തിരുവനന്തപുരം: അർജന്റീനാ ഫുട്ബോൾതാരം മെസ്സിയെ കേരളത്തിലെത്തിക്കുമെന്നപേരിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് ജി.എസ്.ടി. അന്വേഷണം പുനരാരംഭിച്ചു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും അവർക്ക് പണംനൽകിയ ധനകാര്യ സ്ഥാപനങ്ങൾക്കും അർജന്റീനയിലേക്ക്‌ പണമയച്ച ബാങ്കിനും സമൻസയച്ചു. ഇടപാടുസംബന്ധിച്ച രേഖകൾ ഹാജരാക്കാനാണ് സമൻസ്.

To advertise here,

അന്വേഷണത്തിനും തുടർനടപടികൾക്കും ജി.എസ്.ടി.യുടെ കൊല്ലത്തെ ഇന്റലിജൻസ് യൂണിറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. അർജന്റീനയിലേയ്ക്ക് പണം കൈമാറിയതുസംബന്ധിച്ച രേഖകൾ ബാങ്ക് ഹാജരാക്കി. റിപ്പോർട്ടർ കമ്പനി ശനിയാഴ്ച രേഖകൾ നൽകണം. കമ്പനിക്ക് പണംനൽകിയെന്നു കണ്ടെത്തിയ ഗോകുലം ഫിനാൻസ്, ഹിന്ദുജ ലൈലാൻഡ് ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ രേഖകൾ നൽകാൻ സാവകാശം തേടി. ഇതെല്ലാം പരിശോധിച്ചശേഷമാകും നികുതിവെട്ടിപ്പിന് പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകുക.

നികുതിയും പലിശയും പിഴയും ചേർത്ത് 56 കോടി രൂപ റിപ്പോർട്ടർ കമ്പനിയിൽനിന്ന് പിഴയായി ഈടാക്കാനാണ് നീക്കം. 25.78 കോടിയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്. ഇതിന് 18 ശതമാനം പലിശയും നികുതിവെട്ടിപ്പിന് തുല്യം പിഴയും ചുമത്തിയതോടെയാണ് തുക ഉയർന്നത്. റിപ്പോർട്ടർ കമ്പനിക്ക് പണം നൽകിയതിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ധനകാര്യ സ്ഥാപനങ്ങൾക്ക് സമൻസ്.

ഡെപ്യൂട്ടി കമ്മിഷണർമാർ തെറിച്ചു

കാഞ്ഞങ്ങാട് (കണ്ണൂർ): നികുതിവെട്ടിച്ച റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരേയുള്ള അന്വേഷണം മരവിപ്പിക്കാൻ കൂട്ടുനിന്നുവെന്ന് എസ്.ഐ.ടി. കണ്ടെത്തിയ ജി.എസ്.ടി. ഡെപ്യൂട്ടി കമ്മിഷണർമാർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം യൂണിറ്റിലെ വി. സുനിൽകുമാർ, കാസർകോട് യൂണിറ്റിലെ വി. സജിത്ത് എന്നിവരെയാണ് മാറ്റിയത്. സുനിൽകുമാറിനെ ആലപ്പുഴ ജില്ലയിലെ കുത്തിയതോട് ഓഡിറ്റ് ഡിവിഷനിലേക്കും സജിത്തിനെ കാസർകോട് ഓഡിറ്റ് ഡിവിഷനിലേക്കുമാണ് മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഇന്റലിജൻസ് വിഭാഗം ജോയിന്റ് കമ്മിഷണർ ശ്രീവത്സ, ജി.എസ്.ടി. അഡീഷണൽ കമ്മിഷണർ മുഹമ്മദ് ഷഫീഖ് എന്നിവരെ നേരത്തേ സ്ഥലംമാറ്റിയിരുന്നു.