
കോഴിക്കോട്: മലബാറിന്റെ വിനോദസഞ്ചാര സാധ്യതകൾക്കു കുതിപ്പേകിയ മാതൃഭൂമി ടൂറിസം കോൺക്ലേവിന്റെ രണ്ടാം എഡിഷന് വീണ്ടും കോഴിക്കോട് വേദി. ഒക്ടോബർ ഒന്നിന് കാലിക്കറ്റ് റാവിസ് കടവിൽവെച്ചാണ് കോൺക്ലേവ്. സാംസ്കാരിക, സിനിമ, ടൂറിസംവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. മറ്റു പ്രധാനപ്പെട്ട അതിഥികളും കോൺക്ലേവിന്റെ ഭാഗമാകും.
മലബാറിന്റെ വിനോദസഞ്ചാരമേഖലയിൽ സാധ്യതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും കോൺക്ലേവിൽ ചർച്ചകൾ നടക്കും. കാസർകോട് മുതൽ പൊന്നാനി വരെ നീളുന്ന തീരദേശത്തിന്റെ സാധ്യതകളെക്കുറിച്ച് വിദഗ്ധർ സംസാരിക്കും. മുത്തങ്ങ, മുതുമല, ബന്ദിപ്പുർ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് വൈൽഡ് ലൈഫ് ടൂറിസവും ചർച്ചയാവും. വെൽനസ് ടൂറിസം, അഡ്വഞ്ചർ ടൂറിസം, ബീച്ച് ടൂറിസം, ഫുഡ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിങ്, മൈസ് ടൂറിസം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സെഷനുകൾ അരങ്ങേറും.
വിനോദസഞ്ചാരമേഖലയിലെ വിദഗ്ധർക്കൊപ്പം രാജ്യത്തെ പ്രമുഖ വെഡ്ഡിങ് പ്ലാനർമാരും സംരംഭകരും ചർച്ചകളിൽ പങ്കാളികളാകും. കോൺക്ലേവിൽനിന്നുയരുന്ന നിർദേശങ്ങൾ സംസ്ഥാനസർക്കാരിനു കൈമാറും. കഴിഞ്ഞവർഷം ഓഗസ്റ്റിൽനടന്ന കോൺക്ലേവിന്റെ ആദ്യ പതിപ്പിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് കോൺക്ലേവിന്റെ മുഖ്യസ്പോൺസർ. ദ റാവിസ് കടവ് പവേർഡ് ബൈ പാർട്‌ണറും ഫിക്കി സാങ്കേതിക പാർട്ണറുമാണ്. കേരളം ടൂറിസംവകുപ്പിന്റെ സഹകരണത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
പുതിയ സാധ്യതകൾക്ക് വഴിതുറക്കും -പി.സി. വിഷ്ണുനാഥ് (ടൂറിസം മന്ത്രി)
കേരളത്തിന്റെ ടൂറിസംവികസനത്തിന് പുതിയ ആശയങ്ങളും കൂട്ടായപ്രവർത്തനങ്ങളും അനിവാര്യമാണ്. മാതൃഭൂമി ടൂറിസം കോൺക്ലേവ് പോലുള്ള വേദികൾ ടൂറിസം മേഖലയിലെ വിവിധ പങ്കാളികളെ ഒരുമിപ്പിച്ച് പുതിയ സാധ്യതകൾ കണ്ടെത്താനും അവ പ്രാവർത്തികമാക്കാനും സഹായിക്കും.
മലബാറിന്റെ അനന്തമായ ടൂറിസം സാധ്യതകൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതിനൊപ്പം, അനുഭവാധിഷ്ഠിത ടൂറിസം, ഉത്തരവാദിത്വ ടൂറിസം, ഗ്രാമീണ ടൂറിസം, സാഹസിക ടൂറിസം, വെൽനസ് ടൂറിസം, സാംസ്‌കാരിക ടൂറിസം തുടങ്ങിയ മേഖലകളിൽ കൂടുതൽ വൈവിധ്യമാർന്ന ടൂറിസം ഉത്‌പന്നങ്ങൾ വികസിപ്പിക്കും. കേരളത്തിന്റെ ഓരോ പ്രദേശത്തിന്റെയും തനതു സവിശേഷതകളെ ലോകോത്തര ടൂറിസം അനുഭവങ്ങളാക്കി മാറ്റി, കേരളത്തിന്റെ ടൂറിസം ഭൂപടം കൂടുതൽ വിശാലമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
മലബാറിന്റെ വിഭവങ്ങളെ അനുഭവങ്ങളാക്കി മാർക്കറ്റ് ചെയ്യണം
മലബാറിന്റെ വിഭവങ്ങളെ ഒരു സമഗ്ര ടൂറിസം അനുഭവമായി മാർക്കറ്റ് ചെയ്യണം. സഞ്ചാരികളെ കൂടുതൽ ദിവസം തങ്ങാനും കൂടുതൽ ചെലവഴിക്കാനും പ്രേരിപ്പിക്കുന്ന പാക്കേജുകളും മെച്ചപ്പെട്ട താമസസൗകര്യങ്ങളും പ്രൊഫഷണൽ ടൂറിസം സംവിധാനവും ഒരുക്കുകയാണ് അടുത്ത ഘട്ടത്തിൽ വേണ്ടത്.
മാതൃഭൂമി ടൂറിസം കോൺക്ളേവ് 2026 -ന്റെ പശ്ചാത്തലത്തിൽ മുൻ ചീഫ് സെക്രട്ടറിയും MBIFL ക്യൂറേറ്ററുമായ ഡോ. വി. വേണു സംസാരിക്കുന്നു
കടലും മലയും പുഴകളും പച്ചപ്പും പൈതൃകവും രുചിയും സംസ്കാരവും ആതിഥ്യമര്യാദയും ചേർന്ന സമ്പന്നമായ അനുഭവലോകമാണ് മലബാർ. പല ദേശങ്ങളിൽനിന്നുള്ള സഞ്ചാരികൾ മലബാറിലേക്ക് എത്തുന്നുണ്ട്. ഏതെങ്കിലും ഒരിടത്തേക്ക് മാത്രമെത്തി മടങ്ങുന്ന സഞ്ചാരിയെ മലബാറിന്റെ പല അനുഭവങ്ങളിലേക്കു കൊണ്ടുപോകാൻ നമുക്ക് കഴിയണം. അതിനുള്ള വിഭവങ്ങൾ മലബാറിനുണ്ട്. പുതിയ കാഴ്ചകൾ കണ്ടെത്തുന്നതിനെക്കാൾ, ഉള്ള കാഴ്ചകളെയും അനുഭവങ്ങളെയും പുതിയ രീതിയിൽ കൂട്ടിയിണക്കി ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഡെസ്റ്റിനേഷനുകളെ സമഗ്രമായ അനുഭവങ്ങളാക്കി മാറ്റാൻ കഴിയുമ്പോഴാണ് ഈ പ്രദേശത്തിന്റെ യഥാർഥ ടൂറിസം സാധ്യതകൾ തുറക്കപ്പെടുക.
സാമ്പത്തികസാഹചര്യങ്ങൾ, യാത്രാസൗകര്യങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങൾ അന്താരാഷ്ട്ര ടൂറിസത്തെ ബാധിക്കുന്നുണ്ട്. ആഭ്യന്തര ടൂറിസത്തിന് കൂടുതൽ സ്ഥിരതയുണ്ട്. ആഭ്യന്തര സഞ്ചാരികൾക്ക് മലബാർ ഇതിനകം തന്നെ പരിചിതമാണ് എന്നതും കണക്കിലെടുക്കണം. 2025-ലെ കണക്കുകൾ പരിശോധിച്ചാൽ, കേരളത്തിലെത്തിയ വിദേശസഞ്ചാരികളിൽ വളരെ ചെറിയൊരു വിഭാഗമാണ് മലബാർ സന്ദർശിച്ചതെന്ന് കാണാം. കേരളത്തിലെത്തിയ 8,21,999 വിദേശസഞ്ചാരികളിൽ 47,936 പേർ മാത്രമാണ് മലബാറിലെത്തിയത്. അതായത് ആകെ വിദേശസഞ്ചാരികളുടെ 5.8 ശതമാനം. എന്നാൽ, ആഭ്യന്തര ടൂറിസത്തിൽ സ്ഥിതിവ്യത്യസ്തമാണ്. ആഭ്യന്തര ടൂറിസത്തിന്റെ കണക്കെടുപ്പിൽ ഉപയോഗിക്കുന്നത് ‘ഡൊമസ്റ്റിക് ടൂറിസ്റ്റ് വിസിറ്റ്‌സ്’ എന്ന സൂചികയാണ്. 2025-ൽ കേരളത്തിൽ രേഖപ്പെടുത്തിയ 2,50,58,366 ആഭ്യന്തര ടൂറിസ്റ്റ് വിസിറ്റുകളിൽ 58,99,840 വിസിറ്റുകളാണ് മലബാറിൽ രേഖപ്പെടുത്തിയത്. ഇത് ആകെ വിസിറ്റുകളുടെ 23.54 ശതമാനമാണ്. മലബാറിനോട് ആഭ്യന്തര സഞ്ചാരികൾക്കുള്ള താത്‌പര്യം എത്രത്തോളം ശക്തമാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ഏതെങ്കിലും ഡെസ്റ്റിനേഷനിലേക്കുമാത്രം ഒതുങ്ങാതെ, സഞ്ചാരികളെ കൂടുതൽ ദിവസം തങ്ങാനും കൂടുതൽ പണം ചെലവഴിക്കാനും പ്രേരിപ്പിക്കാൻ സാധിക്കണം. മലബാറിനെ ഒരു സമ്പൂർണ ഹോളിഡേകേന്ദ്രമാക്കുന്ന തരത്തിലുള്ള മൂല്യവർധിത ടൂറിസത്തിലാകണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇതിന് മലബാറിനെ ആറ് വ്യത്യസ്ത ജില്ലകളായി കാണുന്നതിന് പകരം സംയോജിതമായ ഒരു വിനോദസഞ്ചാരമേഖലയായി പ്രൊമോട്ട് ചെയ്യണം. പ്രകൃതിയും പൈതൃകവും സംസ്കാരവും രുചിയും ആരോഗ്യസംരക്ഷണവും ഉൾപ്പെടുത്തി വ്യത്യസ്ത ടൂറിസം പാക്കേജുകൾ രൂപകല്പന ചെയ്യുകയാണ് ആദ്യപടി. മലബാറിന് മികച്ച ഡെസ്റ്റിനേഷൻ മാർക്കറ്റിങ്ങും കൂടുതൽ പ്രൊഫഷണലായ ടൂറിസം ആവാസവ്യവസ്ഥയും ആവശ്യമാണ്. മലബാറിൽ ഉന്നതനിലവാരമുള്ള താമസസൗകര്യങ്ങളുടെ കുറവുണ്ട്. വയനാട്ടിലും കാസർകോട്ടും മെച്ചപ്പെട്ട റിസോർട്ടുകളും ഹോട്ടലുകളും വന്നിട്ടുണ്ടെങ്കിലും മലബാറിന്റെ മറ്റ് ഭാഗങ്ങളിൽ ഇപ്പോഴും പരിമിതികളുണ്ട്. പൊതുനിക്ഷേപങ്ങളെമാത്രം ആശ്രയിക്കുന്നതിനുപകരം, ഉയർന്ന നിലവാരമുള്ള ഹോസ്പിറ്റാലിറ്റി അടിസ്ഥാനസൗകര്യങ്ങളിലേക്ക് സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനുള്ള സാഹചര്യങ്ങൾ സർക്കാർ സൃഷ്ടിക്കണം.
യാത്രാപ്രേമികൾക്ക് വ്യത്യസ്ത താത്‌പര്യങ്ങളായിരിക്കും ഉള്ളത്. കുടുംബമായി അവധി ആഘോഷിക്കാനെത്തുന്നവർ, സാഹസികത ആഗ്രഹിക്കുന്നവർ, വെൽനെസ് ടൂറിസ്റ്റുകൾ, ഭക്ഷണപ്രിയർ, സാംസ്കാരിക സഞ്ചാരികൾ, ബിസിനസ് ഗ്രൂപ്പുകൾ എന്നിവർക്ക് പ്രത്യേക ടൂർ ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്. മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും വിവാഹങ്ങൾ, കോൺഫറൻസുകൾ, കോർപ്പറേറ്റ് ഇവന്റുകൾ, ഇൻസെന്റീവ് ഗ്രൂപ്പുകൾ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാൻ മലബാറിനെ അനുയോജ്യമാക്കുന്നു. ഈ മേഖലകൾക്ക് സഞ്ചാരികളുടെ താമസം ദീർഘിപ്പിക്കാനും കാറ്ററിങ്, ഗതാഗതം, വിനോദം എന്നിങ്ങനെ പല തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.
ഏറ്റവും കൂടുതൽ സാധ്യതയുള്ളത് വെൽനെസ്, ഫുഡ് ടൂറിസം എന്നിവയ്ക്കാണ്. മലബാറിന്റെ പ്രകൃതിദത്തമായ അന്തരീക്ഷവും പരമ്പരാഗത ആരോഗ്യപരിപാലന രീതികളും സാംസ്കാരിക പൈതൃകവും ആരോഗ്യകേന്ദ്രീകൃതമായ ടൂറിസത്തിന് ശക്തമായ അടിത്തറ നൽകുന്നതാണ്. ഇവിടത്തെ തനത് പാചകരീതിയെ ഫുഡ് ട്രെയിലുകൾ, കളിനറി ഇവന്റുകൾ, പ്രാദേശിക ഡൈനിങ് എന്നിങ്ങനെ പലരീതിയിലും വളർത്തിയെടുക്കാം.
മലബാറിലെ നിലവിലുള്ള സ്രോതസ്സുകളെ പരസ്പരം ബന്ധിപ്പിച്ച് മാർക്കറ്റ് ചെയ്യുക എന്നതായിരിക്കണം ലക്ഷ്യം. ശക്തമായ സ്വകാര്യനിക്ഷേപം, പ്രൊഫഷണൽ ഓപ്പറേറ്റർമാർ, സംയോജിത പാക്കേജുകൾ, ഏകീകൃത ഡെസ്റ്റിനേഷൻ മാർക്കറ്റിങ് എന്നിവയിലൂടെ മലബാറിന്റെ ടൂറിസം മേഖലയെ വളർത്തിയെടുക്കാൻ കഴിയും.
Published: 17 Sept 2026, 05:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented