ആലുവ: കേരളത്തിലെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലാണെന്നും സർക്കാരിന്റെ അനാസ്ഥ സാധാരണക്കാരെ ദുരിതത്തിലാക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡോക്ടർമാരുടെ സമരം ചർച്ചകളിലൂടെ ഒത്തുതീർപ്പാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെതാണെന്നും അദ്ദേഹം പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിന് ഇരയായ ഹർഷിനയ്ക്ക് സഹായം നൽകാൻ തയ്യാറാകാത്തതും പാലക്കാട് അനാസ്ഥയെത്തുടർന്ന് വിനോദിനി എന്ന ബാലികയ്ക്ക് കൈ നഷ്ടമായതും സർക്കാരിന്റെ ക്രൂരതയ്ക്ക് തെളിവാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളജുകളിൽ നിന്നുള്ള റിവേഴ്‌സ് റഫറൻസും യു.ഡി.എഫ് കാലത്തെ മെഡിക്കൽ കോളജുകളോടുള്ള അവഗണനയും സിസ്റ്റത്തിന്റെ തകർച്ചയെയാണ് കാണിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പത്തുവർഷംകൊണ്ട് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകർത്തു. പോകുന്ന പോക്കിൽ ജനങ്ങളുടെ നികുതിപ്പണമെടുത്താണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. നവകേരള സർവെയിലൂടെ ഡി.വൈ.എഫ്.ഐക്കാരെയും പാർട്ടി പ്രവർത്തകരെയും ഉപയോഗിച്ച് പ്രചരണം നടത്താനാണ് ശ്രമിച്ചത്. അത് കോടതി അവസാനിപ്പിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ട്രൈബൽ കോളനികളിൽ സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുകയാണ്. ഏത് കാലത്തെങ്കിലും ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമല തന്ത്രിക്ക് ജാമ്യം നൽകിക്കൊണ്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് വളരെ പ്രധാനമാണ്. തന്ത്രിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ എന്തിനാണ് അറസ്റ്റു ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ പങ്കാളിത്തം എന്താണെന്നും വ്യക്തമായി പൊതുസമൂഹത്തോട് പറയേണ്ട ബാധ്യത എസ്.ഐ.ടിക്ക് ഉണ്ടെന്നും അറസ്റ്റ് നടന്നപ്പോൾ പ്രതിപക്ഷം പറഞ്ഞതാണ്. മന്ത്രിയെ അറസ്റ്റു ചെയ്താലും തന്ത്രിയെ അറസ്റ്റു ചെയ്താലും അതിൽ എന്താണ് കാരണമെന്ന് പറയണമെന്ന് ജനുവരി 11-ന് പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കോടതിയും അത് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഒരു തെളിവും ഇല്ലാതെ ശബരിമല തന്ത്രിയെ പോലെ ഒരാളെ 41 ദിവസം ജയിലിൽ ഇട്ടത് എന്തിനാണെന്ന് എസ്.ഐ.ടി പറയണം.
സി.പി.എം നേതാക്കൾക്കെതിരെ ആരോപണം ശക്തമായപ്പോൾ അതിൽനിന്ന് വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തിൽ തന്ത്രിയെ അറസ്റ്റു ചെയ്തതെന്ന ആരോപണമുണ്ട്. തെളിവിന്റെ ഒരു അംശം പോലും ഇല്ലെന്നാണ് കോടതി പറഞ്ഞത്. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് ഹൈക്കോടതി അന്വേഷിക്കണം. ഇതേക്കുറിച്ച് എസ്.ഐ.ടിയും പൊതുസമൂഹത്തോട് പറയണം. മുഴുവൻ പ്രതികളും പുറത്തിറങ്ങി ഒരു തെളിവും ഇല്ലാതെ ശബരിമല സ്വർണക്കൊള്ള കേസ് അവസാനിക്കുമെന്നും സതീശൻ പറഞ്ഞു.
സി.പി.എം വിട്ടുവരുന്നവർ കോൺഗ്രസിൽ ചേരുന്നതിന് ഇത്രയും അസ്വസ്ഥത കാട്ടുന്നത് എന്തിനാണ്? ഭരണം പോയപ്പോൾ കോൺഗ്രസ് വിട്ട് എത്രയോ പേർ സി.പി.എമ്മിൽ ചേർന്നു. അവർക്കൊക്കെ എന്തെല്ലാം സ്ഥാനങ്ങളാണ് നൽകിയത്. അവരുടെയൊക്കെ പേര് പറയുന്നില്ല. രണ്ടാംനിരയിലും മൂന്നാംനിരയിലും പ്രവർത്തിച്ചിരുന്നവർക്ക് ഭരണത്തിൽ തന്നെ പങ്കാളിത്തം നൽകി. സി.പി.എം. വിട്ട് വരുന്നവർ വരേണ്ടെന്ന് പറയണോയെന്നും സതീശൻ ചോദിച്ചു.
ബാറുകളുടെ സമയം ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി രാജേഷ് പ്രതിപക്ഷത്തെ ആരുമായും സംസാരിച്ചിട്ടില്ല. ബാർ ഉടമകൾ പറയുന്നത് പ്രതിപക്ഷത്തിന്റെ അഭിപ്രായമാകുന്നത് എങ്ങനെയാണ്? ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന നുണപറയൽ മത്സരത്തിൽ കൈരളി ടി.വിയുടെ മുഴുവൻ റിപ്പോർട്ടർമാരും പങ്കെടുക്കണം. കടുത്ത മത്സരമായിരിക്കും അതെന്നും സതീശൻ പരിഹസിച്ചു.
Content Highlights: Kerala Health Sector in Crisis: Opposition Leader V.D. Satheesan Slams Government Negligence
Published: 20 Feb 2026, 06:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented