
കോഴിക്കോട്: ഒരിക്കൽ എൺപതുകാരിയായ ഈ അമ്മയുടെ വീടിന്റെ ജപ്തിനടപടികളിലേക്ക് കടന്നതാണ് ബാലുശ്ശേരിയിലെ കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്. ഒരിക്കലും തിരിച്ചടയ്ക്കാനാവാത്ത ദയനീയസ്ഥിതി പറഞ്ഞ് അന്ന് അമ്മയും മകളും ബാങ്കുദ്യോഗസ്ഥയ്ക്കുമുൻപിൽ കരഞ്ഞു. ബാങ്ക് എന്തെങ്കിലും ചെയ്തുതരണമെന്ന് കേണപേക്ഷിച്ചു -ദൈവം ചിലപ്പോഴൊക്കെ സഹായവുമായി മനുഷ്യന്റെ രൂപത്തിൽ വരുമെന്നറിയാതെ...
നാലുവർഷങ്ങൾ കടന്നുപോയി. കഴിഞ്ഞദിവസം ആധാരം തിരിച്ചുവാങ്ങാൻ ബാങ്കിൽനിന്ന് വിളിവന്നപ്പോൾ അമ്മയും മകളും ശരിക്കും ഞെട്ടി -ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറി മേഴ്സി ചെറിയാൻ വായ്പ തിരിച്ചടച്ചിരിക്കുന്നു! ബാങ്കിലേക്ക് ഓടിയെത്തിയ ആ അമ്മയും മകളും വാക്കുകൾ കിട്ടാതെ മേഴ്സിക്കുമുൻപിൽ ഏങ്ങലടിച്ച് കരഞ്ഞു. ജപ്തിനടപടികളിൽ വീടും സ്ഥലവും നഷ്ടമാകുമായിരുന്ന കുടുംബത്തിനുമുൻപിൽ മേഴ്സി കരുണയുടെ ആൾരൂപമാവുകയായിരുന്നു.
2022-ലാണ് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി ജാനുവിന്റെ പേരിലെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ബാങ്ക് ജപ്തിനടപടികളിലേക്ക് നീങ്ങിയത്. ഒറ്റത്തവണ തീർപ്പാക്കുന്നതിനായി അദാലത്തിലേക്ക് ഇവരെ വിളിച്ചു. പ്രായമായ അമ്മയ്‌ക്കൊപ്പം മകളും മകളുടെ സുഖമില്ലാത്ത ഭർത്താവും സ്‌കൂൾവിദ്യാർഥിയായ മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇളവനുവദിച്ചാലും ബാക്കി പണമടയ്ക്കാൻ ഒരു നിവൃത്തിയുമില്ലാത്ത അവർ മേഴ്സിക്കുമുൻപിൽ സങ്കടങ്ങൾ പറഞ്ഞുകരഞ്ഞു.
അവരുടെ അവസ്ഥ കേട്ടപ്പോഴാണ് എന്തെങ്കിലുംചെയ്യാൻ തീരുമാനിച്ചതെന്ന് മേഴ്സി പറയുന്നു. അങ്ങനെ ഇളവുകൊടുത്ത് ലോൺ പുതുക്കി. പിന്നെ എല്ലാ മാസവും മേഴ്സി സ്വന്തം ശമ്പളത്തിൽനിന്ന് പണമെടുത്ത് ലോൺ അടച്ചുതുടങ്ങി. നാലുവർഷം കഴിഞ്ഞു. ഈ മേയ് 31-ന് റിട്ടയർ ചെയ്യുന്നതിനാൽ ഇനി പണം അടയ്ക്കുക ബുദ്ധിമുട്ടായി.
എന്നാൽ, ആ അമ്മയ്ക്കും മകൾക്കും ഒന്നുംചെയ്യാനാവില്ലെന്ന് മേഴ്സിക്കറിയാമായിരുന്നു. അങ്ങനെയാണ് ആ ലോൺ ക്ലോസ് ചെയ്യാൻ തീരുമാനിക്കുന്നതെന്ന് മേഴ്സി പറഞ്ഞു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) അംഗമായ മേഴ്സി, യൂണിയന്റെ ഒരു ഫണ്ടിലേക്ക് മാസം തുക നൽകാറുണ്ട്. ജീവനക്കാർക്ക് ലോണും മറ്റും നൽകാനുദ്ദേശിച്ചാണ് ഈ ഫണ്ട്. അല്ലാത്തവർക്ക് വേണ്ടപ്പോൾ തിരിച്ചുനൽകും. 29 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന മേഴ്സി, ഈ തുകയും അതിന്റെ പലിശയും പിൻവലിച്ച് ഒരു ലക്ഷത്തി ഏഴായിരത്തോളം വരുന്ന ലോൺ തുക അടച്ചു.
അപ്പോഴാണ് മേഴ്സി നാലുവർഷമായി ലോണടയ്ക്കുന്ന കാര്യം മറ്റുജീവനക്കാർപോലും അറിഞ്ഞത്. സംസാരിക്കാൻപോലും കഴിയാതെ കെട്ടിപ്പിടിച്ചുകരഞ്ഞാണ് ആ അമ്മയും മകളും മേഴ്സിക്ക് നന്ദിപറഞ്ഞത്. മേഴ്സിതന്നെ ആധാരം അവർക്ക് കൈമാറുകയുംചെയ്തു.
ദുരിതജീവിതങ്ങൾ കാണുമ്പോൾ കണ്ണീരൊപ്പാൻ ശ്രമിക്കുന്നത് മേഴ്‌സിയുടെ സഹജഭാവമാണെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ജപ്തിനടപടികൾക്കൊക്കെപോയാൽ കരയുന്ന വീട്ടുകാരെ കാണുമ്പോൾ മേഴ്‌സിയുടെ മനസ്സലിയും. ജപ്തി തടയാനാവില്ലെങ്കിലും ബാഗിലുള്ള തുക പെറുക്കിയെടുത്ത് വീട്ടുകാരുടെ കൈയിൽവെച്ച് തിരിഞ്ഞുനടക്കും.
നാലുവർഷംമുൻപ് ജപ്തിയുടെ കാര്യം സൂചിപ്പിച്ചപ്പോൾ 'നിനക്കു പറ്റുന്നത് ചെയ്യണം' എന്നുനിർദേശിച്ച്, ശക്തിപകർന്നത് ഭർത്താവ് മാർക്കോസാണെന്ന് മേഴ്സി പറയുന്നു. മകൾ ഗ്രീഷ്മയും ഭർത്താവ് ലീജോയും അമ്മയുടെ നന്മകൾക്ക് കൂട്ടായുണ്ട്. വേങ്ങേരി 'ഗ്രീഷ്മ'ത്തിലാണ് മേഴ്സി താമസിക്കുന്നത്.
Content Highlights: Mercy Cherian, an assistant secretary at a cooperative bank, privately paid off a struggling family's loan over four years., The family faced foreclosure in 2022 due to extreme financial hardship., Mercy used her retirement savings and union funds to clear the debt of over one lakh rupees., The act of kindness was revealed only when the loan was fully settled and the deed was returned.
Published: 02 Jun 2026, 04:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented