പറവൂര്‍(എറണാകുളം): സിപിഎം നേതാവ് കെ.ജെ. ഷൈനിനെ സാമൂഹികമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണന്റെ കെടാമംഗലത്തെ വീട്ടില്‍ പോലീസ് പരിശോധനനടത്തി.

To advertise here,

മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ആലുവ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകാന്‍ നോട്ടീസും നല്‍കി.

ഷൈനിന്റെയും കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നാല് എംഎല്‍എമാരുടെയും പരാതിയെത്തുടര്‍ന്ന് ഗോപാലകൃഷ്ണനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഗോപാലകൃഷ്ണന്‍ ഒളിവിലാണ്. കേസില്‍ രണ്ടാം പ്രതിയായ കെ.എം. ഷാജഹാനും ഒളിവിലാണ്.

അപകീര്‍ത്തിക്കേസുമായി ബന്ധപ്പെട്ട് മലപ്പുറം എടപ്പാള്‍ സ്വദേശി യാസര്‍ എന്നയാളുടെ പേരിലും പ്രത്യേക അന്വേഷണസംഘം കേസെടുത്തു. 'ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തുടര്‍ച്ചയായി അധിക്ഷേപം നടത്തിയെന്നാണ് ഇയാളുടെപേരിലുള്ള പരാതി. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിക്കുന്നത്.

അതിനിടെ, കുടുംബത്തിനുനേരേ സിപിഎം നേതൃത്വത്തില്‍ സൈബര്‍ ആക്രമണവും വീടിനുമുന്നില്‍ രാത്രി മാര്‍ച്ച് നടത്തിയെന്നും കാണിച്ച് ഗോപാലകൃഷ്ണന്റെ ഭാര്യ ഷേര്‍ളി റൂറല്‍ പോലീസിനു പരാതിനല്‍കി.