ഫുജൈറ: ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 14 പേരിൽ നാലുപേർ ഇന്ത്യക്കാരെന്ന് സ്ഥിരീകരിച്ച് യു.എ.ഇ. ആഭ്യന്തരമന്ത്രാലയം. പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരുണ്ട്. മരിച്ച 10 പേർ യു.എ.ഇ. സ്വദേശികളാണ്. പരിക്കേറ്റ 30 പേരിൽ എട്ടുപേർ യു.എ.ഇ. സ്വദേശികളാണ്. പരിക്കേറ്റ മറ്റുള്ളവർ: 6 ഒമാനികൾ, 3 ഈജിപ്തുകാർ, 2 പാകിസ്താനികൾ, 2 ബ്രസീലുകാർ, 2 ജോർദാനികൾ

To advertise here,

മരിച്ചവരിൽ മൂന്നുപേർ മലയാളികളാണ്. മലപ്പുറം വേങ്ങര കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ, മിസ്‌ന ജുബിൻ, പേരമകൻ മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഫുജൈറയിൽ ഖബറടക്കി. സിദ്ദീഖിന്റെ മൂത്തമകൾ ഫർസാനയുടെ മകനാണ് മൂന്നുവയസ്സുള്ള മുഹമ്മദ് ഫായിസ്. ഫുജൈറയിലെ നാലാം സ്ട്രീറ്റിലെ ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി പള്ളിയിൽ നടന്ന ഖബറടക്കച്ചടങ്ങിൽ മലയാളികളടക്കം നിരവധിപേർ പങ്കെടുത്തു.

കഴിഞ്ഞ ദിവസം ഫുജൈറയിലെ കോടതിക്ക് മുന്നിൽവെച്ചാണ് അപകടമുണ്ടായത്. സിദ്ധീഖിന്റെ ഭാര്യയും ബന്ധുക്കളും അടക്കം നാലുപേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ഫുജൈറ കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ വേഗത്തിലാക്കിയത്. ഷാർജയിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുമ്പോൾ, കഴിഞ്ഞദിവസം രാത്രിയിലാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.