അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി 56-കാരനായ ജി. ദേവരാജന്‍ തിരഞ്ഞെടുക്കപ്പെട്ടത് ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയും ഏറ്റവും പ്രായം കുറഞ്ഞയാളുമെന്ന ബഹുമതിയോടെയാണ്. 25 വര്‍ഷമായി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ജി. ദേവരാജന്‍ ആര്‍.എസ്.പിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ പി.എസ്.യുവിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. പിന്നീട് ഫോര്‍വേഡ് ബ്ലോക്കിന്റെ ഭാഗമായി. 1983-ല്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്റ്സ് ബ്ലോക്കിന്റെ സംസ്ഥാന സെക്രട്ടറിയായി. 1988-ല്‍ അഖിലേന്ത്യാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ബംഗാളും പ്രവര്‍ത്തന തട്ടകമായി. 1997-ല്‍ യുവജനവിഭാഗമായ അഖിലേന്ത്യാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായി. 1995-ല്‍ കേന്ദ്ര സെക്രട്ടറിയേറ്റംഗമായി. 1997 മുതല്‍ കേന്ദ്രകമ്മറ്റിയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ്. വിദേശ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായും ബന്ധമുള്ള അദ്ദേഹം രാജ്യത്തെ ഇടതുവേദികളിലെ പ്രമുഖ സാന്നിധ്യവുമാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയും ട്രേഡ് യൂണിയന്റെയും ഭാഗമായി തൊണ്ണൂറുകളില്‍ത്തന്നെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ദേവരാജന് കക്ഷിഭേദമന്യേ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കാല്‍ നൂറ്റാണ്ട് പിന്നിട്ട ദേശീയ രാഷ്ട്രീയത്തിലെ സാന്നിധ്യം പുതിയ ഉത്തരവാദിത്വത്തിലും അദ്ദേഹത്തിന് അനുകൂലഘടകമാണ്. ജി. ദേവരാജന്‍ മാതൃഭൂമിയോട് സംസാരിക്കുന്നു.
2024 തിരഞ്ഞെടുപ്പ് അടുത്തുവരുന്നു
വര്‍ഗീയ രാഷ്ട്രീയത്തിന്റെയും കുത്തകഭരണത്തിന്റെയും പ്രതിസന്ധികാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരേ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജനാധിപത്യവിശ്വാസികള്‍ ഒന്നിച്ചുവരണം. പൊതുതിരഞ്ഞെടുപ്പിന് ദേശീയതലത്തില്‍ ഇടത് ജനാധിപത്യ, മതേതര പാര്‍ട്ടികള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ടതുണ്ട്. പുതിയ ഉത്തരവാദിത്വത്തില്‍, പ്രതിപക്ഷ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കും. മതേതര കക്ഷികളുടെ വിശാല പ്രതിപക്ഷ സഖ്യം വരണം.
ഇടതുപാര്‍ട്ടികളുടെ ഐക്യം
രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ഒരു പ്ലാറ്റ്ഫോമില്‍ വരേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച്, രാജ്യത്ത് ഇടതുപക്ഷത്തിന്റെ സ്ഥാനം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍. ഇടതുചിന്താഗതിയുള്ള കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഐക്യത്തോടെ നിന്നാല്‍ അത് എല്ലാവര്‍ക്കും ഗുണം ചെയ്യും. ദേശീയ പ്രതിപക്ഷവേദിയിയില്‍ ഇടതുപാര്‍ട്ടികള്‍ ഒരുപക്ഷമായി നില്‍ക്കുന്നത് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനും പാര്‍ട്ടികളെ ശക്തിപ്പെടുത്താനും സഹായിക്കും.
കേരളത്തിലെ സാഹചര്യം വ്യത്യസ്തം
ബി.ജെ.പിക്കെതിരേയുള്ള പോരാട്ടമാണ് ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. കേരളത്തില്‍ യു.ഡി.എഫിന്റെ ഭാഗമാണെങ്കിലും ഫോര്‍വേഡ് ബ്ലോക്കിന്റെ നിലപാട് വ്യത്യസ്തമല്ല. കേരളത്തിനുപുറത്ത് സി.പി.എമ്മുമായി സഹകരിക്കുന്നുണ്ട്. ത്രിപുരയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഞങ്ങളും ഒരുകുടക്കീഴിലാണ് മത്സരിച്ചത്. ദേശീയതലത്തില്‍ ഞങ്ങള്‍ ഒരേ ചേരിയിലാണ്.
സംഘടനയെ ശക്തിപ്പെടുത്തും
23 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് സാന്നിധ്യമുണ്ട്. അവിടങ്ങളില്‍ താഴെത്തട്ടില്‍ പാര്‍ട്ടി സംഘടന ശക്തിപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകും. സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ ഇടമുറപ്പിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വീടുവീടാന്തരം കയറി 'ഹര്‍ ഘര്‍ നേതാജി' പ്രചാരണം നടത്തും.
കേരളത്തിലെ പാര്‍ട്ടി
കേരളത്തില്‍ മുമ്പ് ഫോര്‍വേഡ് ബ്ലോക്കില്‍ ചില ചേരിതിരിവുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം പരിഹരിക്കപ്പെട്ടു. ആശയക്കുഴപ്പങ്ങളൊന്നുമില്ല. പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടാണ്. ഇത്തവണ കേരളത്തില്‍നിന്ന് 42 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തു.
Content Highlights: g devarajan, all india forward block
Published: 27 Feb 2023, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented