മലപ്പുറം: ലോക ഗണിതശാസ്ത്രമേഖലയ്ക്ക് ഇന്ത്യ നല്‍കിയ മഹിതമായ സംഭാവനകള്‍ ഒരു വിദേശചരിത്രകാരനിലൂടെ വീണ്ടും ചര്‍ച്ചയാകുന്നു. പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനും ഇന്‍ഡോളജിസ്റ്റുമായ വില്യം ഡാല്‍റിംപിളിന്റെ ഏറ്റവും പുതിയ പുസ്തകമായ 'ദ ഗോള്‍ഡന്‍ റോഡ്' ആണ് ഭാരതീയര്‍ ഗണിതശാസ്ത്രത്തിന് നല്‍കിയ സംഭാവനകളെ വാഴ്ത്തുന്നത്.
പല ഭൂഖണ്ഡങ്ങളിലും എഴുത്തും വായനയും എത്തുന്നതിനുമുന്‍പുതന്നെ ഇന്ത്യക്കാര്‍ ഗണിത-ജ്യോതിശാസ്ത്രരംഗത്ത് മികച്ച ഗവേഷണങ്ങള്‍ നടത്തിയിരുന്നു. പൗരാണിക ഗണിതശാസ്ത്രഗന്ഥങ്ങള്‍ അതിനു തെളിവാണ്. അത്തരത്തില്‍ പൗരാണിക ഇന്ത്യ ലോകത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് ഡാല്‍റിംപിളിന്റെ പുസ്തകം ചര്‍ച്ച ചെയ്യുന്നത്.
ഗണിതശാസ്ത്രമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ദശാംശസമ്പ്രദായം, ബീജഗണിതം, ത്രികോണമിതി, അല്‍ഗോരിതം, പൂജ്യം ഉള്‍പ്പെടെയുള്ള സംഖ്യാസമ്പ്രദായം തുടങ്ങിയവയെല്ലാം ഇന്ത്യയില്‍ രൂപപ്പെട്ടതാണെന്നും ഇവിടെനിന്ന് മറ്റു നാഗരികതകളിലേക്ക് പ്രചരിച്ചതാണെന്നും ഡാല്‍റിംപിള്‍ സമര്‍ത്ഥിക്കുന്നു. മിക്ക ഗണിത-ജ്യോതിശാസ്ത്രഗ്രന്ഥങ്ങളും ആദ്യം അറബിയിലേക്കും പിന്നീട് ഇതരഭാഷകളിലേക്കും തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. അറബികളിലൂടെയാണ് ഇന്ത്യന്‍ ഗണിതരീതികള്‍ ലോകമാകെ പ്രചരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഗോളങ്ങളുടെ സഞ്ചാരപാതയും 'പൈ'യുടെ മൂല്യവും ഭൂഗോളത്തിന്റെ ചുറ്റളവുമെല്ലാം കണ്ടെത്തിയ ആര്യഭട്ടന്‍, 90 ഡിഗ്രിക്ക് മുകളിലുള്ള കോണുകളുടെ സൈന്‍ വില കണ്ടുപിടിക്കാന്‍ സമവാക്യം നിര്‍മിച്ച ഭാസ്‌കരന്‍, പൂജ്യം ഉപയോഗിച്ചുള്ള ക്രിയകള്‍ക്ക് നിയമമുണ്ടാക്കിയ ബ്രഹ്‌മഗുപ്തന്‍ തുടങ്ങി ഒട്ടേറെ ഗണിതപ്രതിഭകള്‍ രൂപപ്പെടുത്തിയതാണ് ആധുനിക ഗണിതശാസ്ത്രം. ആ കണ്ണിയുടെ ഇങ്ങേയറ്റം ശ്രീനിവാസരാമാനുജനിലാണ് അവസാനിക്കുന്നത്.
കേരളത്തിനും അഭിമാനിക്കാം...
ഗണിതശാസ്ത്രജ്ഞരുടെ കാര്യത്തില്‍ കേരളത്തിനും സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. സി.ഇ. 1350-ല്‍ ഇരിഞ്ഞാലക്കുടയില്‍ ജനിച്ച സംഗ്രാമമാധവനാണ് ത്രികോണമിതി, കാല്‍ക്കുലസ്, ജ്യാമിതി സിദ്ധാന്തങ്ങളില്‍ വിപ്ലവമുണ്ടാക്കിയത്. എട്ടാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരില്‍ വാനനിരീക്ഷണനിലയം സ്ഥാപിച്ചയാളാണ് ശങ്കരനാരായണന്‍. ആര്യഭടീയത്തെ അടിസ്ഥാനമാക്കി 'ദൃഗ്ഗണിതം' രചിച്ച വടശ്ശേരി പരമേശ്വരന്‍ പൊന്നാനി ആലത്തൂര്‍ സ്വദേശിയായിരുന്നു.
ഗ്രഹ-നക്ഷത്രഗണനയ്ക്ക് കൃത്യതയുണ്ടാക്കിയത് അദ്ദേഹമാണ്. നക്ഷത്രനിരീക്ഷണത്തില്‍ വലിയ സംഭാവന നല്‍കിയ 'പരഹിതപദ്ധതി' ആവിഷ്‌കരിച്ച ഹരിദത്തന്‍ സി.ഇ. 650-ല്‍ തിരുനാവായയിലാണ് ജനിച്ചത്. സി.ഇ. 1444-ല്‍ തിരൂര്‍ തൃക്കണ്ടിയൂരില്‍ ജനിച്ച നീലകണ്ഠസോമയാജി ജിയോമെട്രിക്കല്‍ പ്രോഗ്രഷന്റെ തുക കാണാനുള്ള സൂത്രവാക്യം രാജ്യത്ത് ആദ്യമായി കൊണ്ടുവന്നു. 'പൈ' ഒരു അഭിന്നകസംഖ്യയാണെന്ന് 1671-ല്‍ ലാംബെര്‍ട്ട് കണ്ടെത്തുംമുന്‍പേ സോമയാജി 'ആര്യഭടീയഭാഷ്യ'ത്തില്‍ അത് പറഞ്ഞിരുന്നു.
ആലത്തൂരില്‍ത്തന്നെ ജനിച്ച ജ്യേഷ്ഠദേവന്‍ യുക്തിഭാഷ, ദൃക്കരണം എന്നീ ഗണിതഗ്രന്ഥങ്ങള്‍ രചിച്ചു. ഗ്രഹസ്ഫുടഗണനം പ്രതിപാദിക്കുന്ന 'ഗോളദീപിക'യടക്കമുള്ള ഗ്രന്ഥങ്ങള്‍ രചിച്ചയാളായിരുന്നു തൃക്കണ്ടിയൂരില്‍ ജനിച്ച അച്യുത പിഷാരടി. 1660-ല്‍ തൃശ്ശൂരില്‍ ജനിച്ച പുതുമന സോമയാജി ജ്യോതിശാസ്ത്രത്തെപ്പറ്റി 'കരണപദ്ധതി' എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. 'നാരായണീയം' രചിച്ച മേല്‍പുത്തൂര്‍ നാരായണഭട്ടതിരിപോലും അറിയപ്പെടുന്ന ഒരു ഗണിതശാസ്ത്രപണ്ഡിതനായിരുന്നു എന്നറിയുന്നവര്‍ കുറവാണ്.
Content Highlights: Indias Golden Age of Mathematics- National mathematics day
Published: 22 Dec 2024, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented