തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ. 441 സഹകരണബാങ്കുകൾ നിക്ഷേപം പൂർണമായി മടക്കിനൽകാനാകാത്ത പ്രശ്നം നേരിടുന്നതായാണ് കണ്ടെത്തൽ. നിക്ഷേപകരെ സംരക്ഷിക്കുംവിധം ഈ ബാങ്കുകളെ സാമ്പത്തികമായി മെച്ചപ്പെടുത്താനുള്ള മെഗാ രക്ഷാപ്പാക്കേജാണ് സർക്കാർ പരിഗണിക്കുന്നത്. രൂപരേഖ തയ്യാറായി.
കരുവന്നൂർ സഹകരണബാങ്കിലെ സാമ്പത്തികക്രമക്കേടും പിന്നാലെയുണ്ടായ പ്രതിസന്ധിയും സഹകരണമേഖലയുടെ വിശ്വാസ്യതയെ ബാധിച്ചു. പല ജില്ലകളിലും നിക്ഷേപം തിരിച്ചു കൊടുക്കാനാകാത്ത ബാങ്കുകളുടെയും സംഘങ്ങളുടെയും പ്രശ്നം ആവർത്തിച്ചു. ഈ ഘട്ടത്തിലൊന്നും പ്രാഥമിക സഹകരണബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം പരിശോധിക്കാൻ സഹകരണവകുപ്പ് തയ്യാറായിരുന്നില്ല. പ്രശ്നങ്ങളെ ഒറ്റപ്പെട്ട സംഭവമായി പരിഗണിച്ചുള്ള ഇടപെടലാണ് നടത്തിയത്.
കഴിഞ്ഞസർക്കാരിൻ്റെ കാലത്ത് ഇടുക്കിയിലും യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതിനു പിന്നാലെ വടകരയിലും നിക്ഷേപം തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് ആത്മഹത്യയുണ്ടായി. ഓഹരിയും ലാഭത്തിൽ നിന്ന് മാറ്റിവെച്ച കരുതൽഫണ്ടുമാണ് ഒരു സഹകരണ ബാങ്കിന്റെ സ്വന്തം ഫണ്ട്. ലാഭം ഇല്ലാതാകുകയും നഷ്ടം സ്വന്തം ഫണ്ടിനെക്കാൾ കൂടുകയും ചെയ്യുന്ന ഘട്ടത്തിലാണ് ബാങ്കിൽ നിക്ഷേപത്തുക (ഡെപ്പോസിറ്റ് ഇറോഷൻ) കുറയുന്നത്. സ്വന്തം ഫണ്ടിനെക്കാൾ അധികം എത്ര നഷ്ടമുണ്ടാകുന്നോ, അത്രയും പണം നിക്ഷേപത്തിൽനിന്ന് എടുക്കേണ്ടി വരും. ഇത് നിക്ഷേപം പൂർണമായി തിരിച്ചുകൊടുക്കാൻ കഴിയാത്ത അവസ്ഥയിലെത്തിക്കും.
നിക്ഷേപത്തുക ഉപയോഗിച്ച് ജീവനക്കാർക്ക് ശമ്പളം നൽകരുതെന്ന് സഹകരണസംഘം രജിസ്ട്രാർ സർക്കുലർ ഇറക്കിയിട്ടുണ്ട്.
സാമ്പത്തികക്രമക്കേട്, സ്വജനപക്ഷപാതിത്വം എന്നിവ നടന്നിട്ടുണ്ടെങ്കിൽ നഷ്ടം അവരിൽനിന്നുതന്നെ ഈടാക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് സർക്കാർ നിലപാട്. മറ്റെല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള നടപടി പാക്കേജിൻ്റെ ഭാഗമാക്കിയേക്കും. വീഴ്ച നടത്തിയ ഭരണസമിതി തന്നെ തുടരുന്ന ബാങ്കുകളിൽ വീണ്ടും അവർക്കുതന്നെ സർക്കാർ സാമ്പത്തിക സഹായം അനുവദിക്കുന്നതിൽ ഭിന്നാഭിപ്രായമുണ്ട്. ഭരണസമിതിയെ മാറ്റിയശേഷം ആ ബാങ്കിന് സാമ്പത്തികസഹായം നൽകിയാൽ മതിയെന്ന ആവശ്യത്തിൽ സഹകരണവകുപ്പ് തീരുമാനമെടുത്തിട്ടില്ല. അതിൽ തീരുമാനമെടുത്തശേഷമായിരിക്കും പാക്കേജ് പ്രഖ്യാപിക്കുക.
Content Highlights: Government identifies 441 cooperative banks failing to return deposits fully. A mega rescue package is being planned to improve the financial health of these banks and protect investors. Deposit erosion occurs when losses exceed a bank's own funds, leading to payout failures. Strict actions are considered against erring management committees before financial aid is disbursed.
Published: 14 Aug 2026, 04:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented