തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ജിഎസ്ടി തട്ടിപ്പിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടി. ഉദ്യോഗസ്ഥർക്ക് ജി.എസ്.ടി. കമ്മീഷണർ ചാർജ് മെമ്മോ നൽകി. നികുതി പിരിക്കുന്നതിൽ ജി.എസ്.ടി. ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തിയതിനെ തുടർന്നാണ് നപടി.

To advertise here,

വടക്കൻ മേഖലാ ജോയിന്റ് കമ്മീഷണർ ശ്രീവത്സ, കാസർകോട് ഡെപ്യൂട്ടി കമ്മീഷണർ വി. സജിത്ത്, ഇന്റലിജൻസ് ഓഫീസർ സജിനി എന്നിവർക്കാണ് ചാർജ് മെമ്മോ നൽകിയിരിക്കുന്നത്. സ്‌പോൺസർക്ക് മെമ്മോ നൽകുന്നതിൽ കാലതാമസമുണ്ടായതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ജി.എസ്.ടി. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽനിന്ന് ജി.എസ്.ടി. തുകയായ 22.68 കോടി രൂപ പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് എസ്.ഐ.ടിയുടെ പ്രാഥമിക കണ്ടെത്തൽ.

തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെ ജി.എസ്.ടി. ഓഫീസിലേക്ക്, കാഞ്ഞങ്ങാട്ടെ ഇന്റലിജൻസ് ഓഫീസറെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജി.എസ്.ടി. കമ്മീഷണർ മൂന്ന് ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ നൽകിയത്.

പ്രത്യേകാന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും. ഇതിന് പിന്നാലെ കൂടുതൽ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.