കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പോലീസ് കേസ്. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

To advertise here,

സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നാണ് ജാൻമണിക്കെതിരെയുള്ള ആരോപണം. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.

ബിഎൻഎസ് 192, 356(2), കേരള പോലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ജാൻമണി രംഗത്തെത്തിയിരുന്നു. തനിക്ക് മലയാളം നന്നായി അറിയില്ലെന്നും ഭാഷാ പ്രയോഗത്തിൽ സംഭവിച്ച പിഴവാണെന്നുമാണ് ജാൻമണി പറയുന്നത്. തനിക്ക് തെറ്റുപറ്റിയെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും കാണിച്ച് മറ്റൊരു വീഡിയോയും ജാൻമണി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ജാൻമണിക്കെതിരെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകാനാണ് മഹിളാ മോർച്ചയുടെ തീരുമാനം.