
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന മലയാളി വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ട്രെയിനിലെ പാൻട്രിയിൽ നിന്നുള്ള ഭക്ഷണമാണ് വിദ്യാർഥികൾ കഴിച്ചിരുന്നത്. കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്ന് മധ്യപ്രദേശിലെ ഖാണ്ഡ്വ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടു. ഡോക്ടർമാർ എത്തി പരിശോധിച്ചതിന് ശേഷമാണ് യാത്ര തുടർന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഓഗസ്ത് 28 വെള്ളിയാഴ്ച രാവിലെ നിസാമുദ്ദീനിൽ നിന്ന് പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിൻ (12618) ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് എറണാകുളത്ത് എത്തുക.
തൃശൂരിൽ നിന്നുള്ള സ്കൂൾ യാത്രാസംഘത്തിലെ നാൽപതോളം കുട്ടികൾക്കാണ് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്. എസ്2, എസ്3 കോച്ചുകളിലാണ് ഇവർ യാത്ര ചെയ്യുന്നത്. 80 വിദ്യാർഥികളും പത്ത് അധ്യാപകരുമാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. ഇറ്റാർസി സ്റ്റേഷൻ പിന്നിട്ട ശേഷമാണ് പല കുട്ടികൾക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയത്. ഇതോടെ ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്കൂൾ അധികൃതരും ഉടൻ തന്നെ റെയിൽവേ ജീവനക്കാരെയും റെയിൽവേ ഹെൽപ് ലൈനിലും വിവരം അറിയിച്ചു. യാത്രയിലുടനീളം ട്രെയിനിലെ പാൻട്രി കാറിൽ നിന്നുള്ള ഭക്ഷണമാണ് വിദ്യാർത്ഥികൾ കഴിച്ചിരുന്നത്. ഇറ്റാർസി സ്റ്റേഷന് സമീപത്തു വെച്ച് കഴിച്ച ഭക്ഷണത്തിന് പിന്നാലെ കുട്ടികൾക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ മധ്യപ്രദേശിലെ ഖാണ്ഡ്വ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ അധികൃതർ മുൻകൂട്ടി മെഡിക്കൽ ടീമിനെ സജ്ജമാക്കി നിർത്തുകയായിരുന്നു.
വെള്ളി രാത്രി ഒൻപതരയോടെ ട്രെയിൻ ഖണ്ഡ്വ സ്റ്റേഷനിൽ കുട്ടികളെ പുറത്തിറക്കി അടിയന്തര പ്രാഥമിക ചികിത്സ നൽകി. കുട്ടികളുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം 40 മിനിറ്റോളം വൈകി ട്രെയിൻ യാത്ര തുടർന്നു. മുൻകരുതൽ എന്ന നിലയിൽ റെയിൽവേയുടെ പ്രത്യേക മെഡിക്കൽ ടീം ഖാണ്ട്വയിൽ നിന്ന് ഭുസാവൽ സ്റ്റേഷൻ വരെ ട്രെയിനിൽ വിദ്യാർഥികൾക്കൊപ്പം യാത്ര ചെയ്തു. അപകടനില തരണം ചെയ്ത കുട്ടികളെല്ലാം നിലവിൽ സുരക്ഷിതരായി യാത്ര തുടരുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഈ ട്രെയിൻ ശനിയാഴ്ച രാത്രി രണ്ട് മണിക്ക് ശേഷമായിരിക്കും കേരളത്തിന്റെ അതിർത്തി കടക്കുക എന്നാണ് ഷെഡ്യൂൾ വിവരം. കുട്ടികളെല്ലാം പതിനഞ്ചിനും പതിനെട്ടിയും ഇടയിൽ പ്രായമുള്ളവരാണ്. തൃശൂരിലെ ഏത് സ്കൂളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് വ്യക്തമല്ല. കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയതെന്നാണ് സംശയം.
Content Highlights: Around 50 Kerala students from Thrissur suffered food poisoning on Mangala Express., The suspected cause was expired food served from the train pantry car., Train stopped at Khandwa station in Madhya Pradesh for emergency medical attention., A special medical team accompanied the students from Khandwa to Bhusaval station., All affected students are safe and continuing their journey toward Kerala.
Published: 29 Aug 2026, 09:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented