തിരിച്ചെടുക്കലിനുപിന്നിൽ നേതാക്കളെന്ന സൂചനയുമായി ഡി.സി.സി. സെക്രട്ടറി

കോഴിക്കോട്: സസ്പെൻഷനിലായ കോഴിക്കോട് മുൻ പോലീസ് അസി. കമ്മിഷണർ എ. ഉമേഷിനെ തിരിച്ചെടുത്തതിൽ കോഴിക്കോട് ജില്ലയിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമായതോടെ ഉത്തരവ് മരവിപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ചേവായൂരിൽനിന്നുള്ള കോൺഗ്രസ് നേതാക്കൾ രമേശ് ചെന്നിത്തലയെ സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. സി.പി.എമ്മിന് ചേവായൂർ ബാങ്ക് പിടിക്കാൻ അന്ന് അസി.കമ്മിഷണറായിരുന്ന ഉമേഷ് സഹായം ചെയ്തുകൊടുത്തുവെന്നാണ് കോൺഗ്രസുകാരുടെ പ്രധാന ആരോപണം.
പാലക്കാട്ട് സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് ഉമേഷിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ, ശനിയാഴ്ച തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് റിപ്പോർട്ടുചെയ്യാനായിരുന്നു പുതിയ നിർദേശം. വിവരം പുറത്തുവന്നതോടെയാണ് സസ്പെൻഷൻ പിൻവലിക്കൽ വിവാദമായത്. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ., കെ. ജയന്ത് എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിലാണ് ചേവായൂരിലെ കോൺഗ്രസ് നേതാക്കൾ ആഭ്യന്തരമന്ത്രിയെ കണ്ടത്.
ഇതിനിടെ സസ്പെൻഷൻ പിൻവലിച്ചതിനുപിന്നിൽ കോൺഗ്രസ് നേതാക്കളിൽ ചിലരാണെന്ന സൂചന നൽകുന്ന ആരോപണവുമായി ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രംഗത്തെത്തി. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ പോലീസിന്റെ വീഴ്ചകൾ കൃത്യമായി അന്വേഷിച്ചാൽ ഉമേഷ് എന്നേ പിടിക്കപ്പെടുമെന്ന് അറിയാവുന്നവർതന്നെയാണ് തിരിച്ചെടുക്കലിന് സംവിധാനമൊരുക്കിയതെന്നാണ് നിജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ടുനൽകാൻ ആവശ്യപ്പെട്ടിട്ട് ഓഗസ്റ്റ് 10-ന് രൂപവത്‌കരിച്ച എസ്.ഐ.ടി. ടീം ഇതുവരെ യോഗംപോലും ചേരാതിരുന്നതിനുപിന്നിൽ കാക്കിക്ക് കാക്കിയോടുള്ള സ്നേഹമാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. ഹൈക്കോടതി ജാമ്യംനിഷേധിച്ച രണ്ട് സി.പി.എമ്മുകാരെ മഹാസംഭവമാക്കി അറസ്റ്റുചെയ്ത് വാർത്തയാക്കിയതും കോൺഗ്രസുകാരെ സന്തോഷിപ്പിച്ച് കൂടെനിർത്താനുള്ള പോലീസ് തന്ത്രമാണെന്നുള്ള സംശയം കൂടുതൽ ശക്തിപ്പെടുന്നു.
മുക്കം ബാങ്ക് കോൺഗ്രസ് ഭരണസമിതി പിരിച്ചുവിട്ട ജോയിന്റ് രജിസ്ട്രാർ സുധ ഒരുമാസംകൊണ്ട് കോഴിക്കോട്ട് തിരിച്ചെത്തിയതും ചേവായൂർ ബാങ്ക് സി.പി.എമ്മിന് പിടിച്ചുകൊടുത്ത എ.സി.പി. ഉമേഷ് തിരിച്ച് സർവീസിൽ കയറുന്നതും സ്വാഭാവികമാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും നിജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നടപടി പരിശോധിക്കും -രമേശ് ചെന്നിത്തല
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും പോലീസുകാരെ തിരിച്ചെടുക്കുന്നതും എടുക്കാതിരിക്കുന്നതും ഞാനല്ലല്ലോ. ആ നടപടിയെക്കുറിച്ച് പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു.
Published: 28 Sept 2026, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented