ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് കടുത്ത മത്സരം നടക്കുന്ന മേഖലയാണ് ഗണിതശാസ്ത്രം. നേവിയർ സ്റ്റോക്സ് എന്ന മില്ലേനിയം ചലഞ്ച് പരിഹരിച്ചുവെന്ന ഓപ്പൺ എഐയുടെ പ്രഖ്യാപനം അടുത്തിടെയാണ് വന്നത്. ആന്ത്രോപിക്കും ഗണിതത്തിൽ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോഴതാ ഗണിതശാസ്ത്രത്തിന്മേലുള്ള അമേരിക്കൻ എഐ മോഡലുകളുടെ ശേഷിയെ വെല്ലുവിളിക്കാനുള്ള നീക്കവുമായി വരികയാണ് ചൈന. ആയിരത്തിലേറെ ഗണിതശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അവരുടെ ഗവേഷണങ്ങളിൽ ഉൾപെടുത്താനാണ് ചൈന ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി ഗണിതശാസ്ത്രത്തിലെ 'നോബൽ സമ്മാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫീൽഡ്സ് മെഡൽ ജേതാവായ ഷിംഗ്-ടങ് യാവിന്റെ നേതൃത്വത്തിൽ "ദി യാവ് ലബോറട്ടറി അലയൻസ് ഫോർ മാത്തമാറ്റിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്" എന്ന പേരിൽ ഒരു കൂട്ടായ്മയ്ക്ക് തുടക്കമിട്ടു. 1,000-ത്തിലധികം ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വലിയ ശൃംഖല നിർമ്മിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഓപ്പൺ എഐ അടുത്തിടെ നിരവധി ഗണിതശാസ്ത്ര പ്രശ്നങ്ങൾ എഐ ഉപയോഗിച്ച് പരിഹരിച്ചതിനെത്തുടർന്നാണ് ചൈന ഇത്തരമൊരു നീക്കം ശക്തമാക്കിയത്. എഐ ഗവേഷണ ശേഷിയിൽ യുഎസിലെ മുൻനിര കമ്പനികളുമായുള്ള അന്തരം ഇല്ലാതാക്കാനാണ് ചൈനയുടെ ശ്രമം. ഗണിതശാസ്ത്രത്തിൽ എഐയുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ഈ ഗണിതശാസ്ത്രജ്ഞർ സഹകരിക്കും.
എഐ സാങ്കേതികവിദ്യയെ അവഗണിക്കുന്നതിന് പകരം, ചൈനീസ് ഗണിതശാസ്ത്രജ്ഞർ ഈ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുകയും അതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഷിംഗ്-ടങ് യാവ് പറയുന്നു.
മുൻനിര ശാസ്ത്ര ഗവേഷണങ്ങളിൽ എഐ ഉപയോഗിക്കുന്ന കാര്യത്തിൽ അമേരിക്കയും ചൈനയും തമ്മിൽ വലിയൊരു വിടവുണ്ടെന്നും, അത് നികത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഗണിതശാസ്ത്രത്തിലെ എഐയുടെ വളർച്ചയെ അദ്ദേഹം ഒരു "സുനാമി"യോടാണ് താരതമ്യം ചെയ്തത്.
അതേസമയം ഗണിതശാസ്ത്രത്തിലെ എഐ ഉപയോഗത്തിനെതിരെ യുഎസിലെ ഗണിതശാസ്ത്രജ്ഞർക്കിടയിൽ പ്രതിഷേധം ശക്തമാണ്. ഓപ്പൺ എഐയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് നിർത്തിവെക്കാൻ ആഹ്വാനം ചെയ്ത് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഹ്യൂമൻ മാത്തമാറ്റിക്സ് എന്ന സംഘടന രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയിൽ എഐയെ ഗണിതത്തിൽ മുന്നേറാൻ സഹായിക്കാൻ പുരസ്കാര ജേതാവായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തുവന്നിരിക്കുന്നത്.
Content Highlights: Fields Medalist Shing-Tung Yau is leading a new alliance of over 1,000 Chinese mathematicians to integrate artificial intelligence into advanced research and close the AI gap with the United States.
Published: 14 Oct 2026, 11:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented