തിരുവനന്തപുരം: ഐ.എ.എസുകാരായ ഡോ. ബി. അശോകിനും എൻ. പ്രശാന്തിനും അധിക ചുമതല നൽകി. അശോകിന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയാണ് നൽകിയത്. പ്രശാന്തിന് നികുതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ ചുമതലകൂടി നൽകി. ഈ രണ്ടുവകുപ്പും മുഖ്യമന്ത്രി വി.ഡി. സതീശനാണ് കൈകാര്യം ചെയ്യുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയേയും സർക്കാർ നിയമിച്ച് ഉത്തരവിറക്കി.

To advertise here,

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടവർ എന്ന ആരോപണമുണ്ടായിരുന്നവരാണ് ഇരു ഐ.എസുകാരും. സർക്കാർ നടപടികളേയും ചീഫ് സെക്രട്ടറിയേയും വിമർശിച്ചതിന്റെ പേരിൽ എൽ.ഡി.എഫ്. സർക്കാർ കാലത്ത് അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ് എൻ. പ്രശാന്ത്. അന്നത്തെ സർക്കാരുമായുള്ള ഏറ്റുമുട്ടലായിരുന്നു ബി. അശോകിനെതിരായ അച്ചടക്ക നടപടിക്ക് കാരണമായത്. ഈ സർക്കാർ അധികാരത്തിലേറിയതോടെ, ഇരുവരുടേയും മേൽ ചുമത്തിയ നടപടി നീക്കി സർവീസിൽ തിരിച്ചെടുത്തു.

നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ബി. അശോക്. എൻ. പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുമാണ്. പൊതുഭരണ വകുപ്പുമായും നികുതി വകുപ്പുമായും ബന്ധപ്പെട്ട് പല നടപടികളുമായി സർക്കാർ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിലാണ് കഴിഞ്ഞ സർക്കാർ കാലത്ത് നടപടി നേരിട്ട രണ്ടുപേരെ വിശ്വാസത്തിലെടുത്ത് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.