തിരുവനന്തപുരം: എൽപിഎസ്ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) നിയമനവുമായി ബന്ധപ്പെട്ട് പി.എസ്.സി. റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന പ്രതിഷേധം 130 ദിവസം പിന്നിടുകയാണ്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരവും നിരാഹാരവും ഓരോദിവസവും ശക്തമാവുകയാണ്. സമരസമിതി കൺവീനറും സെക്രട്ടറിയുമായ എസ്. വളർമതിയുടെ നേതൃത്വത്തിലാണ് നിരാഹാര സമരം നടക്കുന്നത്. ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഉൾപ്പെട്ട പട്ടികയിൽനിന്ന് ഇത്ര കുറച്ചുപേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നത് പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

To advertise here,

കഴിഞ്ഞദിവസം പോലീസ് സമരപ്പന്തൽ പൊളിക്കുകയും നിരാഹാര സമരം നയിച്ച വളർമതിയെ അവിടെനിന്ന് മാറ്റുകയും ചെയ്തതോടെ പ്രതിഷേധം പുതിയൊരു തലത്തിലേക്ക് വളർന്നിരിക്കുകയാണ്. ബിജെപിയും ഇടത് സംഘടനകളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എത്തെത്തി. സമരക്കാരുടെ ആവശ്യങ്ങൾക്കൊപ്പം സർക്കാർ ഉയർത്തുന്ന വാദങ്ങളും പരിശോധിക്കാം.

1:30 മാറി 1:25 ആകണം; സമരക്കാരുടെ വാദം അംഗീകരിക്കില്ലെന്ന് സർക്കാർ

നിലവിലെ അധ്യാപക-വിദ്യാർഥി അനുപാതം 1:30 എന്നതിൽനിന്ന് 1:25 ആയി മാറ്റണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ, ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റംവരുത്തിയാൽ കൂടുതൽ ഡിവിഷനുകൾക്കും അധ്യാപക തസ്തികകൾക്കും സാധ്യതയുണ്ട്. ഇതിലൂടെ പുതിയ നിയമനങ്ങൾക്കും അവസരമുണ്ടാകുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ. ഈ ആവശ്യം തൊഴിൽസാധ്യതയുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും സമരക്കാർ വാദിക്കുന്നു. ഒരു ക്ലാസിൽ കുട്ടികളുടെ എണ്ണം കുറയുന്നത് പഠനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഓരോ വിദ്യാർഥിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുമെന്നാണ് അവരുടെ നിലപാട്.

കൂടുതൽ തസ്തികകൾ സൃഷ്ടിക്കേണ്ടിവരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം. പുതിയ തസ്തികകൾക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടിവരുമ്പോൾ ദീർഘകാല സാമ്പത്തിക ബാധ്യതയുണ്ടാകും. വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്ന സാഹചര്യത്തിൽ ആവശ്യകത വിലയിരുത്താതെ തസ്തികകൾ വർധിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും സർക്കാർ പറയുന്നു.

നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് അർഹരായ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നിയമന ഉത്തരവ് നൽകുക, പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകുക, സർക്കാർ സ്കൂളുകളിലെ നിലവിലുള്ള ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുക, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ പിഎസ്‌സി വഴി നടത്തുക, വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതുമൂലം സ്കൂൾ ഡിവിഷനുകൾ ഇല്ലാതാകുമ്പോൾ അധ്യാപകരുടെ തസ്തികകൾ സംരക്ഷിക്കുക, ഹെഡ്മാസ്റ്റർ (മുഖ്യ അധ്യാപക) തസ്തികകളിലെ ഒഴിവുകൾ നികത്തുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.

നിലവിൽ മാനേജ്മെന്റുകളാണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ നടത്തുന്നത്. നിയമനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും സർക്കാർ ശമ്പളം നൽകുന്ന അധ്യാപക തസ്തികകളിലെ നിയമനത്തിന് ഏകീകൃത സംവിധാനം വേണമെന്നുമാണ് സമരക്കാരുടെ നിലപാട്. എന്നാൽ, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സി.യുടെ പരിധിയിലാക്കുക എന്നത് നിലവിലുള്ള സംവിധാനത്തിൽ വലിയ മാറ്റം ആവശ്യപ്പെടുന്ന വിഷയമാണ്. നിയമപരമായ നടപടികളും മാനേജ്മെന്റുകളുടെ അധികാരവും സർക്കാർ നയവും പരിഗണിച്ചേ ഇതിൽ തീരുമാനമെടുക്കാനാകൂ എന്നതാണ് സർക്കാർ നിലപാട്.

സർക്കാർ ഉറപ്പുകൾ, വീണ്ടും ശക്തമാകുന്ന സമരം

സമരത്തിനിടെ പ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ചകൾ നിർണായകമായിരുന്നു. സെപ്റ്റംബർ 30-ന് നടന്ന ചർച്ചയിൽ ചില ആവശ്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിച്ചതായി സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ചർച്ചയിൽ ലഭിച്ച ഉറപ്പുകൾ പ്രായോഗിക നടപടികളായി മാറിയില്ലെന്നാണ് സമരക്കാരുടെ പരാതി. പ്രഖ്യാപനങ്ങൾക്കപ്പുറം സർക്കാർ ഉത്തരവുകളും നിയമന നടപടികളും ഉണ്ടാകണമെന്നാണ് അവരുടെ ആവശ്യം.

ഇതോടെയാണ് സമരം വീണ്ടും ശക്തമായത്. നിരാഹാരവും മറ്റ് പ്രതിഷേധ പരിപാടികളും സർക്കാരിനുമേൽ സമ്മർദം വർധിപ്പിച്ചു. ചർച്ചകളിൽ ലഭിക്കുന്ന ഉറപ്പുകൾക്ക് തുടർനടപടികളില്ലെന്നതാണ് സമരക്കാരുടെ ഭാഗത്തുനിന്ന് ഉയരുന്ന പ്രധാന വിമർശനം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരംചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽനിന്ന് പിന്മാറണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുണ്ട്. ഉദ്യോഗാർഥികളുമായി ഈ വിഷയം പലതവണ ചർച്ചചെയ്തുവെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറയുന്നത്.

'ഒഴിവുകൾ ഉണ്ടാകുന്നതിനനുസരിച്ചല്ല പി.എസ്.സി. പരീക്ഷകൾ നടത്തുന്നത്. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാറാകുമ്പോഴാണ് അടുത്ത പരീക്ഷ നടത്തുന്നത്. ഇതാണ് ഉദ്യോഗാർഥികളെ പ്രതിസന്ധിയിലാക്കുന്നത്. ഈ വിഷയം പലതവണ ചർച്ചചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ഒരു നിയമനംപോലും നടക്കാത്ത റാങ്ക് പട്ടികകൾ ഉണ്ടായിട്ടുണ്ട്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ കാലാവധി അവസാനിക്കാനിരുന്ന എല്ലാ റാങ്ക് പട്ടികകളുടെയും കാലാവധി നീട്ടി നൽകി. റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ച നടത്തി. മുൻപ് അവർക്ക് സംസാരിക്കാൻ പോലും അവസരം ലഭിച്ചിരുന്നില്ല. അവർ ഉന്നയിച്ച വിഷയങ്ങൾ സർക്കാർ പഠിച്ചു. അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം അംഗീകരിച്ചു നടപ്പാക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, അധ്യാപക–വിദ്യാർഥി അനുപാതം മാറ്റുന്നതുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു', വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

തുടരുന്ന സമരം, പരിഹാരം എങ്ങനെ?

ആദ്യം സംസ്ഥാനത്തെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക ഒഴിവുകളുടെ സമഗ്രമായ കണക്കെടുപ്പ് നടത്തണം. നിലവിൽ എത്ര ഒഴിവുകളുണ്ട്, അവയിൽ എത്രയെണ്ണം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തു, ഇനി റിപ്പോർട്ട് ചെയ്യാനുള്ളത് എത്രയാണ് തുടങ്ങിയ വിവരങ്ങൾ ജില്ല തിരിച്ച് പുറത്തുവിടണം.

കൂടാതെ സർക്കാർ നേരത്തെ നൽകിയ ഉറപ്പുകളിൽ നടപ്പാക്കാൻ കഴിയുന്നവയ്ക്ക് കാലതാമസമില്ലാതെ ഉത്തരവിറക്കണം. പ്രത്യേകിച്ച് ഹെഡ് ടീച്ചർ ഒഴിവുകൾ സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്തണം. 1:25 അനുപാതം സംബന്ധിച്ച് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പഠനം നടത്തണം. എല്ലാ സ്കൂളുകളിലും ഒരേസമയം മാറ്റംവരുത്തുന്നതിനു പകരം വിദ്യാർഥികളുടെ എണ്ണവും ആവശ്യകതയും പരിഗണിച്ച് ഘട്ടംഘട്ടമായി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കണം.

റാങ്ക് പട്ടികയുടെ കാലാവധി സംബന്ധിച്ച് വ്യക്തമായ തീരുമാനവും വേണം. പട്ടികയുടെ കാലാവധി നീട്ടുന്നത് നിയമപരമായി സാധ്യമാണോ, നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാകും തുടങ്ങിയ കാര്യങ്ങളിൽ ഉദ്യോഗാർഥികൾക്ക് വ്യക്തമായ മറുപടി നൽകേണ്ടിവരും. എയ്ഡഡ് സ്കൂളുകളിലെ നിയമനത്തിലെ സുതാര്യത സംബന്ധിച്ച് പ്രത്യേക പരിശോധന നടത്തണം. നിയമനരീതിയിൽ മാറ്റംവരുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള നിയമപരവും ഭരണപരവുമായ മാർഗങ്ങൾ കണ്ടെത്തണം. സമരക്കാരുടെ ആവശ്യങ്ങളിൽ ഏതൊക്കെ അംഗീകരിക്കാം, ഏതൊക്കെ സാമ്പത്തികമോ നിയമപരമോ ആയ കാരണങ്ങളാൽ നടപ്പാക്കാനാകില്ല, നിലവിലുള്ള ഒഴിവുകളിൽ എത്രയെണ്ണം ഉടൻ നികത്താം എന്നിങ്ങനെ സർക്കാർ വ്യക്തമായ കണക്കുകളോടെ സർക്കാർ മറുപടി നൽകേണ്ടിവരും.

നിയമനത്തിനായി കാത്തിരുന്ന് വലഞ്ഞ് വിദ്യാർഥികൾ

റാങ്കുപട്ടിക ഒരുവർഷം പിന്നിടുമ്പോഴും നിയമനശുപാർശ 500-ലെത്തിയിട്ടില്ല. നിയമനശുപാർശ കിട്ടിയവരിൽ വലിയ വിഭാഗത്തിന് ഇതുവരെ നിയമനം ലഭിച്ചിട്ടുമില്ല. ഒക്ടോബർ മാസത്തെ വരെ കണക്കനുസരിച്ച് 14 ജില്ലകളിലായി 461 പേർക്ക് ഇതുവരെ നിയമനശുപാർശ അയച്ചു. അതിൽ കൂടുതലും ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകളാണ്.

പാലക്കാട്, കാസർകോട് ജില്ലകളിൽ ഒന്നാം റാങ്കുകാർക്ക് ഇനിയും നിയമനശുപാർശ ലഭിച്ചിട്ടില്ല. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓപ്പൺ കോമ്പറ്റീഷൻ നിയമനനില ഒന്നാണ്. അതായത് മുഖ്യ റാങ്കുപട്ടികയിൽനിന്ന് ഒന്നാം റാങ്കുകാർക്ക് മാത്രമേ നിയമനശുപാർശ അയക്കാനായുള്ളൂ. ഒ.സി നിയമനനില രണ്ടക്കത്തിലെത്തിയത് കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിൽ മാത്രമാണ്. പാലക്കാടും കണ്ണൂരും ഇതുവരെയുള്ള നിയമനശുപാർശ ഒറ്റ അക്കത്തിലൊതുങ്ങി. കോഴിക്കോട് മുഖ്യ റാങ്കുപട്ടികയിൽനിന്ന് രണ്ട് പേർക്കാണ് നിയമനശുപാർശ ലഭിച്ചതെങ്കിലും അവർക്കാർക്കും ഇതുവരെ നിയമന ഉത്തരവ് ലഭിച്ചില്ല.

തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 2026 തുടങ്ങിയ ശേഷം ആർക്കും നിയമനശുപാർശ അയച്ചിട്ടില്ല. എൽ.പി.അധ്യാപക റാങ്കുപട്ടികയ്ക്ക് ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ നിയമനങ്ങളുണ്ടാകാത്തത് ആദ്യമായിട്ടാണെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.

ഇത്തവണത്തെ എൽ.പി സ്‌കൂൾ അധ്യാപക റാങ്ക്പട്ടികയിൽ 11,758 പേരുണ്ടായിരുന്നു. കഴിഞ്ഞ റാങ്ക്പട്ടികയിൽ 11,602 പേരായിരുന്നു. ഇത്തവണ 156 പേരുടെ വർധനവുണ്ട്. 2025 മേയ് 31-ന് പ്രസിദ്ധീകരിച്ച എൽപിഎസ്ടി റാങ്ക് പട്ടികയിൽ 14 ജില്ലകളുടെയും മുഖ്യപട്ടികയിലായി 6113 പേർ ഉൾപ്പെട്ടു. സമുദായ സംവരണ ഉപപട്ടികയിൽ 5488 പേരും ഭിന്നശേഷി പട്ടികയിൽ 157 പേരുമുണ്ട്.

ഇത്തവണയും ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയുടെ റാങ്ക്പട്ടികയിലാണ്, 2974 പേർ. കഴിഞ്ഞ തവണത്തെ മലപ്പുറം റാങ്ക്പട്ടികയിൽ 2227 പേരാണുണ്ടായിരുന്നത്. ഇത്തവണ ഏറ്റവും കുറവ് ഇടുക്കിയുടേതിനാണ്, 297 പേർ. കഴിഞ്ഞ റാങ്കുപട്ടികയിൽ നിന്ന് 5151 പേർക്ക് നിയമനശുപാർശ ലഭിച്ചിരുന്നു. അവസാനഘട്ടത്തിൽ ശുപാർശ ലഭിച്ചവരിൽ ചിലർക്ക് നിയമനം ആയിട്ടില്ല. ഏറ്റവും കൂടുതൽ നിയമനശുപാർശ അയച്ചത് മലപ്പുറം ജില്ലയാണ്, 1204 എണ്ണം. കുറവ് വയനാട്ടിലാണ്, 125 എണ്ണം. മലപ്പുറത്തിനു പുറമെ തിരുവനന്തപുരത്ത് മാത്രമാണ് 500-ൽ കൂടുതൽ നിയമനം നടന്നത്.