തിരുവനന്തപുരം: അടിച്ചമർത്താൻ നോക്കിയാലും സമരം തുടരുമെന്ന് എൽപിഎസ്ടി റാങ്ക് ഹോൾഡറും സമര നേതാവുമായ വളർമതി. ഇന്നലെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി ഇന്ന് വീണ്ടും സമരപ്പന്തലിലെത്തി സമരം തുടരുകയാണ്. ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇവർ നിലപാട് വ്യക്തമാക്കിയത്. എയ്ഡഡ് മേഖലയ്ക്ക് കൊടുത്താൽ മാത്രമേ സർക്കാരിന് ലാഭമുള്ളു. അതുകൊണ്ടാണ് വിദ്യാർഥി- അധ്യാപക അനുപാതം കുറയ്ക്കില്ല എന്ന് പറയുന്നത്. ഡിവിഷൻ കുറവ് വന്നിടത്ത് മാത്രം നടപ്പിലാക്കിയാൽ അത് സർക്കാരിന് സാമ്പത്തിക ബാധ്യത വരുത്തില്ല. ഡിവിഷൻ കുറവ് വരാതിരുന്നാൽ എത്ര നിയമനങ്ങൾ നടത്തേണ്ടി വരുമോ അത്രയും നിയമനങ്ങൾ മാത്രമേ ഇക്കാര്യത്തിലും വേണ്ടി വരു. അത് അവർക്ക് മനസിലാകാഞ്ഞിട്ടല്ല. തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന് ഞങ്ങൾ വഴങ്ങില്ല.
കാലാനുസൃതമായി എല്ലാ സ്‌കൂളുകളിലും അധ്യാപക- വിദ്യാർഥി അനുപാതം കുറച്ച് കൊടുക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അതൊന്നും സാമ്പത്തിക ബാധ്യതയുടെ പേരിൽ തള്ളിക്കളയേണ്ടതല്ല. ബാധ്യതയുണ്ടായിട്ടും ഖജനാവ് ധൂർത്തടിക്കുന്ന ഒരുപാട് രംഗങ്ങൾ നമ്മൾ കണ്ടതാണ്. അതിനേക്കുറിച്ച് ഇനി പറയുന്നില്ല. സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി.
സമരപ്പന്തലിൽ നിന്ന് തന്നെ പോലീസ് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. 18 ദിവസം നിരാഹാരം കിടന്ന ഒരു വ്യക്തിയെ കൊണ്ടുപോകുന്ന രീതിയിലല്ല കൊണ്ടുപോയത്. അതുകൊണ്ട് ആശുപത്രിയിൽ സഹകരിക്കാൻ ഞാൻ തയ്യാറായില്ല. എന്റെ ആരോഗ്യസ്ഥിതിയെ അത്ര ഗൗരവമായല്ല പോലീസ് കണ്ടത്. അത്രയും ഗുരുതരമായ അവസ്ഥയിലായിരുന്നുവെങ്കിൽ പോലീസ് അത്തരത്തിൽ പെരുമാറില്ലായിരുന്നു. എന്നെ ആശുപത്രിയിൽ പിടിച്ചുകിടത്തുക എന്നത് മാത്രമായിരുന്നു അവർ ഉദ്ദേശിച്ചിരുന്നത്. സമരപ്പന്തൽ പൊളിക്കുക, സമരം പൊളിക്കുക എന്നത് മാത്രമാണ് അവർ ഉദ്ദേശിച്ചത്. ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്ക് ഞങ്ങൾ തയ്യാറല്ല. ഞങ്ങളിവിടെ യാതൊരു അനാവശ്യ സമരവും നടത്തിയിട്ടില്ല. ഭരണത്തിലെത്തുമ്പോൾ ഞങ്ങളുടെ സമരം അനാവശ്യമാകുന്നുവെങ്കിൽ അത് തികച്ചും രാഷ്ട്രീയം മാത്രമാണ്. നിരാഹാര സമരം ശക്തമായി തുടരും. കോഴകൊടുക്കുന്നവർക്ക് ജോലികൊടുക്കാൻ മാത്രമായി ഇവിടൊരു സർക്കാരൊ വിദ്യാഭ്യാസ വകുപ്പോ വേണ്ട. സാധാരണ ജനങ്ങളെ പരിഗണിക്കണം. അങ്ങനെ പരിഗണിച്ചില്ലെങ്കിൽ അതിന്റെ പരിണിത ഫലം സർക്കാർ തിരിച്ചറിയും. കേസെടുത്താലും പ്രശ്‌നമില്ല. സമരം തുടരും.
Content Highlights: Valarmathi, an LPS rank holder, remains steadfast in her demands, criticizing the government's stance on student-teacher ratios and financial priorities.
Published: 12 Nov 2026, 12:59 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented