തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയന് ഇ.ഡി. സമൻസ് നൽകിയതിനുപിന്നാലെ  സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായി വിജയനെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

‘പിണറായിക്കെതിരെ സർക്കാർ നടപടിയിലേക്ക് നീങ്ങണം. ആണുങ്ങളുടെ സർക്കാരാണെങ്കിൽ അത് അതുപോലെ നീങ്ങും. അതിവിടെ ഉണ്ടോ എന്നറിയില്ല. നടപടിയുമായി പോകുന്നതിന് എത്രപേർ നട്ടെല്ല് കാണിക്കുമെന്ന് നോക്കാം’- സുധാകരൻ പറഞ്ഞു.

കേസിലെ എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ. ഉയർത്തിയ നിലപാടുകൾക്ക് തങ്ങളുടെ പൂർണ പിന്തുണയുണ്ടെന്ന് സുധാകരൻ വ്യക്തമാക്കി. വ്യക്തമായ രാഷ്ട്രീയമുള്ള ആളാണ് മാത്യു കുഴൽനാടനെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ നോക്കണ്ടെന്നും തങ്ങളെല്ലാം അദ്ദേഹത്തോടൊപ്പം ഉണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കേസിൽ എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ. ഉയർത്തിയ നിലപാടുകൾ കോൺഗ്രസിനുള്ളിൽ തർക്കത്തിന് വഴിവെച്ചിരുന്നു. കേസിൽ ആദ്യമേ എഫ്.ഐ.ആർ. ഇട്ട് കേസ് രജിസ്റ്റർ ചെയ്യാതിരുന്നത് തെറ്റാണെന്ന കുഴൽനാടന്റെ വിമർശനം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും വലിയ വാക്കേറ്റത്തിന് കാരണമായിരുന്നു. യോഗത്തിൽ നേതാക്കളുടെ എതിർപ്പിനെ തുടർന്ന് ഒറ്റപ്പെട്ടതോടെ മാത്യു കുഴൽനാടൻ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.