കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികളായ ജീവനക്കാരെ പിടികൂടാൻ അന്വേഷണസംഘം സംസ്ഥാനത്തിന് പുറത്തേക്ക്. യുപി, മധ്യപ്രദേശ് സ്വദേശികളായ അഞ്ച് പ്രതികളെ പിടികൂടാനായി പോലീസ് ഉടൻ യാത്രതിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പന്തീരാങ്കാവ് എസ്.ഐ. എൻ. രാജ്കുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. മധ്യപ്രദേശ് സ്വദേശികളായ മൂന്നുപേരെയും യുപിക്കാരായ രണ്ടുപേരെയുമാണ് ഇനി പിടികൂടാനുള്ളത്.

To advertise here,

'ഈ അഞ്ച് പ്രതികളുടെയും മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ആണ്. കോൾ ഡീറ്റെയ്ൽസ് റെക്കോഡ് (സിഡിആർ) വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു. ടോൾ പിരിച്ചിരുന്ന കരാർകമ്പനി അധികൃതരിൽനിന്ന് ഇനിയും വിശദമായ മൊഴി രേഖപ്പെടുത്താനുണ്ടെന്നും മറ്റ് ടോൾ പ്ലാസകളിലും സമാനമായ തട്ടിപ്പ് നടന്നിരിക്കാൻ സാധ്യതയുണ്ടെന്നും രാജ്കുമാർ വ്യക്തമാക്കി.

സ്വകാര്യസ്ഥാപനത്തിന്റെ ക്യുആർ സ്‌കാനർ ഉപയോഗിച്ചായിരുന്നു പന്തീരാങ്കാവ് ടോൾ പ്ലാസയിലെ ജീവനക്കാർ ഏഴു ലക്ഷം രൂപയിലധികം തട്ടിയത്. ഉമാശങ്കർ, മോണ്ടി രാജ്പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ, ബിബിൻ രാജ്പുത് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ബിബിൻ രാജ്പുതിനെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്.

ബിബിൻ ഒഴികെയുള്ള മറ്റ് പ്രതികളെല്ലാം കരാർ കാലാവധി കഴിഞ്ഞതിനാൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. പ്രതികൾ നാട്ടിലേക്ക് മടങ്ങിയശേഷം ടോൾ പ്ലാസ മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതും തുടർന്ന് പോലീസിൽ പരാതി നൽകിയതും.

ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ ജീവനക്കാർ സ്വകാര്യ അക്കൗണ്ടുകളുടെ ക്യുആർ കോഡ് സ്‌കാനർ കാണിച്ചുകൊടുത്ത് പണം തട്ടുന്നതായിരുന്നു രീതി. ടോൾ പിരിച്ചിരുന്ന കമ്പനിയെ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പിന്നീട് കരാറിൽനിന്ന് ഒഴിവാക്കി. പുതിയ കരാർ കമ്പനിയാണ് ഇപ്പോൾ ടോൾ പിരിക്കുന്നത്.