കാസര്‍കോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളിയായ രഞ്ജിത ജി.നായര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രതികരണം നടത്തിയ സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ പവിത്രനെതിരെയാണ് നടപടി.  പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു.

To advertise here,

'വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തതു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.  ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യുവാന്‍  ഉത്തരവിടുകയായിരുന്നു' മന്ത്രി കെ.രാജന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ജാതീയമായ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങളും നടത്തിയാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ രഞ്ജിതയെ അപാനിച്ചത്. ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ആദ്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഇയാള്‍ പിന്നീട് അശ്ലീല പരാമര്‍ശങ്ങള്‍ കമന്റുകളായി ഇടുകയായിരുന്നു. വിമാന ദുരന്തത്തില്‍ അനുശോചിക്കുന്നുവെന്ന പേരിലാണ് ഇയാള്‍ പോസ്റ്റിട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളുയര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. മുന്‍ മന്ത്രിയും എംഎല്‍എയുമായ ഇ.ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചതില്‍ ഇയാള്‍ നേരത്തെ സസ്‌പെന്‍ഷനിലായിരുന്നുവെന്നാണ് വിവരം.

ലണ്ടനില്‍ നഴ്‌സായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ് മരിച്ച രഞ്ജിത ജി. നായര്‍.