ന്യൂഡൽഹി: സുപ്രീം കോടതി പരിസരത്തെ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി തന്നെ തള്ളിമാറ്റുകയും ഉന്തിയിടുകയും ചെയ്തുവെന്ന് ആരോപിച്ച് ഗർഭിണിയായ മാധ്യമപ്രവർത്തക. വൺഇന്ത്യ ന്യൂസ് വെബ്‌സൈറ്റ് മാധ്യമപ്രവർത്തക റിച്ച പരാശർ ആണ് രാഹുലിനെതിരേ ഗുരുതര ആരോപണമുന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്. യുവതി ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

To advertise here,

ബിജെപി നേതാക്കൾ ആശുപത്രിയിലെത്തി യുവതിയെ കാണുകയും ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. രാഹുൽ തന്റെ കയ്യിൽ പിടിച്ചുവലിക്കുകയും അതിനിടെ താൻ നിലത്തുവീഴുകയും വീഴ്ചയുടെ ആഘാതത്തിൽ കാൽമുട്ടും വയറും നിലത്ത് ശക്തമായി അടിച്ചുവെന്നും റിച്ച പറഞ്ഞു. തന്റെ ക്യാമറമാനെ രാഹുൽ പിടിച്ചുവലിച്ചു. തുടർന്ന് ഇയാളടക്കം നാലഞ്ച് പേർ തന്റെ മേലേക്ക് വീണെന്നുമാണ് യുവതി പറയുന്നത്.

'ഞാൻ‍ കോടതി പരിസരത്ത് ഗേറ്റിന് മുന്നിൽ നിൽക്കുകയായിരുന്നു. രാഹുൽ ഗാന്ധിയിൽനിന്ന് ബൈറ്റ് എടുക്കാനായാണ് കാത്തുനിന്നത്. രാഹുൽ പുറത്തേക്ക് വന്നപ്പോൾ ഞാൻ മൈക്ക് മുന്നോട്ട് നീട്ടി. എന്നാൽ, അദ്ദേഹം ബൈറ്റ് തരാൻ വിസമ്മതിച്ചു. മാറിനിൽക്കാനും ആവശ്യപ്പെട്ടു. അതുപ്രകാരം ഞാൻ മാറിനിന്നെങ്കിലും മറ്റ് മാധ്യമപ്രവർത്തകർ അദ്ദേഹത്തിന് നേരെ മൈക്ക് നീട്ടി.  പെട്ടെന്നാണ് രാഹുൽ മുന്നോട്ടുവന്നത് താനുൾപ്പെടെയുള്ളവരെ തള്ളിമാറ്റിയത്. പ്രതീക്ഷിക്കാതെ അദ്ദേഹം എന്റെ കയ്യിൽ പിടിക്കുകയും തള്ളുകയും ചെയ്യുകയായിരുന്നു. വളരെ പെട്ടെന്നാണ് എല്ലാം സംഭവിച്ചത്. അദ്ദേഹത്തിന്റെ ബോഡിഗാർഡുകളും എന്നെ തള്ളിമാറ്റി. ഗേറ്റിലെ പടികളിലേക്ക് ഞാൻ കമിഴ്ന്നടിച്ച് വീണു.' റിച്ച പറഞ്ഞു.

സംഭവത്തിന്റെ ചെറിയ ദൃശ്യങ്ങളും റിച്ച തന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് കരഞ്ഞുകൊണ്ടാണ് റിച്ച പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ, അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ബിജെപി വ്യാജപ്രചരണം നടത്തുകയാണെന്നും കോൺഗ്രസ് പ്രതികരിച്ചു. യുവതി പറയുന്ന സംഭവങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് കോൺഗ്രസ് നേതാവ് അൽക ലാംബ ‘എക്‌സി’ൽ പ്രതികരിച്ചത്. ബിജെപിയുടെ നാടകമാണ് ഇതെന്നും നാണമില്ലാത്തവരാണ് ബിജെപിക്കാരെന്നും അവർ പറഞ്ഞു.

ഗർഭകാലത്ത് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് അപകടം നിറഞ്ഞതാണ്. രാഹുൽ ഗാന്ധി ഉച്ചയ്ക്കുശേഷം 3-4 മണിയോടെ അവളെ തള്ളിയിട്ടുവെന്നാണ് യുവതി പറയുന്നത്. എന്നാൽ, രാത്രി 8.30-നാണ് ആശുപത്രിയിൽ പോയതെന്നും പറയുന്നു. കള്ളപ്രചാരണം നടത്താനാണ് യുവതിയുടെ സഹോദരി ബി.ജെ.പി എം.എൽ.എയുടെ ഓഫീസിൽ എത്തിയത്. സാധാരണമായി ഗർഭകാലത്ത് ചെയ്യാത്ത എക്‌സ്-റേ പരിശോധനയും നടത്തിയെന്നും ലാംബ പറഞ്ഞു.

രാഹുൽ ഗാന്ധിയെ മാധ്യമപ്രവർത്തകർ വളയുന്നതും തുടർന്നുണ്ടായ സംഘർഷാവസ്ഥയും വ്യക്തമാക്കുന്ന ദൃശ്യങ്ങളും മറ്റ് കോൺഗ്രസ് നേതാക്കളും അണികളും പങ്കുവെച്ചിട്ടുണ്ട്. രാഹുൽ ഗർഭിണിയായ മാധ്യമപ്രവർത്തകയെ തള്ളിയിട്ടതായി ദൃശ്യങ്ങളിൽ എവിടെയും വ്യക്തമായി കാണുന്നില്ലെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അവർ ചൂണ്ടിക്കാണിച്ചത്.