
കരുനാഗപ്പള്ളി: പുതിയകാവിനുസമീപം അനധികൃത പഞ്ഞിമിഠായി (ബോംബെ മിഠായി) നിര്‍മാണകേന്ദ്രം ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു. മിഠായിക്ക് നിറംനല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഇവിടെനിന്നു കണ്ടെത്തി.
പുതിയകാവിനു വടക്കുഭാഗത്ത് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന പഴയ കെട്ടിടത്തില്‍ ബുധനാഴ്ച രാവിലെ ഏഴോടെയാണ് ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ്സ് പരിശോധന നടത്തിയത്. അഞ്ചു ചെറിയ മുറികളിലായി താമസിച്ചിരുന്ന ഇരുപതോളം അതിഥിത്തൊഴിലാളികളാണ് പഞ്ഞിമിഠായി നിര്‍മിച്ചിരുന്നത്.
ഭക്ഷ്യസുരക്ഷാവിഭാഗം എത്തുമ്പോള്‍ ഇവിടെ മിഠായി നിര്‍മാണം നടക്കുകയായിരുന്നു. തികച്ചും വൃത്തിഹീനമായ ചുറ്റുപാടിലാണ് മിഠായി നിര്‍മിച്ചിരുന്നത്. മിഠായി നിര്‍മിക്കുന്ന മുറിക്കുസമീപം കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്നുണ്ടായിരുന്നു. പഴകിയ വസ്ത്രങ്ങളും ആഹാരവസ്തുക്കളും മറ്റും തൊട്ടടുത്തായി കൂട്ടിയിട്ടിരുന്നു. ഇതിനിടയിലാണ് മിഠായിനിര്‍മാണവും നടന്നിരുന്നത്.
റോഡമിന്‍ എന്ന രാസവസ്തു ഉപയോഗിച്ചായിരുന്നു മിഠായി നിര്‍മിച്ചിരുന്നത്. റോഡമിന്റെ സാമ്പിളും ഇവിടെനിന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ശേഖരിച്ചു. ആയിരത്തോളം കവര്‍ പഞ്ഞിമിഠായിയും പിടിച്ചെടുത്ത് നശിപ്പിച്ചു. മിഠായി നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന അഞ്ച് മെഷീനുകളും കണ്ടെടുത്തു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു മിഠായിനിര്‍മാണം. ഈ കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതിയും ഉണ്ടായിരുന്നില്ല. മിഠായിയുടെയും രാസവസ്തുക്കളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലംവരുന്നമുറയ്ക്ക് തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെട്ടിട ഉടമ സക്കീര്‍ ഹുസൈന്റെയും ഇരുപതോളം അതിഥിത്തൊഴിലാളികളുടെയും പേരില്‍ കേസെടുത്തിട്ടുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഉത്സവസ്ഥലങ്ങളിലും ബീച്ചുകളിലും മറ്റുമാണ് ഇവിടെനിന്നുള്ള തൊഴിലാളികള്‍ പഞ്ഞിമിഠായി വില്‍പ്പന നടത്തിയിരുന്നത്. ഭക്ഷ്യസുരക്ഷാ ടാസ്‌ക്‌ഫോഴ്സ് ഡെപ്യൂട്ടി കമ്മിഷണര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.അജി, സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സക്കീര്‍ ഹുസൈന്‍, ഭക്ഷ്യസുരക്ഷാ കരുനാഗപ്പള്ളി ഓഫീസര്‍ ചിത്ര മുരളി, ചവറ ഓഫീസര്‍ ഷീന ഐ.നായര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
ആകര്‍ഷകമായ നിറം, ലക്ഷ്യം കുട്ടികള്‍
:ബീച്ചുകളിലും ഉത്സവസ്ഥലങ്ങളിലും കുട്ടികളെ ആകര്‍ഷിക്കുന്ന മിഠായിയാണ് ബോബെ മിഠായി എന്നു പറയപ്പെടുന്ന പഞ്ഞിമിഠായി. പഞ്ചസാര ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ആകര്‍ഷകമാക്കാന്‍ ഇവയ്ക്ക് പല നിറങ്ങളും നല്‍കും. ഇത്തരത്തില്‍ നിറം നല്‍കുന്നതിനാണ് റോഡമിന്‍ എന്ന രാസവസ്തു ഉപയോഗിക്കുന്നത്. തഴപ്പായയ്ക്കും തുണികള്‍ക്കും നിറംനല്‍കുന്നതിനാണ് റോഡമിന്‍ ഉപയോഗിക്കുന്നത്. ഇത് ആഹാരവസ്തുക്കളില്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. പഞ്ഞിമിഠായിയില്‍ നിറംചേര്‍ത്ത് വില്‍ക്കുന്നതിനും നിരോധനമുണ്ട്.
Content Highlights: cotton candy, illegal food factory, harmful chemicals, kollam
Published: 09 Feb 2023, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented