
കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്ക് | Image credit: zomy.in/directory website
കോഴിക്കോട്: കാരശ്ശേരി സഹകരണബാങ്ക് വായ്പകളും പലിശ ഇളവും നൽകിയതിൽ ഗുരുതരമായ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. മതിയായ രേഖകളില്ലാതെ 14.9 കോടിരൂപയാണ് വായ്പനൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ സ്വീകരിച്ച ആധാരം ഏതാണെന്ന് ഫയലുകളിൽ രേഖപ്പെടുത്തിയിട്ടില്ല. പലിശ ഇളവ് നൽകിയതിലും ഒരു മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. വായ്പയെടുത്ത് രണ്ടുവർഷത്തിലധികം കഴിഞ്ഞിട്ടും ഒരുരൂപപോലും തിരിച്ചടയ്ക്കാത്തവർക്ക് ലക്ഷങ്ങൾ പലിശ ഇളവ് നൽകി എന്നുമാത്രമല്ല, മാസങ്ങൾ കഴിഞ്ഞ് വീണ്ടും വായ്പയനുവദിച്ചു. മുതലും പലിശയുമടക്കം 1.06 കോടി രൂപ നൽകാനുള്ളതിന് 31 ലക്ഷം രൂപ വായ്പ ഇളവുനൽകി. 75 ലക്ഷം വായ്പവാങ്ങിയ ആൾക്ക് 27 ലക്ഷം അനുവദിച്ചു. ജനറൽ മാനേജർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും ഭരണസമിതി ഇങ്ങനെ ലക്ഷങ്ങളാണ് ഇളവുനൽകിയതെന്ന് ഒാഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
വായ്പ തിരിച്ചടച്ചദിവസംതന്നെ വീണ്ടും 75 ലക്ഷം രൂപവരെ അനുവദിച്ച സംഭവങ്ങളുണ്ട്. മാത്രമല്ല, കുടിശ്ശികയുള്ള പലരിൽനിന്നും വായ്പ തിരിച്ചടയ്ക്കാൻ ഒരുനടപടികയും സ്വീകരിച്ചില്ല. മുൻവർഷങ്ങളിലും സമാനമായ ക്രമക്കേട് കണ്ടെത്തിയിട്ടും പരിഹരിക്കാൻ ബാങ്ക് തയ്യാറായിട്ടില്ല. 2023-24 വർഷത്തിൽത്തന്നെ ഒരുകോടിരൂപയാണ് നിയമാനുസൃതമല്ലാതെ ഇളവുനൽകിയത്. ബാങ്ക് ഒൻപതുകോടിരൂപയാണ് ബിസിനസ് വായ്പ അനുവദിച്ചത്. പക്ഷേ, ബിസിനസ് വായ്പകൾ നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. ആറുലക്ഷം വിലവരുന്ന ഭൂമിക്ക് അൻപതുലക്ഷം രൂപ വായ്പയനുവദിച്ചിട്ടുണ്ട്. ഒരു കുടുംബത്തിൽ ഭർത്താവിനും ഭാര്യക്കും മകനുമെല്ലാം നടപടിക്രമങ്ങൾ പാലിക്കാതെ വായ്പനൽകി.
സഹകരണ രജിസ്ട്രാറുടെ സർക്കുലറിന് വിരുദ്ധമായി സ്വകാര്യ പണമിടപാടുകാർക്ക് വായ്പയനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ ബാങ്കിന്റെ ചെലവ് വരുമാനത്തെക്കാൾ കൂടുന്നതും ഓഡിറ്റിങ്ങിൽ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ വരുമാനം 66.4 കോടിരൂപയും ചെലവ് 77.42 കോടിരൂപയുമാണ്. വരുമാനത്തെക്കാൾ 11.37 കോടി രൂപയാണ് അധികം ചെലവഴിച്ചത്.
കാരശ്ശേരി സഹകരണബാങ്കിന്റെ ഭരണം അട്ടിമറിക്കാൻ ഗൂഢാലോചന
കെപിസിസി അംഗവും കാരശ്ശേരി സഹകരണബാങ്ക് ചെയർമാനുമായ എൻ.കെ. അബ്ദുറഹ്‌മാനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ കെപിസിസി പ്രസിഡൻറാണ് ഇതു സംബന്ധിച്ച് സർക്കുലർ ഇറക്കിയത്.
രണ്ടര പതിറ്റാണ്ടിലേറെയായി യുഡിഎഫ് ഭരിക്കുന്ന കാരശ്ശേരി സഹകരണബാങ്കിന്റെ ഭരണം അട്ടിമറിക്കാൻ സിപിഎമ്മുമായി ചേർന്ന് ഗൂഢാലോചനയും ഗുരുതരമായ പാർട്ടിവിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് സർക്കുലറിൽ പറയുന്നു.
കെപിസിസി പ്രസിഡൻറിന്റെ ആവശ്യപ്രകാരം ഡിസിസി പ്രസിഡൻറ്് കെ. പ്രവീൺ കുമാർ ചൊവ്വാഴ്ച രാവിലെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കാരശ്ശേരി ബാങ്കിനെ തകർക്കാനുള്ള നീക്കം; ഹൈക്കോടതിയെ സമീപിക്കും -ഡിസിസി
ബാങ്കിനെ തകർക്കാനുള്ള ശ്രമത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കും. വ്യാജ ഐഡി ഉപയോഗിച്ച് 860 പുതിയ അംഗങ്ങളെ ചേർത്തു. ജീവനക്കാരുടെ വ്യാജ പാസ്‌വേഡ് ഇതിനായി തയ്യാറാക്കി ഉപയോഗിച്ചു. രണ്ടുതവണ പാർട്ടിനടപടിക്ക് വിധേയനായ അബ്ദുറഹിമാൻ സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ചു. 24 ലക്ഷം രൂപ ഒറ്റരാത്രികൊണ്ട് ബാങ്ക് അക്കൗണ്ടിൽ എങ്ങനെ വന്നുവെന്നത് അന്വേഷിക്കണം.
കോൺഗ്രസ് നേതൃത്വത്തിൽ ഒൻപത് ഡയറക്ടർമാർ ചേർന്ന് ഹൈക്കോടതിയെ സമീപിക്കും. സഹകരണമേഖലയെ ഏതുവിധേനയും പിടിച്ചെടുക്കുകയെന്ന ശൈലിയാണ് സിപിഎം തുടരുന്നത്. സഹകരണമേഖലയിൽ രാഷ്ട്രീയം പരിഗണിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ സഹകാരികളെ കബളിപ്പിക്കാനും അവരുടെ പണം തന്ത്രപൂർവം കൈക്കലാക്കാനുമുള്ള സൂത്രം മാത്രമാണെന്നും പ്രവീൺകുമാർ പറഞ്ഞു.
കാരശ്ശേരി സഹകരണബാങ്ക്: മുൻ ചെയർമാനും ജനറൽ മാനേജറും ഇന്ന് ഹൈക്കോടതിയിൽ ഹാജരാകണം
കാരശ്ശേരി സഹകരണബാങ്ക് മുൻ ചെയർമാനും ജനറൽ മാനേജറും ബുധനാഴ്ച ഹിയറിങ്ങിന് ഹൈക്കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ്. ബാങ്ക് ചെയർമാനായിരുന്ന എൻ.കെ. അബ്ദുറഹ്‌മാനും ജനറൽ മാനേജറും ചേർന്ന് അന്യായമായി 829 പേർക്ക് എ ക്ലാസ് അംഗത്വം നൽകിയെന്ന് ചൂണ്ടിക്കാട്ടി ബാങ്കിലെ ഡയറക്ടർമാർക്കുവേണ്ടി ഡയറക്ടർ സുരേന്ദ്രലാൽ തിങ്കളാഴ്ച നൽകിയ പരാതിയിലാണ് ഹൈക്കോടതി നടപടി.
ഹൈക്കോടതി മെസഞ്ചർ, ബാങ്കിന്റെ മുക്കത്തെ ഹെഡ് ഓഫീസിലെത്തിയാണ് നോട്ടീസ് നൽകിയത്. ജനറൽ മാനേജർ സ്ഥലത്തില്ലാത്തതിനാൽ പകരം ചുമതലയുള്ള ഉദ്യോഗസ്ഥനാണ് നോട്ടീസ് കൈപ്പറ്റിയത്. എൻ.കെ. അബ്ദുറഹ്‌മാന് നോട്ടീസ് നൽകാൻ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയെങ്കിലും സ്ഥലത്തില്ലാത്തതിനാൽ മകൾക്ക് നോട്ടീസ് നൽകി മടങ്ങുകയായിരുന്നു. ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്ന് എൻ.കെ. അബ്ദുറഹ്‌മാൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബാങ്കിന്റെ നെല്ലിക്കാപറമ്പ് ശാഖയിൽവെച്ചാണ് ഏഴ് ജീവനക്കാരുടെ ലോഗിൻ ഐഡി ഉപയോഗിച്ച് അവധിദിവസമായ ഞായറാഴ്ച പുലർച്ചെ 829 പേർക്ക് എ ക്ലാസ് അംഗത്വം നൽകിയതെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.
Content Highlights: Audit Report Reveals Serious Irregularities in Karassery Cooperative Bank Loan Disbursements
Published: 03 Dec 2025, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented