
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ നോട്ടീസിലെ ചർച്ചയ്ക്കിടെ ബിജെപി എംഎൽഎയ്ക്ക് സംസാരിക്കാൻ അനുമതി നൽകിയതിൽ തർക്കം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.രാജൻ വാക്കൗട്ട് പ്രസംഗം നടത്തിയതിന് പിന്നാലെ ബിജെപി അംഗം ബി.ബി.ഗോപകുമാർ സംസാരിക്കാൻ എഴുന്നേറ്റു. ഇതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടു. അടിയന്തര പ്രമേയത്തിൽ താങ്കൾ ഒപ്പിട്ടിട്ടില്ല, എന്നാൽ പറയാനുള്ളത് വളരെ പരിമിതമായി പറയാമെന്നും അറിയിച്ചു. തുടർന്ന് ബി.ബി.ഗോപകുമാർ പ്രസംഗിച്ചു തുടങ്ങി. ഇതിനിടെ വീണ്ടും സ്പീക്കർ ഇടപെട്ടു. പ്രമേയത്തിൽ ഒപ്പിട്ടവർക്ക് മാത്രമാണ് വാക്കൗട്ടിൽ സംസാരിക്കാൻ അനുമതിയുള്ളത്. എന്നാൽ പറയാനുള്ള കാര്യം ചുരക്കി പറയാൻ സാവകാശം നൽകുന്നുവെന്നും സ്പീക്കർ അറിയിച്ചു. ഇതോടെ ഇതൊരു കീഴ് വഴക്കമായി മാറരുതെന്ന് ചില അംഗങ്ങൾ പറഞ്ഞു. അങ്ങനെ ആകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
തുടർന്ന് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മോദിയെ വിമർശിച്ചതിന് ബിജെപി എംഎൽഎ മറുപടി നൽകി. ഇന്ധന വില വർധനവുമായി ബന്ധപ്പെട്ടാണ് പിണറായി മോദിക്കെതിരെ വിമർശനം നടത്തിയിരുന്നത്. 'ഇന്ത്യ നേരത്തെ റഷ്യയിൽനിന്നും വെനസ്വേലയിൽനിന്നും കുറഞ്ഞ വിലക്ക് എണ്ണ വാങ്ങിയിരുന്നു. അമേരിക്കയ്ക്കും ട്രംപിനും ഇഷ്ടമല്ല എന്നത്‌കൊണ്ട് അത് നിർത്തിവെച്ചു. 40 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരുന്നു റഷ്യയിലെ എണ്ണക്ക്. യുഎസ് താത്പര്യത്തിന് വേണ്ടി ട്രംപ് കൽപിച്ചപ്പോൾ എൻഡിഎ സർക്കാർ കീഴടങ്ങി' തുടങ്ങിയ വിമർശനമാണ് പിണറായി ഉന്നയിച്ചത്.
എന്നാൽ, മോദി ആർക്ക് മുന്നിലും തല കുനിക്കില്ലെന്ന് പറഞ്ഞ ബിജെപി എംഎൽഎ, പിണറായി വിജയന് ഇഡിയെ പേടിയാണെന്നും തിരിച്ചടിച്ചു.'ഇഡിയെ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെ പോലെയല്ല മോദി. ട്രംപല്ല ലോകത്തിലെ ഏത് നേതാവിന്റെ മുന്നിലും ഭാരതത്തിന്റെ നിലപാട് പറയാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദി' ഗോപകുമാർ പറഞ്ഞു. ഇതോടെ എൽഡിഎഫ് എംഎൽഎമാർ ബഹളംവെച്ചു. ആദ്യ പ്രസംഗമല്ലേയെന്നും കുറച്ച് സാവകാശം കൊടുക്കാമെന്നും സ്പീക്കർ പറഞ്ഞു. ഇതോടെ രോഷാകുലരായ എൽഡിഎഫ് എംഎൽഎമാർ സീറ്റുകളിലേക്ക് തിരിച്ചെത്തി ബഹളം തുടർന്നു. പുതിയ അംഗം എന്ന നിലയിലാണ് ബി.ബി.ഗോപകുമാറിന് സാവകാശം നൽകിയതെന്ന് സ്പീക്കർ ആവർത്തിച്ചു. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ടു. സ്പീക്കറുടെ ഉദാരമനസ്‌കതയാണ് ഇവിടെ പ്രകടമായതെന്ന് തോന്നുന്നു. എന്നാൽ സഭയുടെ ചട്ടങ്ങളിൽനിന്നുള്ള വ്യതിയാനമാണിതെന്നും പിണറായി പറഞ്ഞു. ഉദാരമനസ്‌കത വേണ്ടേയെന്ന് ചിരിയോടെ സ്പീക്കർ തിരുവഞ്ചൂർ ചോദിച്ചു. ഇപ്പോഴേ ശത്രുതവേണ്ടെന്നും ഉദാരമനസ്‌കത കാണിക്കാമെന്നും സ്പീക്കർ പറഞ്ഞതോടെ സഭയിൽ ചിരി പടർത്തി. വാക്കൗട്ട് പ്രസംഗത്തിന് ശേഷം പുതിയ അംഗത്തോട് ഉദാരമനസ്‌കത കാണിക്കാമായിരുന്നുവെന്നും ചട്ടംലംഘിച്ച് വേണ്ടിയിരുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇത് കീഴ്‌വഴക്കം ആകരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംഎൽഎ ആദ്യമായി സഭയിൽ വന്ന് പ്രസംഗിക്കുകയാണ്. ഇതിനിടയിൽ ഇടപെടൽ നടത്തി നിർത്തിവെപ്പിക്കാൻ തന്റെ പാരമ്പര്യം അനുവദിച്ചില്ലെന്നും സ്പീക്കർ വിശദീകരിച്ചു. പ്രശ്‌നം തീർന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു. തുടർന്ന് സംസാരിച്ച ആർജെഡി എംഎൽഎ പി.കെ.പ്രവീൺ പുതിയ അംഗം എന്ന നിലയിലുള്ള ഉദാരമനസ്‌കത തങ്ങളോടും വേണമെന്ന് ആവശ്യപ്പെട്ടു.
Content Highlights: Dispute over BJP MLA B.B. Gopakumar's permission to speak during an adjournment motion., Speaker Thiruvanchoor Radhakrishnan allowed the new member to speak as a gesture of leniency., Pinarayi Vijayan criticized PM Modi's policies regarding oil imports and ties with Trump
Published: 02 Jun 2026, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented