മഴക്കാലമായിട്ടും വേനൽക്കാലത്തേതു പോലെയുള്ള ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇതിനൊപ്പം വിവിധ രോഗങ്ങളും വ്യാപിക്കുന്നുണ്ട്. കൊതുകുജന്യ രോഗങ്ങായ ഡെങ്കിപ്പനി, മലേറിയ എന്നിവയും എലിപ്പനിയും ഇൻഫ്ലുവൻസ വൈറസുകളുമൊക്കെ പടരുന്നുണ്ട്. ഇക്കൂട്ടത്തിൽ ചിലയിടങ്ങളിലായി മുണ്ടിനീരിന്റെ വ്യാപനവുമുണ്ട്. മുണ്ടിനീര് വ്യാപനത്തെത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ പൊങ്ങണംകാടുള്ള സെയ്ന്റ് എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ 25 വരെ അടച്ചിരിക്കുകയാണ്,
ഹയർ സെക്കൻഡറി വരെയുള്ള വിദ്യാലയത്തിലെ പ്രൈമറി വിഭാഗത്തിലാണ് രോഗവ്യാപനമുണ്ടായത്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. മുണ്ടിനീരിനു പുറമേ പനിയും വ്യാപിച്ചിട്ടുണ്ട്. അറുപതോളം കുട്ടികൾക്ക് രോഗം ബാധിച്ചെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. കുട്ടികൾക്കിടയിൽ പനിക്കു പുറമേ മുണ്ടിനീരും വ്യാപിക്കുന്നതറിഞ്ഞ് പഞ്ചായത്ത് അധികൃതർ ഇടപെട്ട് വിവരം ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും കളക്ടറെയും അറിയിച്ചു. തുടർന്നാണ് സ്‌കൂൾ അടയ്ക്കാൻ നിർദേശം നൽകിയത്.
തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് (തൊണ്ടി വീക്കം) റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഉമിനീർഗ്രന്ഥികളെ ബാധിക്കുന്ന രോഗം, ഗ്രന്ഥികളിൽ വീക്കം കാണുന്നതിന് രണ്ടു ദിവസം മുൻപും വീക്കം വന്ന ശേഷം നാലുമുതൽ ആറുവരെ ദിവസവുമാണ് പ്രധാനമായും മറ്റുള്ളവരിലേക്ക് പകരുന്നത്. അഞ്ചുമുതൽ 15വരെ വയസ്സുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും രോഗബാധ കാണാറുണ്ട്. മുതിർന്നവരിൽ രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ അറിയിപ്പിൽ പറയുന്നു.
ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും ഉടൻ വിവരമറിയിക്കണം. രോഗം പൂർണമായും മാറുന്നതുവരെ വീട്ടിൽ വിശ്രമിക്കുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. രോഗബാധിതരായ കുട്ടികളെ സ്കൂളിൽ അയക്കരുത്. രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകൾ കഴുകുക എന്നിവ രോഗപ്പകർച്ച തടയാൻ അത്യാവശ്യമാണ്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെക്കണ്ട് ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
രോഗം പകരുന്നത്
പാരമിക്സോ വൈറസാണ് രോഗകാരി. ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ എന്നിവയുടെ കണികകൾ വായുവിൽ കലർന്നാണ് മറ്റൊരാളിലേക്കു പടരുന്നത്. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും രോഗി കൈകാര്യംചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും പകരും. കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നത്. മുതിർന്നവരെയും ബാധിക്കാം. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം. നീരുള്ള ഭാഗത്ത് വേദനയനുഭവപ്പെടാം.
ലക്ഷണങ്ങൾ
ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശിവേദന എന്നിവയാണ് മറ്റുലക്ഷണങ്ങൾ. നീര്, തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ താമസിപ്പിക്കരുത്.
ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരം
പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി ഇവയ്ക്ക് അണുബാധയുണ്ടാകും. കേൾവി തകരാറിനും ഭാവിയിൽ പ്രത്യുത്പാദന തകരാറുകൾക്കും സാധ്യത. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥയുണ്ടാകും. രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കമൊഴിവാക്കുക, രോഗികളായ കുട്ടികളെ സ്കൂളിൽ വിടരുത്, രോഗിയുപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക.
രോഗികൾ ശ്രദ്ധിക്കേണ്ടത്
ധാരാളം വെള്ളംകുടിക്കുക. പുളിപ്പുള്ള പഴച്ചാറുകൾപോലെയുള്ള പാനീയങ്ങൾ കുടിക്കരുത്. ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങൾ കഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളംചൂടുള്ള ഉപ്പുവെള്ളം കവിളിൽ കൊള്ളുക. ഐസ് വെക്കുന്നതും ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണിയുപയോഗിച്ച് ചൂടുവെക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നൽകും
Content Highlights: Learn about mumps symptoms and treatment, including how it spreads, common signs, and essential care tips for children and adults.
Published: 19 Sept 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented