എന്തെല്ലാംതരം മത്സ്യങ്ങളാണ് നമ്മുടെ തോടുകളിലും കായലുകളിലും കടലിലും ഒക്കെ ഉള്ളത്. വലുപ്പവും വേഗവും സ്വഭാവവും അനുസരിച്ച് ഇവയെ പിടിക്കാനുമുണ്ട് ഒട്ടേറെ വ്യത്യസ്തവും രസകരവുമായ മാർഗങ്ങൾ. മീൻപിടിക്കുന്ന ഉപകരണങ്ങളെ ഇംഗ്ലീഷിൽ ഫിഷിങ് ഗിയർ എന്നാണ് വിളിക്കുക. മീൻപിടിക്കാൻ വിനിയോഗിക്കുന്ന ഊർജത്തെ അടിസ്ഥാനമാക്കി മത്സ്യബന്ധന ഉപാധികളെ രണ്ടായി തരംതിരിക്കാം. ഊർജിത വലകളും ഉദാസീന വലകളും. കൂടുതൽ അധ്വാനത്തോടെ വീശുന്ന സീൻവലകൾ, ട്രോൾവലകൾ, വീശുവലകൾ എന്നിവയെല്ലാം ഊർജിത വലകളാണ്. അധികം അധ്വാനമില്ലാതെ മീൻപിടിക്കാൻ ഉപയോഗിക്കുന്നവയാണ് ഉദാസീന വലകൾ. ചൂണ്ടകൾ, മീൻ കൂടുകൾ എല്ലാം ഇവയിൽപ്പെടും.
പേഴ്‌സ് സീൻ വലകൾ:
പണസഞ്ചിയുടെ രൂപത്തിൽ ഉള്ളതിനാലാണ് ഇവയെ ഇങ്ങനെ വിളിക്കുന്നത്. ദീർഘചതുരാകൃതിയിൽ കിലോമീറ്ററുകൾവരെ നീളമുള്ള വലിയ വലകളാണ് സീൻ വലകൾ. ഇതിലെ ഒരു വിഭാഗമാണ് ഈ പണസഞ്ചി വലകൾ. മീൻകൂട്ടങ്ങളെ മുഴുവൻ വലയ്ക്കുള്ളിലാക്കി അടിവശത്തെ പ്രധാന റിങ്ങുകളിലൂടെയുള്ള കയർ വലിക്കുമ്പോൾ വല ഒരു പണസഞ്ചിയുടെ രൂപത്തിൽ ആവുകയും മീനുകളെല്ലാം വലയിൽ കുടുങ്ങുകയും ചെയ്യുന്നു.
ആ ട്രോൾ അല്ല ഈ ട്രോൾ:
പൂമ്പാറ്റകളെ പിടികൂടുന്ന തരത്തിലുള്ള വലകളുടെ മറ്റൊരു രൂപാന്തരമാണ് ട്രോൾ വലകൾ. ഈ വലകൾ കടലിന്റെ അടിത്തട്ടിലൂടെ നിശ്ചിതസമയം വലിക്കുന്നു. ആ സമയത്ത് ഇതിന്റെ വായഭാഗത്ത് വരുന്ന ജീവികളെല്ലാം കൂട്ടത്തോടെ ഇതിൽപ്പെടുന്നു. ട്രോളിങ് എന്നാണ് ഇതിനെ പറയുന്നത്. ഇത് കടലിലെ ജൈവസമ്പത്തിന് വൻ ഭീഷണിയാണ്. മത്സ്യങ്ങൾ പ്രത്യുത്പാദനം നടത്തുന്ന മാസങ്ങളിൽ ഈ വല ഉപയോഗിച്ച് മീൻ പിടിക്കുന്നത് നിരോധിക്കുന്നതിനാണ് ട്രോളിങ് നിരോധനം എന്ന് പറയുന്നത്.
ചൂണ്ടകൾ:
ഞാഞ്ഞൂലിനെ കൊരുത്ത് കുഞ്ഞുമീനുകളെ ചൂണ്ടയിടാത്തവർ കുറവായിരിക്കും. കടലിൽ മത്സ്യങ്ങളെ പിടിക്കാൻ ഉപയോഗിക്കുന്ന ചൂണ്ടകളിൽ പ്രധാനപ്പെട്ടത് longline ആണ്. ആയിരക്കണക്കിന് ചൂണ്ടകൾ നീളമുള്ള ചരടിൽ തൂക്കിയിട്ടാണ് ലോങ് ലൈനുകൾ നിർമിക്കുന്നത്. ജെ ആകൃതിയിലോ വൃത്താകൃതിയിലോ ഉള്ള ചൂണ്ടകളാണ് പൊതുവേ ഉപയോഗിക്കുന്നത്. വൃത്താകൃതിയിലുള്ള ചൂണ്ടയിൽ കുടുങ്ങുന്ന വലിയ ജീവികൾക്ക് രക്ഷപ്പെടാൻ സാധിക്കും.
ഉടക്കുവലകൾ:
മത്സ്യങ്ങളുടെ ചെകിളമൂടിയിൽ കുടുങ്ങി അവ അകത്താകുന്നത് ഇത്തരം ഉടക്കുവലകളിലാണ്. ദീർഘചതുരാകൃതിയിൽ മീറ്ററുകളോളം നീളമുള്ള ഇത്തരം ഉടക്കുവലകൾ കടലിലും ഉൾനാടൻ ജലാശയങ്ങളിലും സാധാരണയായി ഉപയോഗിക്കുന്നുണ്ട്. പിടിക്കാൻ ഉദ്ദേശിക്കുന്ന മീനുകളുടെ വലുപ്പം നോക്കിയാണ് ഇത്തരം വലകളുടെ കണ്ണിവലിപ്പം നിശ്ചയിക്കുന്നത്. ചിലപ്പോൾ ഒഴുക്കിയും മറ്റുചിലപ്പോൾ കെട്ടിനിർത്തിയും ഇത്തരം വലകൾ ഉപയോഗിച്ച് മീൻ പിടിക്കാറുണ്ട്.
ഊത്ത പിടുത്തം:
മത്സ്യങ്ങൾ ധാരാളമായി മുട്ടയിടാൻ എത്തുന്ന ഊത്തക്കാലത്ത് അവയെ പ്രജനന കേന്ദ്രങ്ങളിൽവെച്ച് പിടിക്കുന്നതിനാണ് ഊത്ത പിടുത്തം എന്ന് പറയുന്നത്. പകൽ വല ഉപയോഗിച്ചും രാത്രിയിൽ ടോർച്ചുവെളിച്ചത്തിൽ ഒറ്റാൽ ഉപയോഗിച്ചും മത്സ്യങ്ങളെ പിടിക്കും. മത്സ്യങ്ങൾ അകത്തുകയറിയാൽ പുറത്തിറങ്ങാൻ പറ്റാത്തതരം മീൻകൂടുകളിൽ ഒന്നാണ് ഒറ്റാൽ. ഒഴുക്കിനൊപ്പം സഞ്ചരിച്ചുവരുന്ന മത്സ്യങ്ങളെ പിടിക്കാൻ മുളകൊണ്ട് ഫണൽ ആകൃതിയിൽ നിർമിച്ച നത്തൂട്, ഒഴുക്കിനെതിരേ നീന്തുന്ന മത്സ്യങ്ങളെ ഉള്ളിൽ കയറ്റി കുടുക്കുന്ന അടിച്ചിൽ, ചാലുകളിൽനിന്ന് വയലുകളിൽ കയറുന്ന മത്സ്യങ്ങളെ പിടിക്കാനുള്ള കൂട്, ഉടക്കുവല, വീശുവല എന്നിവയും ഊത്ത പിടുത്തത്തിന് ഉപയോഗിക്കാറുണ്ട്.
അമ്പും വില്ലും മൃഗങ്ങളും:
അമ്പും വില്ലും ഉപയോഗിച്ചും ചില മൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിച്ചും മീൻപിടിക്കുന്നവരുണ്ട്.
Content Highlights: Detailed classification of fishing gear into active and passive nets
Published: 08 Oct 2026, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented