‘വാഹനമോടിക്കുമ്പോൾ അങ്ങേയറ്റം ശ്രദ്ധപുലർത്താനും മറ്റുവാഹനങ്ങളോട് സഹകരിക്കാനും ഞാൻ ഉത്തരവാദപ്പെട്ടിരിക്കുന്നു. റോഡ് സുരക്ഷാ നിയമങ്ങൾ പാലിച്ചും എന്റെയും മറ്റുവാഹനങ്ങളിലുള്ളവരുടെയും കാൽനടയാത്രക്കാരുടെയും ജീവന് വിലകല്പിച്ചും മാത്രമേ വാഹനമോടിക്കൂ എന്ന് ഞാൻ പ്രതിജ്ഞചെയ്യുന്നു’

പ്രതീകാത്മക ചിത്രം| AI generated image
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ ദിവസം 11 ജീവനുകൾവരെ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കുകൾ. ഇതിൽ നല്ലൊരു ശതമാനവും യുവത്വമാണെന്നത് പേടിപ്പിക്കുന്നു. ദിവസം ശരാശരിയുണ്ടാകുന്ന റോഡപകടങ്ങളുടെ എണ്ണം 135 ആണ്. കഴിഞ്ഞ മൂന്നുവർഷത്തിൽ മരണനിരക്കിൽ ചെറിയ കുറവുണ്ട്. എന്നാൽ, അപകടങ്ങൾ കൂടുകതന്നെയാണ്.ക്രൈംറെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾപ്രകാരം അപകടമരണങ്ങൾ 2022-ലെ 4317-ൽനിന്ന് 2023-ൽ 4080 ആയും, 2024-ൽ 3874 ആയും കുറഞ്ഞുവെന്നതാണ് ആശ്വാസം. 2025 ഒക്ടോബർവരെ 3098 പേർ മരിച്ചു.
മരണമൊഴിഞ്ഞ നിരത്തുകൾ ഇനിയുമകലെ
ഡ്രൈവർക്ക് പിഴച്ചാലും അപകടമൊഴിവാക്കാൻ കഴിയുന്ന റോഡുകളും വാഹനങ്ങളുമാണ് പുത്തൻതലമുറ റോഡ് സുരക്ഷാ പദ്ധതികളുടെ കാതൽ. സീറ്റ് ബെൽറ്റിലും എയർബാഗിലും ഒതുങ്ങിയിരുന്ന സുരക്ഷാസംവിധാനങ്ങൾക്കപ്പുറം കൂട്ടിയിടി സ്വയം ഒഴിവാക്കുന്ന, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പുനൽകുന്ന, ലൈൻ മാറിയാൽ സൂചനനൽകുന്ന ഒട്ടേറെ സുരക്ഷിതസങ്കേതങ്ങളാണ് പുതിയവാഹനങ്ങളിൽ ഇടംപിടിച്ചത്.
ആഘാതം താങ്ങാൻകഴിയുന്ന ചട്ടക്കൂടിനുള്ളിൽ യാത്രക്കാരെ പൊതിയാൻ നാലുപാടും എയർബാഗുകളും വിടരും. ഹെൽമെറ്റ്, സീറ്റ്‌ബെൽറ്റ് എന്നിവ ഉപയോഗിക്കാൻ തുടങ്ങിയതും മരണനിരക്ക് കുറച്ചിട്ടുണ്ട്.
എന്നാൽ, വാഹനങ്ങൾ മാറിയാലും നമ്മുടെ റോഡുകളും അവയുടെ നിർമാണവും പഴയപടി തുടരുകയാണ്. സുരക്ഷിതപാതകൾ (ഫോർഗിവിങ് റോഡ്‌സ്) നിർമിക്കുന്നതിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങളൊന്നും സംസ്ഥാനത്തില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർതന്നെ പറയുന്നു. സുരക്ഷിതറോഡുകളുടെ നിർമാണത്തിൽ പരിശീലനംനൽകാൻ പാപ്പനംകോട് ശ്രീചിത്രതിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കോഴ്‌സുകൾ തുടങ്ങാനുള്ള നീക്കത്തിലാണ് സർക്കാർ.
പ്രഹസനമായി റോഡ് സേഫ്റ്റി ഓഡിറ്റ്
റോഡിന്റെ രൂപകല്പന-നിർമാണ-പൂർത്തീകരിക്കൽ വേളകളിൽ റോഡ് സുരക്ഷാ ഓഡിറ്റ് നിർബന്ധമാണ്. എന്നാൽ, സ്ഥലദൗർലഭ്യവും സാമ്പത്തികപ്രതിസന്ധിയും കാരണം റോഡ് സുരക്ഷാ നിർദേശങ്ങൾ ബലികഴിക്കും. സുരക്ഷിതപാതകൾ നിർമിക്കാനുള്ള റോഡ് എൻജിനിയറിങ് നിർബന്ധമല്ലെന്നതാണ് മറ്റൊരുന്യൂനത. ടാറും മെറ്റലും തമ്മിലുള്ള അനുപാതവും, റോഡിന്റെ ഉപരിതലബലവുമൊക്കെയാണ് മാനദണ്ഡങ്ങളിലുള്ളത്. അപകടമുണ്ടാക്കുന്ന വളവോ കയറ്റമോ ഉണ്ടെങ്കിലും റോഡുനിർമാണം പൂർത്തിയാകും.
ദേശീയപാത 66 വെല്ലുവിളിയാവും
സംസ്ഥാനത്തെ 60 ശതമാനം അപകടങ്ങളും ദേശീയ-സംസ്ഥാന പാതകളിലാണ്. ആറുവരിപ്പാത എങ്ങനെ സുരക്ഷിതമാക്കാമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
കാസർകോട്-തൃശ്ശൂർ മേഖലകളിൽ നാല്പതിലധികം ബ്ലാക്ക് സ്പോട്ടുകൾക്കുള്ള സാധ്യതയാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഇവ കൂടാനിടയുണ്ട്. സ്ഥലപരിമിതികാരണം വരുത്തിയ ചില ചുരുക്കലുകളും ഭാവിയിൽ അപകടസാധ്യത ഇരട്ടിയാക്കും. പ്രധാനപാതയ്ക്കുപുറമേ സർവീസ് റോഡുകളും സുരക്ഷിതമാക്കേണ്ടതുണ്ട്. ഒട്ടേറെ അടിപ്പാതകളും ജങ്‌ഷനുകളുമുള്ള സർവീസ് റോഡുകളിൽ അപകടസാധ്യത ഏറെയാണ്.
പിഴചുമത്തിയാൽ അപകടം കുറയുമോ
631 എഐ ക്യാമറ സ്ഥാപിച്ചശേഷവും അപകടങ്ങൾ കുറയുന്നില്ലെന്നത് പിഴചുമത്തൽ ഫലപ്രദമല്ലെന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കുന്നുണ്ട്. 737 കോടി രൂപ പിഴ ചുമത്തിയതിൽ 222 കോടി രൂപ ഖജനാവിലെത്തിയതാണ് സർക്കാരിന്റെ നേട്ടം.
അപകടമുണ്ടാകാനുള്ള സാഹപര്യം കണ്ടെത്തി ഒഴിവാക്കുന്നതിനുപകരം പിഴചുമത്താനുള്ള സംവിധാനമായി പോലീസും മോട്ടോർവാഹനവകുപ്പും മാറുന്നെന്നാണ് ആക്ഷേപം.
വാഹനാപകടങ്ങൾ ജീവനെടുക്കുന്നത് തുടരുമ്പോഴും നിസ്സഹായരായി നോക്കിനിൽക്കുകയാണ് അധികാരികൾ. പുതിയ റോഡ് സുരക്ഷാ സംസ്കാരവും നല്ലനിരത്തുകളും പൗരാവകാശമാണ്. നിരത്തുകളിൽ ജീവൻ പൊലിയാതിരിക്കാനായി നമുക്ക് മുൻകരുതലെടുക്കാം
Content Highlights: Kerala Road Safety Crisis: Declining Fatalities Mask Rising Accidents
Published: 29 Dec 2025, 07:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented