്രേഷൻ കൗണ്ടറും തുറന്നിട്ടുണ്ട്.
Content Highlights: ksmart marriage certificate and marriage certificate
Published: 10 Apr 2025, 07:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented