തോപ്പുംപടി: തകര്‍ച്ചയിലേക്കുവീണ കേരളത്തിന്റെ മത്സ്യമേഖലയെ താങ്ങിനിര്‍ത്തിയത് മൂന്നര പതിറ്റാണ്ടുമുന്‍പ് നടപ്പാക്കിത്തുടങ്ങിയ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനമാണെന്ന് വിലയിരുത്തല്‍. വലിയ എതിര്‍പ്പുകള്‍ക്കിടയിലും ട്രോളിങ് നിരോധനം നടപ്പാക്കാന്‍ കഴിഞ്ഞതാണ് നേട്ടമായതെന്നും മത്സ്യമേഖലയുടെ ഗതി മാറ്റിയതെന്നും പ്രമുഖ മത്സ്യഗവേഷകനും കുഫോസ് മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് പറയുന്നു. വര്‍ഷകാലത്ത് ട്രോളിങ് നിര്‍ത്തിവയ്ക്കുമ്പോള്‍, വന്‍തോതില്‍ മീന്‍മുട്ടകളെയും, കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ കഴിയുന്നു. അതുകൊണ്ടാണ് നമ്മുടെ മത്സ്യസമ്പത്ത് ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നത്.

To advertise here,

കടലില്‍ മത്സ്യോത്പാദനം കുറഞ്ഞ 80 കളിലാണ് നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ചകളുണ്ടായത്. ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് മത്സ്യങ്ങളുടെ പ്രജനനകാലമായ മണ്‍സൂണില്‍, ട്രോളിങ് ഒഴിവാക്കാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചത്. 1987-ല്‍ ആദ്യമായി ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ആഴക്കടലില്‍ മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നത് വര്‍ഷകാലത്താണ്. ഈ സമയത്ത് ട്രോളിങ് നടത്തിയാല്‍ അടിത്തട്ടിലുള്ള മത്സ്യങ്ങളുടെ ലാര്‍വകളും, കുഞ്ഞുങ്ങളും ഉള്‍പ്പെടെ നശിക്കും. ഇത് മത്സ്യസമ്പത്തിന്റെ നാശത്തിന് വഴിതുറക്കും. അതുകൊണ്ട് ആ സമയത്ത് ട്രോളിങ് ഒഴിവാക്കാനാണ് നിര്‍ദേശിച്ചത്. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ 46 ദിവസവും പിന്നീട് 52 ദിവസവും കേരളത്തില്‍ ട്രോളിങ് നിരോധിച്ചു. ട്രോളിങ് നിരോധനം വന്നതിനുശേഷം മത്സ്യ ഉത്പാദനത്തില്‍ വലിയ വര്‍ധനയുണ്ടായതായി മധുസൂദനക്കുറുപ്പ് പറയുന്നു.

placeholder
പ്രൊഫ. ബി. മധുസൂദനക്കുറുപ്പ്

''2005 ഞാന്‍ ചെയര്‍മാനായ സമിതി ഇതേക്കുറിച്ച് പഠനം നടത്തി. നിരോധനം വന്നശേഷം മത്സ്യോത്പാദനത്തില്‍ 70 ശതമാനം വളര്‍ച്ചയുണ്ടായതായി അന്ന് കണ്ടെത്തി. സംസ്ഥാനമാകെ നടത്തിയ പഠനമായിരുന്നു അത്''-പ്രൊഫ. മധുസൂദനക്കുറുപ്പ് പറയുന്നു. 2008-ലും ട്രോളിങ് നിരോധനത്തെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയിലും മധുസൂദനക്കുറുപ്പ് അംഗമായിരുന്നു. ട്രോളിങ് നിരോധനം മത്സ്യമേഖലയിലും കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലയിലുമുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ച് ആ റിപ്പോര്‍ട്ടിലും ഉണ്ട്. 300 പേജുള്ള ആ റിപ്പോര്‍ട്ട് ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട ആധികാരികപഠനമാണ്. അത് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. പിന്നീട് 2014-ലും പഠനം നടന്നു.

''മത്സ്യനാശം നിയന്ത്രിക്കാന്‍ നോര്‍വേ നടപ്പാക്കിയ രീതി പിന്തുടര്‍ന്നാണ് കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ശ്രീലങ്ക, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും വര്‍ഷകാല നിരോധനങ്ങളുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മീന്‍പിടിത്ത നിരോധനം മാത്രമല്ല, യാനങ്ങളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. കേരളത്തോടൊപ്പം കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുമുണ്ട് നിരോധനം. സീസണ്‍ മാറുന്നതോടെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, ബംഗാള്‍ തുടങ്ങി കിഴക്കന്‍ മേഖലയിലും ഇത് നിലവില്‍വരും.'' -മധുസൂദനക്കുറുപ്പ് പറയുന്നു.