
അമ്പലപ്പുഴ : പുന്നപ്ര സ്വദേശി കെ.ഡി. അഖിലാനന്ദന്റെ ആണ്ടിയാർ ദീപം എന്ന വീഞ്ഞുവള്ളം 28 തൊഴിലാളികളുമായി ബുധനാഴ്ച പുലർച്ചെ തോട്ടപ്പള്ളിയിൽനിന്ന് കടലിൽപ്പോയതാണ്. വൈകുന്നേരം അഞ്ചുമണിയോടെ നിറയാത്ത വലയുമായാണ് മടങ്ങിയെത്തിയത്. ഇന്ധനച്ചെലവും തൊഴിലാളികളുടെ ബാറ്റയുമായി ചെലവായത് 22,000 രൂപ. കിട്ടിയ മീൻവിറ്റപ്പോൾ കിട്ടിയത് മൂവായിരം രൂപയും.
പ്രതീക്ഷയോടെ കാത്തിരുന്ന ട്രോളിങ് നിരോധനത്തിന്റെ ആദ്യദിനങ്ങളിൽ പരമ്പരാഗത തൊഴിലാളികൾക്ക് നിരാശത മാത്രമാണ്. തോട്ടപ്പള്ളി തുറമുഖത്തുനിന്ന് ബുധനാഴ്ച നൂറിനടുത്ത് വലിയ വള്ളങ്ങളാണ് പണിക്കു പോയത്. ഇതിൽ മൂന്നു ലൈലാൻഡ് വള്ളങ്ങൾക്കു മാത്രമാണ് മത്തി ലഭിച്ചത്. ഭൂരിപക്ഷംപേരും ഒഴിഞ്ഞ വലയുമായി മടങ്ങി. നീട്ടുവലക്കാർക്കും പൊന്തുവള്ളക്കാർക്കും മാത്രമാണ് എന്തെങ്കിലുമൊക്കെ നേട്ടമുണ്ടായത്. പലർക്കും മത്തിയും ചെറുമീനുകളുമാണ് കിട്ടിയത്.
കേരളതീരത്ത് 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയാണ് നിലവിൽ വന്നത്. ജില്ലയിലെ നാല്പതോളം യന്ത്രവത്കൃതബോട്ടുകൾ ഇതോടെ തീരമണഞ്ഞു. അറ്റകുറ്റപ്പണിക്കും പെയിന്റിങ്ങിനുമൊക്കെയായി ബോട്ടുകൾ കൊല്ലം ജില്ലയിലെ യാഡുകളിലേക്കു മാറ്റി. അവശേഷിക്കുന്നവ ഉൾനാടൻ ജലാശയങ്ങളിൽ നങ്കൂരമിട്ടിരിക്കുകയാണ്.
യന്ത്രവത്കൃതബോട്ടുകൾ തീരമണയുന്ന ട്രോളിങ് നിരോധനകാലത്താണ് പരമ്പരാഗത തൊഴിലാളികൾക്ക് കാര്യമായ നേട്ടമുണ്ടാകുന്നത്. തൊഴിൽ നഷ്ടപ്പെട്ട ബോട്ടുതൊഴിലാളികളിൽ പലരും നിരോധനകാലത്ത് പരമ്പരാഗത യാനങ്ങളിൽ പണിക്കുപോകും. പ്രതികൂല കാലാവസ്ഥയുടെ വരവാണ് പരമ്പരാഗത തൊഴിലാളികളെ ആശങ്കയിലാക്കുന്നത്. ട്രോളിങ് നിരോധനകാലത്ത് ചാകരയുണ്ടായാൽ കടക്കെണിയിൽനിന്ന് കരകയറാനാകുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് പരമ്പരാഗത മത്സ്യബന്ധനമേഖല.
ഭീഷണിയായി കടൽപ്പന്നികളും
പ്രതികൂല സാഹചര്യങ്ങളിലും കടലിൽപ്പോകുന്ന തൊഴിലാളികൾക്ക് ഭീഷണിയായി കടൽപ്പന്നികളും. ബുധനാഴ്ച തോട്ടപ്പള്ളി തുറമുഖത്തുനിന്ന് കടലിലിറക്കിയ ആണ്ടിയാർ ദീപമടക്കമുള്ള വള്ളങ്ങളുടെ വലകൾ കടൽപ്പന്നികളുടെ ആക്രമണത്തിൽ കീറിനശിച്ചു. കടലിൽപ്പോകുന്നതുതന്നെ സാമ്പത്തികബാധ്യതയാകുമ്പോൾ ഇത്തരം തിരിച്ചടികൾ നിലനിൽപ്പിനു ഭീഷണിയാണെന്ന് തൊഴിലാളികൾ പറയുന്നു.
ചാകരയുടെ ലക്ഷണമില്ല
ചാകരയുടെ ലക്ഷണങ്ങളൊന്നും കണ്ടുതുടങ്ങിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനം വന്നതോടെ പ്രതീക്ഷയുടെ ഓളപ്പരപ്പിലേക്കാണ് ചെറുവള്ളക്കാരും പാരമ്പര്യ മത്സ്യത്തൊഴിലാളികളും വലയെറിയുന്നത്. പ്രതീക്ഷിച്ചത്ര കോളില്ലെന്ന് അവർ പറയുന്നു. ജില്ലയുടെ വടക്കൻമേഖലയിലും മത്സ്യലഭ്യത കുറവായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു.
കടലിൽ പോതുവേ മീൻകുറവാണെന്നും കപ്പലിനു തീപിടിച്ചുണ്ടായ അപകടംകാരണം ഉപരിതല മത്സ്യങ്ങൾ തീരത്തുനിന്ന് അകന്നെന്നും അവർ ആശങ്കപ്പെടുന്നു. കാലവർഷം ശക്തമാകുമെന്ന പ്രവചനം വന്നതോടെ തൊഴിലാളികൾ ആധിയിലാണ്. കാറ്റും കോളും കാരണം കടൽ പ്രക്ഷുബ്ധമായി മീൻപിടിത്തത്തിനു നിയന്ത്രണങ്ങൾ വന്നാൽ തൊഴിലാളികൾ വറുതിയിലാകും.
ഉൾനാടൻ ജലാശയങ്ങളിൽനിന്നു പിടിക്കുന്ന മത്സ്യങ്ങളുടെ വിൽപ്പന പാതയോരങ്ങളിൽ തകൃതിയാണ്.
Content Highlights: Kerala`s 52-day trolling ban brings hardship to traditional fishermen
Published: 12 Jun 2025, 08:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented