കോഴിക്കോട്: ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ തീപ്പിടിത്തം മുന്നറിയിപ്പും താക്കീതുമാണെന്ന് കോർപറേഷൻ കൗൺസിൽ പാർട്ടി നേതാവ് കെ.സി. ശോഭിതയും ഉപനേതാവ് കെ.മൊയ്തീൻ കോയയും വാർഡ് കൗൺസിലർ എസ് കെ.അബൂബക്കറും പറഞ്ഞു. തീപ്പിടിത്തം ഉൾപ്പെടെ അത്യാഹിതങ്ങളെ നേരിടാൻ കഴിയാതെ പോയി. ഫയർഫോഴ്സിന് തീ അണക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. 

To advertise here,

കെട്ടിടത്തിന് മുകളിലേക്ക് കയറാൻ പ്രയാസം നേരിട്ടതാണ് തീ നിയന്ത്രണ വിധേയമാക്കാൻ വൈകിയത്. കെട്ടിട നിർമ്മാണത്തിലെ അശാസ്ത്രീയ ഘടനയാണിത് കാരണം. കെട്ടിടത്തിലെ പല ഭാഗത്തും തകർച്ച നേരിടുന്നുണ്ട്. പുതുക്കിപ്പണിയാൻ എടുത്ത തീരുമാനം വർഷങ്ങൾ കഴിയുമ്പോഴും നടപ്പാക്കാൻ കഴിയുന്നില്ല. സർക്കാറിന്റെ സഹായം പ്രതീക്ഷിച്ചതാണെങ്കിലും ലഭിച്ചില്ല. ഭരണസമിതിയുടെ വീഴ്ചയും പരാജയവുമാണിത്. ആത്‌മപരിശോധന നടത്തുവാൻ ഭരണസമിതി തയാറാകണം. ഈ അത്യാഹിതത്തിൽ പ്രതിക്കൂട്ടിൽ കോർപറേഷൻ നിൽക്കുന്ന സ്ഥിതി പ്രതിഷേധാർഹമാണ്. 

ഫയർഫോഴ്സ് സംവിധാനം നഗരത്തിൽ നാമമാത്രമായി. പൊളിച്ച കെട്ടിടം രണ്ടു വർഷം കഴിഞ്ഞിട്ടും പുതുക്കിപ്പണിയാൻ കഴിഞ്ഞില്ല. യൂണിവേഴ്സിറ്റിയിലെ സംവിധാനം കോഴിക്കോട്ട് വേണമെന്നാവശ്യത്തിന് സർക്കാർ നിഷേധാത്മക നിലപാട് നഗരവാസികൾ തിരിച്ചറിയണം. എം.പി. റോഡിലെ അപകടം മറ്റ് ഇടങ്ങളിലും ഉണ്ടാകാനുള്ള സാധ്യത കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലർ എസ്.കെ.അബൂബക്കർ ചൂണ്ടിക്കാണിച്ചിട്ടും പ്രതികരണം ഉണ്ടായിരുന്നില്ല.