ഒരു നൂറ്റാണ്ടിലധികമായി മലയാളിയുടെ ആത്മാവിഷ്കാരത്തോടും സാമൂഹിക മുന്നേറ്റങ്ങളോടും അഭേദ്യമായി ഇഴചേർന്നുനിൽക്കുന്ന മാതൃഭൂമി, കേവലമൊരു വാർത്താമാധ്യമമല്ല; മറിച്ച്, ആധുനികകേരളമെന്ന ആശയത്തിന്റെതന്നെ ശില്പികളിലൊന്നാണ്. 1921 ഏപ്രിലിൽ ഭരതപ്പുഴയുടെ മണൽപ്പുറത്ത് ചരിത്രംകുറിച്ച ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനം വേരുറപ്പിച്ചത് യുഗസ്പർശിയായ രണ്ട് ആശയങ്ങൾക്കായിരുന്നു- ഒന്ന്‌ ഐക്യകേരളം, രണ്ട്‌ ‘മാതൃഭൂമി’.

To advertise here,

1919-ൽ മദിരാശി മലയാളിക്ലബ്ബിൽ കെ.പി. കേശവമേനോൻ മുന്നോട്ടുവെച്ച ഐക്യകേരളമെന്ന ചരിത്രപരമായ ആശയത്തിന്റെ സംഘടനാപരമായ തുടർച്ചയായിരുന്നു അയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുത്ത ഒറ്റപ്പാലത്തെ സമ്മേളനം. ഒറ്റപ്പാലം സമ്മേളനംകഴിഞ്ഞ് രണ്ടുവർഷത്തിനകം-1923 മാർച്ച് 18-ന്-‘മാതൃഭൂമി’ യാഥാർഥ്യമായി. പിന്നീടങ്ങോട്ട് ഐക്യകേരളമെന്ന സ്വപ്നത്തിന്റെ വളർച്ച ‘മാതൃഭൂമി’യിലൂടെയായിരുന്നു.

‘ഒരേഭാഷ സംസാരിച്ച്, ഒരേ ചരിത്രത്താലും ഐതിഹ്യത്താലും ബന്ധിപ്പിക്കപ്പെട്ട്, ഒരേ ആചാരാനുഷ്ഠാനങ്ങൾ അനുഷ്ഠിച്ചുവരുന്ന കേരളീയർ ഇപ്പോൾ ചിന്നിച്ചിതറി മൂന്നുനാലു ഭരണത്തിന്റെകീഴിൽ ആയിത്തീർന്നിട്ടുണ്ടെങ്കിലും കേരളീയരുടെ പൊതുഗുണത്തിനും വളർച്ചയ്ക്കും ശ്രേയസ്സിനും കേരളത്തിന്റെ നാനാഭാഗങ്ങളിലും നിവസിക്കുന്ന ജനങ്ങൾതമ്മിൽ ഇപ്പോൾ ഉള്ളതിൽ അധികം ചേർച്ചയും ഐക്യതയും ഉണ്ടായിത്തീരേണ്ടത് എത്രയും ആവശ്യമായതുകൊണ്ട്, ഈയാവശ്യനിവർത്തിക്കും മാതൃഭൂമി വിടാതെ ഉത്സാഹിക്കുന്നതാകുന്നു’ എന്നായിരുന്നു ഒന്നാം ലക്കത്തിൽ പത്രാധിപർ കേശവമേനോൻ നൽകിയ ഉറപ്പ്. അത്‌ വെറുംവാക്കല്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള ദശാബ്ദങ്ങൾ.

കേരളം പിറക്കുന്നു

1956 നവംബർ ഒന്നിന് മലബാറും കൊച്ചിയും തിരുവിതാംകൂറും ചേർന്ന് ഐക്യകേരളം യാഥാർഥ്യമായപ്പോൾ പത്രചരിത്രത്തിലാദ്യമായി 16 പേജുള്ള സപ്ലിമെന്റുമായാണ് മാതൃഭൂമി ആഘോഷിച്ചത്. പത്രമുൾപ്പെടെ 24 പേജുകൾ.

അറിവിന്റെയും ആതുരസേവനത്തിന്റെയും നവകേരളനിർമിതി

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേരളത്തിന്റെ സമഗ്രവികസനത്തിന് അടിത്തറയിട്ടത് ‘മാതൃഭൂമി’യുടെ ദീർഘവീക്ഷണമുള്ള ഇടപെടലുകളായിരുന്നു.

തിരുവനന്തപുരത്തുമാത്രം ഒതുങ്ങിനിന്ന മെഡിക്കൽ വിദ്യാഭ്യാസവും വിദഗ്ധചികിത്സയും വടക്കൻകേരളത്തിലേക്ക് വ്യാപിപ്പിക്കാൻ മാതൃഭൂമി നടത്തിയ ഇടപെടലുകൾ ചരിത്രപരമാണ്. 1955 മുതൽ മാതൃഭൂമി ഇതേക്കുറിച്ച് നിരന്തരം എഴുതിയിരുന്നു. കോളറയും വസൂരിയും പടർന്നുപിടിച്ച മലബാറിന്റെ കണ്ണീരൊപ്പാൻ കോഴിക്കോട്ട്‌ മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യം കേശവമേനോൻ ശക്തമായി ഉന്നയിച്ചു. 1957 മേയ് 29-ന് ഗവർണർ ബി. രാമകൃഷ്ണറാവു ശിലാസ്ഥാപനം നിർവഹിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് മലബാറിന്റെ ആരോഗ്യചരിത്രം തിരുത്തിക്കുറിച്ചു.

സർവകലാശാലാവിപ്ലവം

കേരളം എന്ന സംസ്ഥാനം പിറക്കുന്നതിന് കാൽനൂറ്റാണ്ടുമുൻപുതന്നെ 1931-ലെ ക്രിസ്മസ് ദിനത്തിൽ-മാതൃഭൂമി എഴുതിയ മുഖപ്രസംഗം മലയാളികൾക്കായി മറ്റൊരു പിറവികൂടി സ്വപ്നം കണ്ടിരുന്നു: ‘കേരള സർവകലാശാല’. 1937 ഒക്ടോബർ 31-ന് തിരുവിതാംകൂർ സർവകലാശാല രൂപവത്കരിച്ചപ്പോൾ അതിനെ സ്വാഗതംചെയ്ത പത്രം, തൊട്ടുപിന്നാലെ നവംബർ നാലിന് ദിവാനെ വൈസ് ചാൻസലറാക്കിയും വിദ്യാഭ്യാസ മേധാവിയെ പ്രോ വൈസ് ചാൻസലറാക്കിയും അക്കാദമിക സ്വാതന്ത്ര്യത്തെ ഭരണകൂടതാത്പര്യങ്ങൾക്ക് അടിയറവെക്കുന്നതിനെതിരേ എഴുതിയ മുഖപ്രസംഗത്തിലൂടെ നിശിതമായ വിമർശനവും ഉയർത്തി. ഇത്തരത്തിൽ കേരളത്തിലുയർന്ന ആദ്യത്തെ ശക്തമായ മാധ്യമശബ്ദമായിരുന്നു അത്.

സർവകലാശാലകൾ അധികാരകേന്ദ്രങ്ങളുടെ ചട്ടുകമാകരുതെന്ന ആ ജാഗ്രത ഫലംകണ്ടത് രണ്ടുപതിറ്റാണ്ടിനുശേഷമാണ്. 1957-ൽ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച ചരിത്രപ്രസിദ്ധമായ ബില്ലിലൂടെ തിരുവിതാംകൂർ സർവകലാശാല, കേരളമാകെ അധികാരപരിധിയുള്ള ‘കേരള സർവകലാശാല’യായി രൂപാന്തരപ്പെട്ടു.

ചൂഷണത്തിനെതിരേ തീർത്ത അക്ഷരമതിലുകൾ

കോർപ്പറേറ്റ് ചൂഷണങ്ങൾക്കും പ്രകൃതിധ്വംസനങ്ങൾക്കും യാഥാസ്ഥിതിക വേർതിരിവുകൾക്കുമെതിരേ വിട്ടുവീഴ്ചയില്ലാതെ കേരള ജനതയോടൊപ്പം നിലകൊണ്ട ജനപക്ഷ മാധ്യമപ്രവർത്തനമായിരുന്നു പ്ലാച്ചിമടയിലെ കോളവിരുദ്ധ സമരവും കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്നവുംതുല്യതയുടെ പുതിയ പാഠം

പ്രസംഗങ്ങളിലും സിദ്ധാന്തങ്ങളിലും മാത്രമൊതുങ്ങുന്ന ലിംഗസമത്വത്തെ സമൂഹത്തിന്റെ അടിത്തട്ടിൽ യാഥാർഥ്യമാക്കാൻ സ്കൂളുകളിൽനിന്നുതന്നെ തുടക്കമിടണമെന്ന കാഴ്ചപ്പാടോടെ 2021-ൽ മാതൃഭൂമി മുന്നോട്ടുവെച്ച ചരിത്രപരമായ കാംെപയിനായിരുന്നു ‘വേണോ ആൺ-പെൺ മതിൽ?’ ബാലുശ്ശേരി ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയപ്പോൾ ഉയർന്നുവന്ന യാഥാസ്ഥിതിക എതിർപ്പുകളെ പത്രം തുറന്നുകാട്ടുകയും പരമ്പരകളിലൂടെയും ചർച്ചകളിലൂടെയും പൊതുസമൂഹത്തിലും ഭരണകൂടത്തിലും ശക്തമായ അനുകൂലവികാരം സൃഷ്ടിക്കുകയും ചെയ്തു.

മായരുത് മലയാളം

മലയാളമില്ലെങ്കിൽ മലയാളിയില്ലെന്ന കാഴ്ചപ്പാടാണ് മാതൃഭൂമിയെ എന്നും നയിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം അതത് പ്രദേശത്തെ നാട്ടുഭാഷകളിലായിരിക്കണമെന്ന് നിർദേശിച്ച് 1933 നവംബർ 24-ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഈ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നു. മലയാളം ഭരണഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് കേരളപ്പിറവിമുതൽതന്നെ ഇടപെട്ടു. കാൽനൂറ്റാണ്ടായിട്ടും ഇത് നടപ്പാക്കാത്തതിനെതിരേ 1984 ജൂലായ് ഒന്നിനിറങ്ങിയ മുഖപ്രസംഗം കടുത്തവിമർശനങ്ങൾ അടങ്ങിയതായിരുന്നു. ‘ഭരണഭാഷാ പ്രഹസനം’ എന്നായിരുന്നു തലക്കെട്ട്. ഒടുവിൽ, 2026 മാർച്ച് നാലിന് മലയാളത്തെ പൂർണ ഔദ്യോഗിക ഭരണഭാഷയാക്കിക്കൊണ്ടുള്ള ‘മലയാളഭാഷാബിൽ-2025’ ഗവർണർ അംഗീകരിച്ചു.

ലിപിപരിഷ്കരണവും അക്ഷരമാലാ സംരക്ഷണവും 

അറുപതുകളുടെ മധ്യത്തിൽ, ലിപിപരിഷ്കരണം വേണമെന്ന ചർച്ചകൾ ഉയർന്നപ്പോൾ എൻ.വി. കൃഷ്ണവാരിയരടക്കമുള്ള ചിന്തകരുടെ ലേഖനങ്ങളിലൂടെ സജീവമായ സംവാദവേദിയൊരുക്കാൻ പത്രം മുന്നിട്ടിറങ്ങി. എന്നാൽ, ഈ മാറ്റങ്ങൾക്കിടയിൽ ഭാഷയുടെ അടിത്തറയായ അക്ഷരമാലതന്നെ 2013-ൽ പാഠപുസ്തകങ്ങളിൽനിന്ന് അപ്രത്യക്ഷമായപ്പോൾ ശക്തമായ പ്രതിരോധംതീർക്കാനും മാതൃഭൂമി മടിച്ചില്ല. പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല പൂർണമായി ഉൾപ്പെടുത്താത്തതിനെതിരേ 2022-ലെ കേരളപ്പിറവി ദിനത്തിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനങ്ങളും പരമ്പരകളും ആഗോളതലത്തിൽ മലയാളി സമൂഹത്തിനിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. 2022-ൽ പഴയ ലിപിയിലേക്ക് ഭാഗികമായി മാറാനും അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനുമുള്ള ചരിത്രപരമായ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.