കാഞ്ഞങ്ങാട്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി(ആർ.ബി.സി.)യുടെ അക്കൗണ്ടിലെത്തിയ ഉറവിടം വ്യക്തമല്ലാത്ത നിക്ഷേപത്തെക്കുറിച്ച് ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം അന്വേഷിക്കുന്നു. മെസ്സിയെയും അർജന്റീനാ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്കയച്ച 126 കോടിയുടെ നികുതിവെട്ടിച്ചെന്ന ആരോപണത്തിൽ സമൻസ് നൽകിയതിനു പിന്നാലെയാണിത്. 2024-25 സാമ്പത്തികവർഷം 549.22 കോടി രൂപയാണ് ആർ.ബി.സി.യുടെ വിവിധ ബാങ്ക് അക്കൗണ്ടിലെത്തിയത്. ഇതിൽ ഗോകുലം ചിറ്റ്‌സിന്റെ 137.75 കോടിയും ഹിന്ദുജ ഫിനാൻസ് കമ്പനി നൽകിയ 75 കോടിയും ഉൾപ്പെടും. ഈ 212.75 കോടിയുടെ കണക്കേ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലൂള്ളൂ. ബാക്കി 336.47 കോടിയുടെ ഉറവിടത്തെക്കുറിച്ചാണ് അന്വേഷണം.

To advertise here,

ജി.എസ്.ടി. തിരുവനന്തപുരം ജോയിന്റ് കമ്മിഷണറുടെ മേൽനോട്ടത്തിൽ കൊല്ലം യൂണിറ്റാണ് അന്വേഷിക്കുന്നത്. രണ്ടു വർഷത്തിനിടെ എസ്.ബി.ഐ. കാക്കനാട് ശാഖ അക്കൗണ്ടിൽ മാത്രം വന്നത് 436 കോടിയാണ്. ആക്‌സിസ് ബാങ്കിന്റെയും ഐ.സി.ഐ.സി.ഐ. ബാങ്കിന്റെയും കളമശ്ശേരി ശാഖകളിലെ അക്കൗണ്ടുകളിൽ 111.80 കോടിയും വന്നു. ഈ പണമെല്ലാം അതതു സമയത്ത് പിൻവലിച്ചിട്ടുമുണ്ട്.

ആർ.ബി.സി.ക്ക് പണമെടുക്കാൻ ഹിന്ദുജ ഫിനാൻസ് ലിമിറ്റഡിൽ ജാമ്യക്കാരനായത് വ്യവസായി ഗോകുലം ഗോപാലനാണെന്ന് എസ്.ഐ.ടി.ക്ക് ഹിന്ദുജ ഫിനാൻസ് നൽകിയ മറുപടിയിൽ പറയുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി, ടി.ബി.സി. എന്റർപ്രൈസസ്, എമരാജ് കോർപ്പറേഷൻ, മെൽബി ജോസ്, ബില തെരേസ, കെ.ജെ. ജോസ്, റോജി എം. അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ പേരുകളിലാണ് 75 കോടി രൂപ വായ്പയെടുത്തത്. എല്ലാമെത്തിയത് ആർ.ബി.സി.യുടെ ഒറ്റ അക്കൗണ്ടിൽ.