കൊച്ചി: കേരളത്തിന്റെ പോരാട്ടവീര്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും അടയാളമായ ഉറുമി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിന്റെ ചിഹ്നമാകുന്നു. നാവികസേനയുടെ പുതിയ അന്തർവാഹിനി ആക്രമണ പ്രതിരോധക്കപ്പലായ ‘ഐഎൻഎസ് മാഹി’യുടെ ഔദ്യോഗിക ചിഹ്നത്തിലാണ് ഉറുമി ഇടംപിടിച്ചത്.
സമുദ്രാതിർത്തിയിൽ ശത്രുക്കളിൽനിന്ന് സംരക്ഷണ കവചമൊരുക്കാൻ നാവികസേനയ്ക്ക് കരുത്തുപകരുന്ന ‘മാഹി’യിൽ ഉറുമി വരുന്നത് കേരളത്തിനും അഭിമാനം പകരും. നവംബർ 24-ന് മുംബൈ നേവൽ ഡോക് യാർഡിലാണ് ‘മാഹി’ കമ്മിഷൻ ചെയ്യുന്നത്.
കൊച്ചി കപ്പൽശാല നാവികസേനയ്ക്കായി നിർമിക്കുന്ന എട്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ് ‘മാഹി’. കേരളത്തിന്റെ സാംസ്‌കാരിക-ആയോധന പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യുദ്ധക്കപ്പലിൽ ഉറുമി ഉൾപ്പെടുത്തിയത്.
തിരമാലകളിൽനിന്ന് ഉയർന്നുവരുന്ന ഉറുമിയാണ് യുദ്ധക്കപ്പലിന്റെ ചിഹ്നത്തിലുള്ളത്. ചടുലത, കൃത്യത തുടങ്ങിയവയെയാണ് ഉറുമി പ്രതിനിധാനം ചെയ്യുന്നത്. തീരദേശത്ത് വേഗത്തിൽ പ്രവർത്തിക്കാനും നിർണായകമായി പ്രഹരിക്കാനുമുള്ള കപ്പലിന്റെ കഴിവിനെ കൂടിയാണ് ഉറുമി സൂചിപ്പിക്കുന്നത്.
മലബാർ തീരത്തെ ചരിത്രപ്രസിദ്ധമായ മാഹി പട്ടണത്തിൽനിന്നാണ് കപ്പലിന് ഈ പേര് സ്വീകരിച്ചിരിക്കുന്നത്. 78 മീറ്റർ നീളവും 1,100 ടൺ ഭാരവുമുള്ള കപ്പലിന് 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാകും.
‘സൈലന്റ് ഹണ്ടേഴ്‌സ്’ എന്ന മുദ്രാവാക്യമുള്ള ‘മാഹി’ക്ക് അന്തർവാഹിനികളെ വേട്ടയാടുക, തീരദേശ പട്രോളിങ് നടത്തുക, ഇന്ത്യയുടെ തന്ത്രപ്രധാനമായ സമുദ്ര സമീപനങ്ങൾ സുരക്ഷിതമാക്കുക എന്നിവയാണ് പ്രധാന ദൗത്യങ്ങൾ.
ഡീസൽ എൻജിൻ-വാട്ടർജെറ്റ് സംയോജനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ തദ്ദേശീയ യുദ്ധക്കപ്പലുകളിൽ ഒന്നാണ് ‘മാഹി’.
കടലിനടിയിലെ യുദ്ധശേഷി ശക്തിപ്പെടുത്തുന്നതിനായി ടോർപ്പിഡോകളും അന്തർവാഹിനി വിരുദ്ധ റോക്കറ്റുകളും ഇതിൽ വഹിക്കുന്നുണ്ട്. ഒക്ടോബർ 23-നാണ് കപ്പൽ നാവികസേനയ്ക്ക് കൈമാറിയത്.
Content Highlights: The Urumi's Mighty Return: Kerala's Heritage Adorns Indian Navy's INS Maahi
Published: 19 Nov 2025, 07:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented