കോഴിക്കോട്: വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും വിവരശേഖരണം നടത്താനും അവ സൂക്ഷിക്കാനുമായി സംസ്ഥാനത്ത് മെഷര്‍മെന്റ് കളക്ഷന്‍ യൂണിറ്റ് (എംസിയു) സ്ഥാപിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ നിയന്ത്രണത്തിലാണ് രാജ്യത്താകമാനം എംസിയു നിലവില്‍വരുക. അതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും പ്രവര്‍ത്തനം തുടങ്ങുന്നത്.
ക്രിമിനല്‍ പ്രൊസീജ്യര്‍ (ഐഡന്റിഫിക്കേഷന്‍) ആക്ട് 2022 അനുസരിച്ച് അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നവരുടെ ബയോമെട്രിക്‌സ്, ഡിഎന്‍എ തെളിവുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനും കേടുകൂടാതെ സൂക്ഷിക്കാനുമുള്ള സംവിധാനമാണിത്. നിലവില്‍ പ്രധാനമായും കുറ്റവാളികളുടെ വിരലടയാളം ശേഖരിക്കുന്ന രീതിയാണ് വ്യാപകമായുള്ളത്.
എംസിയു പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഉള്ളംകൈകളുടെ പ്രിന്റ്, പാദങ്ങളുടെ പ്രിന്റ്, ഫോട്ടോകള്‍, കണ്ണിന്റെ കൃഷ്ണമണികള്‍, റെറ്റിന സ്‌കാനിങ്, കുറ്റവാളികളുടെ ഉയരം, തൂക്കം, ബയോളജിക്കല്‍ തെളിവുകളായി രക്തഗ്രൂപ്പ് പോലുള്ളവ, ഒപ്പ്, കൈപ്പട തുടങ്ങിയ എല്ലാ വിശദാംശങ്ങളും നിയമപ്രകാരം പോലീസിന് ശേഖരിച്ചുവെക്കാനുള്ള അധികാരമുണ്ടാകും.
കുറ്റവാളികള്‍ വിസമ്മതിച്ചാല്‍പ്പോലും ഇത്തരം തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജയിലിലാണെങ്കില്‍ ഹെഡ് വാര്‍ഡനു മുകളിലുള്ള ഉദ്യോഗസ്ഥനും ഇത്തരം തെളിവുകള്‍ ശേഖരിക്കാം.
കേരള പോലീസിലെ വിവിധ റാങ്കുകളിലുള്ള അന്വേഷണവിഭാഗം ഉദ്യോഗസ്ഥര്‍, ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാളവിദഗ്ധര്‍ എന്നിവര്‍ക്കും അനുബന്ധ സാങ്കേതികവിദഗ്ധര്‍ക്കും ന്യൂഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ സഹായത്തോടെ വിവിധ ഘട്ടങ്ങളിലായുള്ള പരിശീലനം ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
എംസിയു സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുഴുവന്‍ ഡിജിപിമാര്‍ക്കും കേന്ദ്രഭരണപ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും 2022 ഒക്ടോബര്‍ 20-നുതന്നെ നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് നിലവിലെ ഉദ്യോഗസ്ഥരുടെ പരിശീലനം.
ഏറെ ചെലവ് വരുന്നതിനാല്‍ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസ് കേന്ദ്രീകരിച്ചാകും എംസിയുവിന്റെ ആദ്യഘട്ടപ്രവര്‍ത്തനം. ഇതിനായി 20 പോലീസ് ജില്ലകളിലും എംസിയു തുടങ്ങുന്നതിനുള്ള സ്ഥലങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. അനുബന്ധ തുടര്‍നടപടികളും പൂര്‍ത്തിയായിവരുകയാണ്.
രണ്ടാംഘട്ടത്തില്‍ വിവിധ ഡിവിഷനുകള്‍ക്കു കീഴില്‍ (ഡിവൈഎസ്പി തലത്തില്‍) യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, എന്‍സിആര്‍ബി ഡയറക്ടര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വ്യത്യസ്ത സംസ്ഥാനങ്ങളിലെ കുറ്റവാളികളുടെ വിവരങ്ങള്‍ പരസ്പരം കൈമാറുക.
എന്‍സിആര്‍ബിയുടെ സഹകരണത്തോടെയാണ് ഇതുസംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുക. ഇതുസംബന്ധിച്ച പരാതികള്‍ കേള്‍ക്കലും തുടര്‍നടപടികള്‍ സ്വീകരിക്കലും എന്‍സിആര്‍ബി ഡയറക്ടറാകും.
അതേസമയം ഓരോ സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശങ്ങളിലും അധികാരകേന്ദ്രങ്ങളായി അതതിടങ്ങളിലെ എഡിജിപി, ഐജി പദവികളിലുള്ള വ്യത്യസ്ത നോഡല്‍ ഓഫീസര്‍മാര്‍ വേണം. ഇതിനുപുറമേ, ദേശീയതലത്തില്‍ കുറ്റവാളികളുടെ വിവരങ്ങള്‍ സംബന്ധിച്ച ഏകോപനത്തിനായി ന്യൂഡല്‍ഹി എന്‍സിആര്‍ബി ആസ്ഥാനത്ത് പ്രത്യേക സംവിധാനവുമുണ്ടാകും.
Content Highlights: Kerala Police to establish Measurement Collection Units (MCUs) for collecting biometric and DNA data
Published: 13 Mar 2025, 07:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented