തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാനിരക്ക് കുറയ്ക്കാനുള്ള നടപടികൾ പഠിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായി സമിതി രൂപവത്കരിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. സ്വകാര്യ ആരോഗ്യ മേഖലയിലെ താങ്ങാനാവാത്ത ചികിത്സാ ചെലവ് ചൂണ്ടിക്കാട്ടി ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച ‘ചികിത്സിച്ച് മരിക്കുന്ന കേരളം’ എന്ന വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് സുപ്രധാനമായ നടപടി.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ സേവന ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) മാനേജിങ് ഡയറക്ടർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ചികിത്സച്ചെലവ് കുറയ്ക്കാനും സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്താനുമുള്ള വ്യക്തമായ ശുപാർശകളടങ്ങിയ സമഗ്ര റിപ്പോർട്ട് സമിതി സമർപ്പിക്കണമെന്ന് മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കുറിപ്പിൽ പറയുന്നു.
സ്വകാര്യ ആശുപത്രികൾ രോഗികളിൽനിന്ന് അമിതനിരക്ക് ഈടാക്കുന്നുവെന്നും ചികിത്സയിലും പരിചരണത്തിലും പിഴവുകളും പോരായ്മകളും ഉണ്ടെന്നുമുള്ള ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ആരോഗ്യമേഖലയ്ക്ക് സ്വകാര്യ ആശുപത്രികൾ നൽകുന്ന സംഭാവന അംഗീകരിക്കുന്നതായും സ്‌പെഷ്യാലിറ്റി, നൂതന ചികിത്സകളുടെ വലിയൊരു പങ്ക് അവയാണ് നൽകുന്നതെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും താങ്ങാവുന്നതാവണം. സ്വകാര്യ ആശുപത്രി മേഖലയുമായും മറ്റു ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ചാകും വിഷയങ്ങൾ പരിശോധിക്കുക.
സാധ്യമാകുന്നിടത്തെല്ലാം മരുന്നുകൾ പരമാവധി ചില്ലറവിലയിലും (എം.ആർ.പി.) കുറഞ്ഞ നിരക്കിൽ രോഗികൾക്ക് നൽകാനുള്ള വഴികൾ സമിതി ആരായും. ആശുപത്രികൾവഴി നൽകുന്ന മരുന്നുകളുടെ വിലനിർണയത്തിൽ സുതാര്യത ഉറപ്പാക്കാനുള്ള സംവിധാനവും പരിശോധിക്കും. ചട്ടങ്ങൾക്ക് വിധേയമായി കെ.എം.എസ്.സി.എൽ. വഴി മരുന്ന് സംഭരിക്കാൻ സ്വകാര്യ ആശുപത്രികളെ അനുവദിക്കുന്നതിന്റെ സാധ്യതയും പഠിക്കും.
ലബോറട്ടറി പരിശോധന, സ്‌കാനിങ് ഉൾപ്പെടെയുള്ള രോഗനിർണയ സേവനങ്ങൾ, വിവിധ ചികിത്സാ നടപടിക്രമങ്ങൾ എന്നിവയുടെ നിരക്ക് പുനഃപരിശോധിച്ച് യുക്തിസഹമാക്കുന്നതും മുറിവാടകയും അനുബന്ധ നിരക്കുകളും കുറയ്ക്കുന്നതിന്റെ സാധ്യതയും സമിതി പരിശോധിക്കും.
ചികിത്സച്ചെലവ് മുഴുവൻ സ്വയം വഹിക്കാതെ ഗുണഭോക്താക്കൾക്ക് സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കാൻ സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ കൂടുതൽ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനും നിർദേശമുണ്ട്. ചികിത്സാപ്പിഴവുകളും മറ്റു വീഴ്ചകളും സംബന്ധിച്ച പരാതികൾ പരിശോധിച്ച്, പരിചരണത്തിന്റെ ഗുണനിലവാരം, രോഗീസുരക്ഷ, ഉത്തരവാദിത്വം എന്നിവ ഉറപ്പാക്കാനുള്ള സംവിധാനങ്ങളും സമിതി നിർദേശിക്കും.
Content Highlights: Health department forms a committee led by the Principal Secretary to study and reduce treatment costs in private hospitals., Committee to explore providing medicines below MRP and transparent pricing., Review and rationalize charges for lab tests, scanning, room rent, and medical procedures., Expansion of government health insurance schemes to more private hospitals for specialty care.
Published: 01 Oct 2026, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented