
സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി കാനത്തിൽ ജമീലയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു
അത്തോളി(കോഴിക്കോട്): അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ അത്തോളി ചോയികുളത്തെ വീട്ടിലേക്ക് നേതാക്കളുടെയും ജനപ്രതിനിധികളുടെയും പ്രവര്‍ത്തകരുടെയും പ്രവാഹം. ബന്ധുക്കളെ സമാശ്വസിപ്പിക്കാന്‍ ഒട്ടേറെ പേരാണ് വീട്ടിലെത്തിയത്. കാനത്തില്‍ ജമീലയുടെ മൃതദേഹം കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ട് അത്തോളി കുനിയില്‍ക്കടവ് ജുമാമസ്ജിദ് കബര്‍സ്ഥാനിലാണ് കബറടക്കം.
ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് എംഎല്‍എ, മന്ത്രി എ.കെ. ശശീന്ദ്രന്, സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി, കുറ്റ്യാടി എംഎല്‍എ കെ.പി. കുഞ്ഞഹമ്മദ് കുട്ടി, വനിതാകമ്മിഷന് അധ്യക്ഷ പി. സതീദേവി, സിപിഎം ജില്ലാസെക്രട്ടറി എം. മെഹബൂബ്, സംസ്ഥാനകമ്മിറ്റി അംഗം പി. മോഹനന്, കെ.കെ. ലതിക, ജില്ലാകമ്മിറ്റി അംഗം കെ.കെ. മുഹമ്മദ് തുടങ്ങി ഒട്ടേറെ നേതാക്കള്‍ ജമീലയുടെ വീട്ടിലെത്തി.
കാനത്തില്‍ ജമീല എംഎല്‍എയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ 10 വരെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസായ സിഎച്ച് കണാരന് സ്മാരകമന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും.
11 മുതല്‍ ഒരുമണിവരെ കൊയിലാണ്ടി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മൃതദേഹം കൊയിലാണ്ടിയിലേക്ക് കൊണ്ടുവരുന്ന വഴിയിലൊന്നും പൊതുദര്ശനമുണ്ടാകില്ലെന്നും എല്ലാവരും കൊയിലാണ്ടി ടൗണ്‍ ഹാളില്‍ എത്തേണ്ടതാണെന്നും സിപിഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രന് അറിയിച്ചു.
രണ്ടുമണിമുതല്‍ വൈകീട്ട് അഞ്ചുവരെ കൊയിലാണ്ടി അസംബ്ലി മണ്ഡലത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. ബുധനാഴ്ച വൈകീട്ട് 4.30ന് കൊയിലാണ്ടിയില്‍ മൗനജാഥയും അനുശോചന യോഗവും നടക്കും. അന്തരിച്ച എംഎല്‍എയോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച ഒരുമണിവരെ കൊയിലാണ്ടി നഗരത്തില്‍ ഹോട്ടലുകളും കൂള്‍ബാറുകളും ഒഴികെയുള്ള കടകള്‍ അടച്ച് അനുശോചിക്കുമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.കെ. നിയാസ്, ജനറല്‍ സെക്രട്ടറി കെ.പി. രാജേഷ് എന്നിവര്‍ അറിയിച്ചു.
Content Highlights: Koyilandy MLA Kaanathil Jameela has passed away. Condolences pour in at her Atholi residence. Funeral details and public viewing information available here.
Published: 01 Dec 2025, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented