ചെന്നൈ: തമിഴ്‌നാട്ടിലെ ആൾവാർതിരുനഗരി-വള്ളിയൂർ സംസ്ഥാനപാത 93-ന്റെ സൂചനാബോർഡിൽ ഹിന്ദിയിൽ സ്ഥലപ്പേര് എഴുതിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ നടപടി.

To advertise here,

രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും സൂചനാബോർഡിലെ ഹിന്ദിയിലുള്ള സ്ഥലപ്പേരുകൾ മായ്ക്കുകയും ചെയ്തു. തമിഴ്‌നാട് സർക്കാരിലെ ദേശീയപാതാവിഭാഗത്തിലെ രണ്ട് ഉദ്യേഗസ്ഥർക്കെതിരേയാണ് നടപടിയെടുത്തത്. സൂചനാബോർഡിലെ ഹിന്ദിയിലുള്ള എഴുത്ത് വലിയ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്.

സംസ്ഥാനപാതാ(എസ്എച്ച്) വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദേശീയപാതാ(എൻഎച്ച്) വിഭാഗം, സിആർഐഎഫ് (സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്) ഉപയോഗിച്ചാണ് സാത്തൻകുളംവഴി കടന്നുപോകുന്ന വഴി നവീകരിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ എൻഎച്ച് വിഭാഗം, വള്ളിയമ്മാൾപുരത്തിൽ സൂചനാബോർഡ് സ്ഥാപിച്ചു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു സൂചനാബോർഡിൽ സ്ഥലപ്പേരുണ്ടായിരുന്നത്.

ഹിന്ദിയിൽ സ്ഥലപ്പേര് എഴുതിയതിനെച്ചൊല്ലി സാമൂഹികമാധ്യമങ്ങളിലടക്കം വലിയ ചർച്ചകളും വിവാദങ്ങളും രൂപംകൊണ്ടു. മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിനും ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പിന്നാലെയാണ് സംസ്ഥാനപാത വിഭാഗം വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി ബോർഡിൽ ഹിന്ദിയിലെഴുതിയിരുന്ന സ്ഥലപ്പേരുകൾ മായ്ച്ചത്.