കോവളം: നിർധനരായ കുടുംബങ്ങളുടെ വീടുകളെ ബാങ്ക്‌ വായ്പകൾ മുടങ്ങിയതിന്റെപേരിൽ ജപ്തിചെയ്യരുതെന്ന് മുഖ്യമന്ത്രി കർശന നിർദേശം നൽകിയിട്ടും അതു പാലിക്കാതെ നിർധനയായ 63കാരിയുടെ വീട് ജപ്തിചെയ്തു. സംഭവമറിഞ്ഞെത്തിയ കോവളം എംഎൽഎ എം. വിൻസെന്റ് ജപ്തിചെയ്ത വീടിന്റെ പൂട്ടുപൊളിച്ച് അവരെ വീടിനുള്ളിൽ കയറ്റി.

To advertise here,

കേരള ഗ്രാമീൺ ബാങ്കിന്റെ പെരിങ്ങമ്മല ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് കോടതിയുടെ അനുമതിയോടെ വീട് ജപ്തിചെയ്ത്ത്. കോവളം മുട്ടയ്ക്കാട് വിളത്തറ സരിതാ ഭവനിൽ തയ്യൽക്കാരിയായ സെലീനഭായിയുടെ മൂന്നുസെന്റ് പുരയിടവും വീടുമാണ് വ്യാഴാഴ്ച വൈകീട്ട് നാലോടെ ജപ്തിചെയ്തത്. ഭർത്താവ് ചന്ദ്രൻ മരിച്ചശേഷം തയ്യൽ ജോലിയെടുത്താണ് ജീവിതംപോറ്റിയിരുന്നത്. ഇതോടൊപ്പം മക്കളെയും കല്യാണം കഴിച്ചയച്ചു. കോവിഡും തുടർന്നുണ്ടായ അനാരോഗ്യവുമാണ് സെലീനഭായിക്കു വായ്പ കൃത്യമായി അടയ്‌ക്കാൻ കഴിയാത്തത്.

വീട്‌ പുതുക്കിപ്പണിയുന്നതിന് മൂന്നുലക്ഷവും തയ്യൽസംബന്ധിയായ ബിസിനസിന് 50000 രൂപയുമടക്കം മൂന്നരലക്ഷം രൂപയാണ് വായ്പയായി എടുത്തിരുന്നത്. ഈ തുകയിൽ കുറച്ചു തുക മാത്രമേ അടച്ചിരുന്നുള്ളൂ. ബാങ്ക് പലിശയടക്കം ഏഴരലക്ഷം രൂപയുടെ മുടക്കംവന്നതോടെ വായ്പ തിരിച്ചടയ്‌ക്കുന്നതിന് ബാങ്ക്‌ അധികൃതർ തന്നെ ഭീഷണിപ്പെടുത്തിയെന്നും സെലീനാഭായി പറഞ്ഞു.

നിർധനകുടുംബങ്ങളുടെ വീടുകളെ വായ്പ മുടങ്ങിയതിന്റെപേരിൽ ജപ്തിചെയ്യരുതെന്ന്‌ കർശന നിർദേശം നൽകിയ മുഖ്യമന്ത്രിയുടെ വാക്കുകളെയാണ് ബാങ്ക് അപകീർത്തിപ്പെടുത്തിയതെന്ന് എം. വിൻസെന്റ് എംഎൽഎ പറഞ്ഞു. ബാങ്കുമായി സംസാരിച്ച് വായ്പ തിരിച്ചടയ്‌ക്കാനുള്ള സമയം ആവശ്യപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.

ബാങ്കിൽ ആദ്യം ഒരുലക്ഷം രൂപയെടുത്തിരുന്നത് കൃത്യമായി തിരിച്ചടച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു വീണ്ടും രണ്ടു പദ്ധതികൾക്കായി മൂന്നരലക്ഷം രൂപ നൽകിയത്. അടവ്‌ മുടങ്ങിയതോടെ പലതവണ വീട്ടിൽച്ചെന്നും കത്ത്‌ മുഖേനയും അറിയിച്ചിരുന്നു. ജപ്തിക്കുമുൻപും ഇക്കാര്യം സെലീനയെ അറിയിച്ചിരുന്നു. തുടർന്നാണ് കോടതിയുടെ അനുമതിയോടെ വീട് ജപ്തിചെയ്ത് പൂട്ടിട്ടതെന്ന് പെരിങ്ങമ്മല ബ്രാഞ്ചിന്റെ സീനിയർ മാനേജർ മിനി മേനോൻ പറഞ്ഞു.