തിരുവനന്തപുരം: ദക്ഷിണ റെയിൽവേയുടെ പാർക്കിങ് കേന്ദ്രങ്ങളിൽ വൻ നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനവ്യാപകമായി നടത്തിയ തെരച്ചിലിൽ 7.56 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് വകുപ്പ് കണ്ടെത്തിയത്.

To advertise here,

കഴിഞ്ഞ 16-ാം തീയതിയാണ് ദക്ഷിണ റെയിൽവേയുടെ പാർക്കിങ് കേന്ദ്രങ്ങളിൽ ജിഎസ്ടി വകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്. പേ പാർക്കിങ് നടത്തുന്ന 22 നികുതിദായകരെ കേന്ദ്രീകരിച്ചായിരുന്നു നടപടി. ഇവരുടെ പാർക്കിങ് കേന്ദ്രങ്ങൾ, വീടുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 69 സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

ഇവർ നികുതി റിട്ടേണുകളിൽ സമർപ്പിച്ച ടേൺ ഓവർ തുക യഥാർത്ഥ തുകയേക്കാൾ വളരെ കുറച്ചാണ് കാണിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ ഇനത്തിൽ മാത്രം 42 കോടി രൂപയുടെ ടേൺ ഓവർ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

പരിശോധന നടന്ന 22 നികുതിദായകരിൽ 13 പേരുടെ വ്യാപാര ഇടപാടുകൾ ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകൾ പരിശോധിച്ചാണ് പുറത്തുകൊണ്ടുവന്നത്. ബാക്കിയുള്ളവരുടെ കണക്കുപുസ്തകങ്ങൾ, രജിസ്റ്ററുകൾ, മൊബൈൽ ചാറ്റുകൾ എന്നിവ വിശദമായി പരിശോധിച്ചാണ് 7.56 കോടി രൂപയിൽ അധികം വരുന്ന നികുതിവെട്ടിപ്പ് ഉറപ്പാക്കിയത്.

റെയിൽവേ പാർക്കിങ്ങിന് പുറമെ കെഎസ്ആർടിസി, ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ വാഹന പാർക്കിങ് കേന്ദ്രങ്ങളിലേക്കും ജിഎസ്ടി വകുപ്പ് വരും ദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കും.