
പ്രതീകാത്മകചിത്രം | ചിത്രം: ബി. മുരളീകൃഷ്ണൻ
കൊച്ചി: മെട്രോയുടെ രണ്ടാംഘട്ടത്തിനുള്ള വിദേശവായ്പയ്ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതിയായി. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നാണ് വായ്പയെടുക്കുന്നത്. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന് 1,016.24 കോടി രൂപ വായ്പയെടുക്കുന്നതിനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് അനുമതി നൽകിയിരിക്കുന്നത്. എ.ഐ.ഐ.ബി.യുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏർപ്പെടുന്നതിനും കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭായോഗത്തിലാണ് അനുമതി.
രണ്ടാംഘട്ടത്തിന്റെ നിർമാണത്തിന് വായ്പയ്ക്കാവശ്യമായ നടപടിക്രമങ്ങൾ 2023-ൽ തുടങ്ങിയതാണ്. എ.ഐ.ഐ.ബി.യിൽ നിന്ന് വായ്പയ്ക്ക് കെ.എം.ആർ.എൽ. ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിച്ചശേഷം അംഗീകാരത്തിനായി കഴിഞ്ഞവർഷം ആദ്യം സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ നടപടി നീണ്ടു പോവുകയായിരുന്നു.
കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ നിർമാണത്തിന് ഫ്രഞ്ച് വികസന ഏജൻസിയാണ് വായ്പ നൽകിയത്. രണ്ടാംഘട്ടത്തിനും ഇവർ വായ്പ വാഗ്ദാനം ചെയ്തിരുന്നു. രണ്ടാംഘട്ടത്തിന്റെ നിർമാണം തുടങ്ങാൻ വൈകിയതോടെ ഇവർ പിൻമാറി. പിന്നീടാണ് എ.ഐ.ഐ.ബി.യുമായി ധാരണയിലെത്തുന്നത്.
11.2 കിലോമീറ്റർ വരുന്ന രണ്ടാംഘട്ടത്തിന്റെ നിർമാണത്തിന് 1,957 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 2019-ലെ പദ്ധതി രൂപരേഖയനുസരിച്ചുള്ള കണക്കാണിത്. പദ്ധതിയിൽ കേന്ദ്രത്തിന്റെ വിഹിതമായി 339 കോടി രൂപയും സംസ്ഥാന സർക്കാരിന്റേതായി 556 കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. ശേഷിക്കുന്ന തുക പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തുമെന്നാണ് പ്രഖ്യാപനം. 2023 നവംബറിലാണ് രണ്ടാംഘട്ടത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചത്. 2024 ജൂണിൽ നിർമാണകരാർ നൽകി. സെപ്റ്റംബറിൽ നിർമാണം തുടങ്ങി.
സമയബന്ധിതമായി പൂർത്തിയാക്കും- മന്ത്രി രാജീവ്
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും കെ.എം. ആർ.എല്ലും 2023-ൽ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതനുസരിച്ച് 1016.24 കോടി രൂപ വായ്പ സമാഹരിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. എ.ഐ.ഐ.ബി ഉൾപ്പെടെ അഞ്ച് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുമായി ഉഭയകക്ഷി ചർച്ച നടത്തി.
1016. 24 കോടി വായ്പക്കുള്ള സന്നദ്ധത എ.ഐ.ഐ.ബി അറിയിച്ചു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് എ.ഐ.ഐ.ബിയിൽ നിന്ന് വായ്പ ലഭ്യമാക്കുന്നതിന് കെ.എം.ആർ.എൽ. അനുമതി തേടിയത്.
അഞ്ചുവർഷത്തെ ഇളവ് ഉൾപ്പെടെ 25 വർഷത്തെ കാലാവധിയിലാണ് വായ്പ ലഭ്യമാക്കുക. വായ്പ ലഭ്യമാക്കുന്നതിനും വായ്പ കരാർ, പ്രോജക്ട് കരാർ എന്നിവ ഒപ്പുവയ്ക്കാനും മന്ത്രിസഭ അനുമതിയായതോടെ തുടർ നടപടികൾ വേഗത്തിലാക്കുമെന്നും പി. രാജീവ് പറഞ്ഞു.
Content Highlights: Kerala Govt approves Rs 1016.24 Cr foreign loan from AIIB for Kochi Metro`s second phase, extending from JLN Stadium to Infopark.
Published: 12 Feb 2026, 08:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented