അന്തരിച്ച നടൻ സലിംകുമാറിനെതിരേ അധിക്ഷേപ പോസ്റ്റുകളിട്ട ഇടതനുകൂല സാമൂഹികമാധ്യമ പ്രൊഫൈലുകൾക്കെതിരേ പൊട്ടിത്തെറിച്ച് നടൻ ജോയ് മാത്യു. സലിംകുമാർ കോൺഗ്രസുകാരനായിരുന്നതിനാൽ അദ്ദേഹം മരണമടഞ്ഞിട്ടും സാമുഹിക വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലംകൊണ്ട് മൃതദേഹം പുതപ്പിക്കാൻ ഉത്സാഹിക്കുകയാണെന്ന് ജോയ് മാത്യു കുറ്റപ്പെടുത്തി. അവരെ പിന്തിരിപ്പിക്കാൻ ശേഷിയുള്ള ആരും ഇടതുപക്ഷത്തില്ലെന്നും അദ്ദേഹം വിമർശിച്ചു. സലിംകുമാറിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളുടേയും കമന്റുകളുടേയും സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു.
ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
അശ്ലീല രാഷ്ട്രീയത്തിന്റെ ചരമഗീതി
സലിംകുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ എന്നെ ഭയപ്പെടുത്തിയത് സംസ്‌കാരം തൊട്ടുതീണ്ടാത്ത, രാഷ്ട്രീയതിമിരം ബാധിച്ച, വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്‌കൃത സംഘത്തിന്റെ ചരമഗീതങ്ങളാണ്.
സലിംകുമാർ ഒരു കോൺഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാൻ ഉത്സാഹിക്കുന്നത്.
സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരായും മുഖമുള്ളവരായും പാർട്ടി നേതാക്കളുടെ മോന്തായമോ പാർട്ടി കൊടിയോ ചിഹ്നമോ പ്രൊഫൈലുകളുമായി സൈബർ പോരാളികൾ (കോമാളികൾ ആണ് ശരിയായ പദം) എന്ന് സ്വയം വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ മരണോത്സവനർത്തകർ.
'മനുഷ്യർ പരസ്പരം സ്‌നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം' (ചിരിക്കരുത്)വരുമെന്ന് പറഞ്ഞ മാർക്‌സിന്റെ അടിവസ്ത്രം അലക്കിയുടുക്കാൻ പോലും അർഹതയില്ലാത്ത ഒരു രാഷ്ട്രീയസംസ്‌കാരത്തിനെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത്?
ഇതല്ല നമ്മുടെ സംസ്‌കാരം, ഒരു മൃതശരീരത്തോട്- തന്റെ നടന വൈഭവംകൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത- ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാൻ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ/ സാംസ്‌കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുത.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിൽ ഈ അശ്ലീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തിൽ മാത്രമാണ് നമുക്കാശ്വസിക്കാവുന്നത്.
(മരണോത്സവ നർത്തകരുടെ ചില എഫ്ബി/ ഇൻസ്റ്റ പോസ്റ്റുകൾ സാമ്പിൾ ആയി ചേർത്തിട്ടുണ്ട്; അടിമകൾ ആഹ്ലാദിക്കട്ടെ)
Content Highlights: Joy Mathew publicly criticized the disrespectful social media campaign against late actor Salim Kumar. He attributed the cyber abuse to the late actor's political affiliation with the Congress party. Mathew questioned the lack of cultural leadership within the Left parties to curb such toxic behavior. The actor condemned the degradation of political discourse and the rise of hateful 'cyber warriors'
Published: 08 Jun 2026, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented