ഡെങ്കി വൈറസിനെ പിടിച്ചുകെട്ടാൻ വലിയ ചുവടുവെപ്പിനൊരുങ്ങുകയാണ് ഇന്ത്യ. ഡ്രഗ്സ് കൺട്രോളർ ജനറൽ അംഗീകരിച്ച രാജ്യത്തെ ആദ്യ ഡെങ്കി വാക്സിൻ ക്യൂഡെംഗ (QDENGA) 2027-ന്റെ ആദ്യ പകുതിയോടെ വിപണിയിലെത്തും. ജാപ്പനീസ് മരുന്ന് നിർമ്മാതാക്കളായ ടാകെഡയാണ് വാക്സിൻ വികസിപ്പിച്ചത്. ക്യൂഡെംഗയുടെ പ്രചാരണത്തിനും വിതരണത്തിനുമായി ടാകെഡ, ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി പ്രത്യേക കരാർ ഒപ്പുവെച്ചു.
2026 ജൂലൈയിലാണ് വാക്സിന് സി.ഡി.എസ്.സി.ഒ(Central Drugs Standard Control Organisation)യുടെ അനുമതി ലഭിച്ചത്. രാജ്യത്ത് മാർക്കറ്റിങ് അനുമതി ലഭിക്കുന്ന ആദ്യത്തെ ഡെങ്കി വാക്സിനാണിത്. നാലുമുതൽ 60 വയസ്സുവരെ പ്രായമുള്ള വ്യക്തികളിൽ ഡെങ്കിപ്പനി പ്രതിരോധിക്കാനാണ് QDENGA-യ്ക്ക് ഇന്ത്യയിലെ ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്.
രാജ്യത്തെ ഡെങ്കിപ്പനി വ്യാപനം പലഘട്ടങ്ങളിലും കൂടുന്ന സാഹചര്യത്തിൽ വലിയ വഴിത്തിരിവാകും ഈ വാക്സിനെന്നാണ് കണക്കുകൂട്ടൽ. ലോകത്തിലെ ഡെങ്കിപ്പനി ബാധയുടെ ഏകദേശം മൂന്നിലൊന്നു ഭാഗം ഇന്ത്യയിലാണ്. വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഡെങ്കിപ്പനിയുടെ ഗുരുതര ലക്ഷണങ്ങൾ ഇല്ലാതാവുകയും ആശുപത്രിവാസം കുറയ്ക്കാനാവുകയും ചെയ്യുമെന്നാണ് അധികൃതർ കരുതുന്നത്.
ഡെങ്കിവൈറസിന്റെ നാല് സെറോടൈപ്പുകളിൽ നിന്നും സംരക്ഷണം നൽകാൻ രൂപകൽപ്പന ചെയ്ത വാക്സിനാണ് QDENGA. 0.5 മില്ലി രണ്ട് ഡോസ് എന്ന രീതിയിൽ ചർമത്തിനടിയിൽ നൽകുകയാണ് ചെയ്യുക. മൂന്നുമാസത്തെ ഇടവേളയിലാണ് ഡോസുകൾ നൽകുക. ഡെങ്കിപ്പനി ബാധയുള്ള പ്രദേശങ്ങളിൽ QDENGA ഉപയോഗിക്കാൻ നേരത്തേ ലോകാരോഗ്യസംഘടന ശുപാർശ ചെയ്തിരുന്നു. ഏഷ്യ, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 43 രാജ്യങ്ങളിൽ QDENGA അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ടാകെഡയുടെ ആഗോള ക്ലിനിക്കൽ ഡെവലപ്മെന്റ് പ്രോഗാമിൽ നിന്നുള്ള ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലും വാക്സിന് അംഗീകാരം നൽകാൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളിൽ നിന്നും അല്ലാത്ത പ്രദേശങ്ങളിൽ നിന്നും 28,000-ലേറെ ആധാരമാക്കിയാണ് ക്ലിനിക്കൽ ട്രയൽ നടത്തിയത്. മൂന്നു ഘട്ടങ്ങളിലായാണ് ക്ലിനിക്കൽ ട്രയൽ നടത്തിയത്. തുടർന്നാണ് വാക്സിൻ സ്വീകരിച്ച് മാസങ്ങൾക്കുള്ളിൽ ഡെങ്കിപ്പനിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പായത്. ഏഴുവർഷം വരെ സുരക്ഷയും കാര്യക്ഷമതയും വാക്സിൻ പ്രകടമാക്കിയിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു.
മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ളവരിൽ നടത്തിയ ഡാറ്റയും വാക്സിന്റെ കാര്യക്ഷമത വ്യക്തമാക്കി. ഇത് 4-60 വയസ്സ് പ്രായമുള്ള വ്യക്തികളിൽ വാക്സിൻ്റെ സുരക്ഷയും പ്രതിരോധശേഷിയും വിലയിരുത്തുന്നതായിരുന്നു ഈ ട്രയൽ. തുടർന്നാണ് ആരോഗ്യമുള്ള മുതിർന്നവർ, കൗമാരക്കാർ, കുട്ടികൾ എന്നിവരിൽ നന്നായി സുരക്ഷിതവും പ്രതിരോധശേഷി നൽകുന്നതുമാണ് പുതിയ വാക്സിനെന്ന് കണ്ടെത്തിയത്.
അതേസമയം വാക്സിൻ പൂർണമായും ഡെങ്കിയെ പ്രതിരോധിക്കുമെന്നല്ല മറിച്ച് ഡെങ്കിപ്പനി ഗുരുതരമാകുന്നതിനെയും പൊതുജനാരോഗ്യമേഖലയുടെ പ്രതിസന്ധിയെയും കുറയ്ക്കുമെന്നാണ് കരുതുന്നത്.
ഭയം വേണ്ട, ജാഗ്രത മതി
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാംവിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനി ബാധിച്ചാൽ സ്വയം ചികിത്സ പടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.
എന്താണ് ഡെങ്കിപ്പനി ?
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ ലസൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ പ്രധാനം
എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
തുരത്താം, കൊതുകിനെ
- കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
- ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
- ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
- കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
- ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
- ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.
Published: 19 Sept 2026, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented