ചമ്പാട്(കണ്ണൂര്‍): അര്‍ബുദം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതുവയസ്സുകാരന്‍ ദൈവിക്കിനായി പന്ന്യന്നൂര്‍ മടപ്പുരയിലെ മുത്തപ്പനും തെയ്യങ്ങളും. നേര്‍ച്ചയായി ലഭിച്ച പണം തെയ്യങ്ങള്‍ ചികിത്സാസഹായമായി കൈമാറി.

To advertise here,

പന്ന്യന്നൂര്‍ ശ്രീനിവാസില്‍ ടി.ഷിജിത്തിന്റെയും കെ.പി.രമ്യയുടെയും മകന്‍ ദൈവിക്ക് പന്ന്യന്നൂര്‍ ഗവ. എല്‍.പി. സ്‌കൂളിലെ നാലാംതരം വിദ്യാര്‍ഥിയാണ്. ക്ഷേത്രം ഭാരവാഹികള്‍ മുന്‍കൈയെടുത്ത് ക്ഷേത്രത്തില്‍ ദൈവിക്ക് ചികിത്സാധന സമാഹരണത്തിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിരുന്നു. ഉത്സവസമാപനദിവസമായ വ്യാഴാഴ്ച രാത്രിയാണ് മുത്തപ്പനും പോതിത്തെയ്യങ്ങളും നേര്‍ച്ചയായി ലഭിച്ച തുക കൈമാറിയത്.

ഭക്തന്മാര്‍ ഏറ്റെടുത്തിരിക്കുന്ന നല്ലൊരു കാര്യത്തിന് മുത്തപ്പന്റെ പൊന്നുംഭണ്ഡാരത്തില്‍ വീണ പണം നല്‍കുകയാണെന്നും സന്താനത്തിന് എത്രയും പെട്ടെന്ന് ആയുരാരോഗ്യ സൗഖ്യമുണ്ടാകാനുള്ള വഴികള്‍ കാണിച്ചുതരുമെന്നും മുത്തപ്പന്‍ ഭക്തജനങ്ങളോടായി പറഞ്ഞു. ചികിത്സാസഹായ കമ്മിറ്റി രൂപവത്കരണയോഗം പന്ന്യന്നൂര്‍ അരയാക്കൂല്‍ യു.പി. സ്‌കൂളില്‍ നേരത്തേ സ്പീക്കര്‍ എ.എന്‍.ഷംസീറാണ് ഉദ്ഘാടനം ചെയ്തത്. 1.50 കോടി രൂപയോളം ചികിത്സയ്ക്കായി വേണം. നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ചികിത്സച്ചെലവ് എന്നതിനാലാണ് നാട്ടുകാര്‍ സമിതി രൂപവത്കരിച്ചത്. കനറാ ബാങ്ക് പള്ളൂര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ടി.ഷിജിത്ത്, അക്കൗണ്ട് നമ്പര്‍: 110207769090. ഐ.എഫ്.എസ്. കോഡ്: CNRB0001478. ഗൂഗിള്‍ പേ നമ്പര്‍: 9526499899.