കൊച്ചി: കേരളത്തിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാൻ കൽക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുതനിലയം എത്രയും വേഗം തുടങ്ങാൻ നിർദേശിച്ച് കേന്ദ്ര ഊർജമന്ത്രാലയം. പരിസ്ഥിതിപ്രശ്നമടക്കമുള്ള വിഷയങ്ങൾ ഉയരുമെന്നതിനാൽ നിർദേശത്തോട് കേരളം പ്രതികരിച്ചിട്ടില്ല.
അസമിലെ ദുബ്രിയിൽ അദാനി പവർ ലിമിറ്റഡിന്റെ 3200 മെഗാവാട്ട് അൾട്ര-സൂപ്പർക്രിട്ടിക്കൽ താപവൈദ്യുതനിലയത്തിന് അടുത്തിടെ തറക്കല്ലിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലും വൈദ്യുതിനിലയം തുടങ്ങുന്നതിനുള്ള നിർദേശം കേന്ദ്ര ഊർജമന്ത്രാലയം മുന്നോട്ടുവെച്ചത്.
രണ്ടുവർഷം മുൻപ് ഗ്ലാസ്‌കോ പരിസ്ഥിതി ഉച്ചകോടിയിൽ 2070-ടെ ഇന്ത്യയിലെ കാർബൺ ബഹിർഗമനം തീർത്തും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെഭാഗമായി രാജ്യത്തെ താപനിലയങ്ങളുടെ പ്രവർത്തനം ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ നീക്കം തുടങ്ങിയിരുന്നു. ഈ തീരുമാനത്തിൽനിന്ന് രാജ്യം പിന്നാക്കം പോയെന്നാണ് പുതിയ നീക്കങ്ങൾ തെളിയിക്കുന്നത്.
കേരളത്തിൽ കൽക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയങ്ങളില്ല. ചീമേനിയിൽ നേരത്തേ താപവൈദ്യുതനിലയം സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ പ്രതിഷേധം ഉയർന്നിരുന്നു. കൽക്കരിയിൽതൊട്ട് കൈപൊള്ളിയ ചരിത്രവും വൈദ്യുതിബോർഡിനുണ്ട്.
കെ.എസ്.ഇ.ബി.ക്കും ഗുജറാത്ത് പവർ കോർപ്പറേഷൻ ലിമിറ്റഡിനും ഒഡിഷ ഹൈഡ്രോ പവർ കോർപ്പറേഷനുമായി 2007-ൽ കേന്ദ്രസർക്കാർ ഒഡിഷയിലെ താൽച്ചറിലെ ഭൈതരണിയിൽ കൽക്കരിപ്പാടം അനുവദിച്ചിരുന്നു. ഈ കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്‌പാദനത്തിന് മൂന്നുസ്ഥാപനങ്ങളും ചേർന്ന് ഭൈതരണി വെസ്റ്റ് കോൾ ലിമിറ്റഡെന്ന പുതിയ കമ്പനി രൂപവത്കരിച്ചെങ്കിലും പിന്നീടൊന്നും നടന്നില്ല. ഈ കൽക്കരിപ്പാടം 2014-ൽ കേന്ദ്രം തിരിച്ചെടുത്തു.
പിന്നീട് കേരളത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ച് ‘ശക്തി’ പദ്ധതിയിലുൾപ്പെടുത്തി കേന്ദ്രസർക്കാർ 2024 ഓഗസ്റ്റിൽ 500 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ ആവശ്യമായ കൽക്കരി, കോൾ ഇന്ത്യ ലിമിറ്റഡ് മുഖേന അനുവദിച്ചു. ഏതെങ്കിലും നിലയത്തിന് ഈ കൽക്കരി കൈമാറി, ദീർഘകാലകരാറിൽ ഏർപ്പെട്ട് കുറഞ്ഞവിലയ്ക്ക് വൈദ്യുതിവാങ്ങാൻ കേരളത്തിന് ഇനിയും പറ്റിയിട്ടില്ല. വൈകിയാൽ കേന്ദ്രം ഇതും റദ്ദാക്കിയേക്കും.
Content Highlights: Union Ministry of Power suggests setting up a coal-based thermal power plant in Kerala to resolve the power crisis., Kerala has not yet responded due to potential environmental concerns., KSEB previously faced setbacks with the Talcher coal block allocation in Odisha, which was revoked in 2014., Central government allocated coal under the 'Shakti' scheme in August 2024, which Kerala has yet to utilize.
Published: 28 Sept 2026, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented