
‘നീയെന്നെയിങ്ങനെ ഗോസ്റ്റ് ചെയ്യുമെന്നു വിചാരിച്ചോ? പക്ഷേ, ഞാൻ നിന്നെ ഓർബിറ്റ് ചെയ്യുന്നുണ്ടായിരുന്നു’ എന്ന് ജസ്റ്റിൻ പറയുമ്പോൾ, ആഷ്‌ലിയുടെ ഒരു ചോദ്യമുണ്ട്: ‘ഓർബിറ്റോ?, ‘ഇതൊക്കെയല്ലേ നിങ്ങടെ ഇപ്പഴത്തെ ഭാഷ’ എന്നു ജസ്റ്റിൻ. ‘ഞാനങ്ങനെയൊന്നും പറയാറില്ല. ഓരോന്നൊക്കെ നെറ്റീന്നുകണ്ടുപിടിച്ചു വന്നേക്കുവാണ്’ എന്ന് ആഷ്‌ലി. ബത് ലഹേം കുടുംബ യൂണിറ്റ് ന്യൂജെൻകിടാങ്ങളുടെ ഭാഷ വശപ്പെട്ടുകിട്ടാതെ വലയുന്ന മുൻതലമുറക്കാരുടെ പങ്കപ്പാടുകൾ തെളിയുന്നുണ്ട് ജസ്റ്റിനിൽ. ‘ഇന്നു ഭാഷയിതപൂർണമിങ്ങഹോ, വന്നുപോം പിഴയുമർഥശങ്കയാൽ’ എന്ന് നൂറ്റാണ്ടിനപ്പുറത്തുനിന്ന് മഹാകവി കുമാരനാശാൻ പറഞ്ഞത് ഇന്നും എത്രശരി!
പുതിയ കുഞ്ഞുങ്ങളോട് സംസാരിക്കണമെങ്കിൽ അവരുടെ ഭാഷയറിയണമെന്ന് നമ്മുടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പലകുറി ഓർമ്മിപ്പിക്കുന്നതിലും ഇക്കാര്യമടങ്ങിയിരിക്കുന്നു. തലമുറകൾ തമ്മിൽ ഇത്രയ്ക്കുണ്ടായിരുന്നോ കേരളം പിറക്കുന്ന കാലത്ത് ഭാഷാഭേദം? മാതാപിതാക്കൾക്കും മക്കൾക്കും കൊച്ചുമക്കൾക്കും വെവ്വേറെ ഭാഷ? ഇല്ലെന്നാണ് കഥ. എന്നാലും, ‘ആറു മലയാളിക്ക് നൂറു മലയാളം. അര മലയാളിക്കുമൊരു മലയാളം. ഒരു മലയാളിക്കും മലയാളമില്ല’ എന്ന് പണ്ടേ നമ്മുടെ കവി കുഞ്ഞുണ്ണി മാഷ് പറഞ്ഞുവെച്ചതിൽ എല്ലാമടങ്ങിയിരിക്കുന്നു. അതുവെച്ചളന്നാൽ, ന്യൂജെൻ മലയാളം പഠിക്കാൻ പാടുപെടുന്ന പഴഞ്ചൻ മലയാളിയെക്കുറിച്ച് ഖേദിക്കാനൊന്നുമില്ല.
പ്രവാസിമലയാളംമുതൽ ചാനൽമലയാളംവരെ ഇതിനിടയിൽ അടരുകൾ എത്രയെത്ര! ‘ആരോടു കടം മേടിച്ചാലും എവിടെയൊക്കെ ചെന്നു കൂടിക്കഴിഞ്ഞാലും സ്വന്തം വ്യക്തിത്വവും വിശ്വാസവും വിടാതെ ജീവിക്കുന്നതിനു കഴിഞ്ഞിട്ടുള്ള ഒരു ഭാഷയാകുന്നു മലയാളം’ എന്ന് പുത്തേഴത്തു രാമമേനോൻ 1956 നവംബർ ഒന്നിന്, കേരളപ്പിറവി നാളിലിറങ്ങിയ മാതൃഭൂമിപത്രത്തിൽ രേഖപ്പെടുത്തിയത് ഇന്നും എത്ര സത്യം! ഇസ്തിരിവടിവിലുള്ള ഭാഷയ്ക്കപ്പുറം, ജീവനുള്ള പ്രാദേശികമലയാളത്തിന്റെ വകഭേദങ്ങളെ സിനിമയിലെടുത്തതോടെ നെയ്യാറ്റിൻകരയിലെയും മലപ്പുറത്തെയും തളങ്കരയിലെയുമൊക്കെ ജീവിതങ്ങൾ അഭ്രപാളികളിൽ കൂടുതൽ തിളങ്ങി. സാഹിത്യസദസ്സുകളിലും അന്തസ്സോടെ ആ ഭാഷ കയറിയിരിക്കുന്നു; അതിൽ പുരികംചുളിക്കുന്നവർ ഇപ്പോഴുമുണ്ടെങ്കിലും.
Content Highlights: Analyzes the generational gap in Malayalam communication and Gen Z slang., Highlights quotes from Kumaran Asan and Kunjunni Mash regarding language usage., Discusses the richness of regional Malayalam dialects in cinema and literature.
Published: 01 Nov 2026, 09:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented